പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

രാജ്യത്ത് പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ.
വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വീർപ്പുമുട്ടുന്ന സാധാരണക്കാരന്റെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. ജനങ്ങളെ കൊള്ളയടിച്ച് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന ഈ അന്യായ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെടുകയും ചെയ്തു.
അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാതിരുന്ന കേന്ദ്ര സർക്കാർ, ഇപ്പോൾ എണ്ണക്കമ്പനികളുടെ നഷ്ടം മറയാക്കി പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. തെറ്റായ നയങ്ങൾ മൂലം ഉണ്ടായ പാചകവാതക ക്ഷാമവും വൻ വിലവർധനവും ഇതിനകം ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇന്ധനവില വർദ്ധന നിത്യോപയോഗ സാധനങ്ങളുടെ വിലയും ഗതാഗതച്ചെലവും വീണ്ടും കുതിച്ചുയരാനായി ഇടയാക്കുകയും ചെയ്യും. ഇതിന്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുക തൊഴിലാളികളും കർഷകരും ഇടത്തരം കുടുംബങ്ങളുമാകും.
ജനങ്ങൾക്ക് ആശ്വാസം നൽകേണ്ട സർക്കാർ, വീണ്ടും വിലവർധനയുടെ ഭാരം അടിച്ചേൽപ്പിക്കുകയാണ്. ശരിയായ ഭരണനയങ്ങളിലൂടെയും ഫലപ്രദമായ ഇടപെടലുകളിലൂടെയും ജനങ്ങളെ സഹായിക്കേണ്ട സമയത്ത് ഇത്തരത്തിലുള്ള നടപടികൾ ഒരുവിധ ന്യായീകരണവും അർഹിക്കുന്നില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർക്കുകയുണ്ടായി.
"
https://www.facebook.com/Malayalivartha



























