രമേശ് ചെന്നിത്തലയുടെ വീട്ടിൽ സംസ്ഥാന പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥർ ക്യൂ നിൽക്കുന്നു... ചിലർ പഴയ പരിചയം പുതുക്കുന്നു..ചുരുക്കത്തിൽ രമേശ് ചെന്നിത്തലയുടെ ഗേറ്റ് തുറന്നിടാൻ കഴിയാത്ത തരത്തിലാണ് അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങൾ...

തിരുവനന്തപുരം വഴുതക്കാടുള്ള രമേശ് ചെന്നിത്തലയുടെ വീട്ടിൽ സംസ്ഥാന പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥർ ക്യൂ നിൽക്കുന്നു. ചിലർ പഴയ പരിചയം പുതുക്കുന്നു. ചെന്നിത്തലയുടെ വിശ്വസ്തരെ കണ്ടെത്തി ശുപാർശ ചെയ്യാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്. ചുരുക്കത്തിൽ രമേശ് ചെന്നിത്തലയുടെ ഗേറ്റ് തുറന്നിടാൻ കഴിയാത്ത തരത്തിലാണ് അദ്ദേഹത്തിന്റെ സ്റ്റാഫ് അംഗങ്ങൾ. ചെന്നിത്തല ആഭ്യന്തര മന്ത്രിയാകുമെന്ന വിശ്വാസത്തിലാണ് ഉന്നത ഉദ്യോഗസ്ഥർ ഇറങ്ങികയറുന്നത്. ഇതിൽ പലരും ഇന്നലെ വരെ പിണറായിയുടെ വിശ്വസ്തരായിരുന്നു. ഭരണമാറ്റത്തിനു പിന്നാലെ പൊലീസ് തലപ്പത്തും താഴേത്തട്ടിലും വന്‍മാറ്റത്തിനുള്ള കളമൊരുങ്ങുന്നു. അടിമുടി മാറ്റമുണ്ടാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കസേര ഉറപ്പിക്കാനുള്ള ചരടുവലികളും സജീവമായി.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെത്തുമെന്നതിന്റെ അടിസ്ഥാനത്തില്‍പൊലീസ് തലപ്പത്തെ നിയമനങ്ങളിലും മാറ്റമുണ്ടാകുമെന്നാണു സൂചന. ആഭ്യന്തര മന്ത്രി പ്രത്യേകമുണ്ടായാൽ അതും പരിഗണിക്കേണ്ടി വരും. യുഡിഎഫ് സർക്കാർ അധികാരമേറ്റെടുക്കുന്നതോടെ പൊലീസിലും വലിയ മാറ്റങ്ങൾക്കാണ് വഴിയൊരുങ്ങുന്നത്. പിണറായി വിജയൻ സർക്കാറിന്റെ കാലത്ത് അപ്രധാന തസ്തികകളിലേക്ക് മാറ്റപ്പെട്ട യോഗേഷ് ഗുപ്ത പ്രധാനപ്പെട്ട ചുതലയിലേക്ക് എത്തുമെന്ന് ഉറപ്പായിട്ടുണ്ട്. വിജിലൻസ് ഡയറക്ടർ ഉൾപ്പെടെയുള്ള പദവികളിലും മാറ്റമുണ്ടാകും. യോഗേഷ് വന്നാൽ പിണറായിയുടെ കള്ളകളികൾ വലിച്ചുപുറത്തിടാൻ സാധ്യതയുണ്ട്. അടുത്തമാസം 30ന് ചീഫ് സെക്രട്ടറിയായി വിരമിക്കുന്ന ജയതിലകിനു പകരം കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ മനോജ് ജോഷിയെ ചീഫ് സെക്രട്ടറിയാക്കണം എന്നാണ് പുതിയ സർക്കാരിന്റെ ആലോചന..
നിലവിലെ ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് ചീഫ് സെക്രട്ടറിയാവേണ്ടത്. എന്നാൽ അദ്ദേഹത്തോട് യുഡിഎഫ് സർക്കാരിന് താല്പര്യക്കുറവുണ്ട് . സിൻഹയെ ആഭ്യന്തര സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റാനും സാധ്യതയുണ്ട്. കെഎം അബ്രഹാമിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലെ ഫയലുകൾ മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ സിബിഐക്ക് കൈമാറിയതിനെ തുടർന്നാണ് വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് യോഗേഷിനെ മാറ്റിയത്. വിജിലൻസ് ഡയറക്ടറായി ഗുപ്ത മടങ്ങിയെത്തുമെന്ന സൂചനയുമായി ബി അശോക് ഐഎഎസ് കാരുടെ ഗ്രൂപ്പിൽ കമൻറ് ഇട്ടു. ഇൻറലിജൻസിൽ നിന്നും പി വിജയൻ ക്രമസമാധാന ചുമതലയിൽ എത്തിയേക്കും. ഇന്റലിജൻസിലേക്ക് ദിനേന്ദ്ര കശ്യപ് എത്തിയേക്കും. എം.ആർ അജിത് കുമാറിന് ഏതുസീറ്റ് നൽകുമെന്ന് വ്യക്തമല്ല.
എൽഡിഎഫ് സർക്കാരിനറെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതൃത്വവുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് പ്രധാന പദവികളിൽ നിന്ന് മാറ്റി നിർത്തപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥർ ഏറെയാണ്. അതിൽ പ്രധാനപ്പെട്ട ഓഫീസറാണ് യോഗേഷ് ഗുപ്ത. വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ യോഗേഷ് ഗുപ്തയെ പിന്നീട് സുപ്രധാന ചുമതലകളിലേയ്ക്ക് കൊണ്ടുവന്നില്ല.. മാത്രമല്ല കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകാനുള്ള ഗേഷ് ഗുപ്തയുടെ നീക്കത്തിന് പരമാവധി തടയിടാനും സർക്കാർ ശ്രമിച്ചു. നിലവിൽ കേന്ദ്ര നിയമനം ലഭിക്കാത്ത സാഹചര്യത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുന്നതോടെ പ്രധാനപ്പെട്ട ചുമതലയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ സർക്കാരിനറെ കാലത്ത് ഏറെ ആരോപണം നേരിട്ട ഉദ്യോഗസ്ഥനാണ് എഡിജിപി എം.ആർ അജിത് കുമാർ.
പരമാവധി സംരക്ഷിച്ചെങ്കിലും പിന്നീട് അജിത് കുമാറിനെ പിണറായി വിജയന് കൈയ്യൊഴിയേണ്ടി വന്നു.സർക്കാരിന്‍റെ നീക്കം അജിത് കുമാറിനും നിർണായകമാണ്.ജില്ലാ പൊലീസ് മേധാവിമാരെ ഉള്‍പ്പടെ വൈകാതെ തന്നെ മാറ്റുന്ന നടപടികളിലേയ്ക്കും കടക്കും. കോണ്‍ഗ്രസിനോട് ആഭിമുഖ്യം പുലർത്തിയ പൊലീസുകാരെ പലരെയും തിരുവനന്തപുരം ജില്ലയിൽ നിന്ന് സ്ഥലം മാറ്റിയിരുന്നു. ഇവരിൽ ചിലർ ഇപ്പോള്‍ തിരിച്ചെത്തിയിട്ടുണ്ട്. സിപിഎം അനുകൂലികളായ പൊലീസുകാർക്കും വൈകാതെ കൂട്ടത്തോടെയുള്ള സ്ഥലം മാറ്റം പ്രതീക്ഷിക്കുന്നുണ്ട്.നിലവിലെ പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറിന് 15 മാസത്തേക്കു കൂടി സര്‍വീസുണ്ട്. പൊലീസ് മേധാവി സ്ഥാനത്തു നിയമിതനായാല്‍ രണ്ടു വര്‍ഷത്തേക്കു സര്‍വീസ് നല്‍കണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. ആ സാഹചര്യത്തില്‍ റാവാഡ ഒഴിയുന്ന 2027 ജൂലൈയിലാവും യുഡിഎഫ് സര്‍ക്കാരിനു പുതിയ പൊലീസ് മേധാവിയെ നിയമിക്കാന്‍ കഴിയുക.
യോഗേഷ് ഗുപ്തയും മനോജ് ഏബ്രഹാമുമാണ് സീനിയോറിറ്റി പ്രകാരം പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുക.ഇടതുസര്‍ക്കാരിന്റെ കാലത്തു വിവാദങ്ങളില്‍പെട്ട എം.ആര്‍.അജിത്കുമാറും പട്ടികയിലുണ്ട്. യോഗേഷ് ഗുപ്തയ്ക്ക് നാലു വര്‍ഷവും മനോജ് ഏബ്രഹാമിന് 5 വര്‍ഷവും സര്‍വീസുണ്ട്. പുതിയ സര്‍ക്കാര്‍ വരുന്നതോടെ എഡിജിപി മുതല്‍ എസ്‌ഐ വരെ സമഗ്രമായ അഴിച്ചുപണി ഉണ്ടാകും. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എച്ച്.വെങ്കടേഷിനു സ്ഥാനചലനമുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. പി.വിജയനോ ദിനേന്ദ്ര കശ്യപിനോടു പകരം ചുമതല നല്‍കും. പി.വിജയന്‍ പരിഗണിക്കപ്പെട്ടാല്‍ ദിനേന്ദ്ര കശ്യപ് ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് എത്തിയേക്കും. ജയില്‍മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്ക്കും സ്ഥാനമാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്.അതിനൊപ്പം ഇടത് അനുകൂല ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്ന് കോണ്‍ഗ്രസ് അനുകൂല പൊലീസ് സംഘടനകള്‍ ശക്തമായ സമ്മര്‍ദം ആരംഭിച്ചു കഴിഞ്ഞു.
സ്ഥലം മാറ്റേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മുൻ ഭരണകാലത്തു മറ്റു ജില്ലകളിലേക്ക് അകാരണമായി മാറ്റിയ ഉദ്യോഗസ്ഥരെ തിരികെ നിയമിക്കണമെന്നും വലത് സംഘടന നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.പത്തു വര്‍ഷമായി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സ്‌പെഷല്‍ ബ്രാഞ്ചിലും ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലും ക്യാംപുകളിലും മറ്റുമായി സ്ഥിരമായി ജോലി ചെയ്യുന്ന ഇടത് അനുകൂല ഉദ്യോഗസ്ഥരുടെ പട്ടികയാണ് തയാറാക്കിയിരിക്കുന്നത്. ഇവരെ കൂട്ടത്തോടെ ലോക്കല്‍ സ്‌റ്റേഷനുകളിലേക്കു മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്.ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ പ്രധാന ഇടങ്ങളിലെ റൈറ്റർ, അസിസ്റ്റന്റ് റൈറ്റർ എന്നീ തസ്തകയിലുള്ളവരെ മാറ്റിക്കഴിഞ്ഞു. എആർ ക്യാംപ്, കൺട്രോൾ റൂം, ട്രാഫിക്, കമ്മിഷണർ ഓഫിസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്.
പ്രധാനമായും ഇടതു അനുകൂല സംഘടനയിലെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്.പകരം വലത് അനുകൂല ഉദ്യോഗസ്ഥരെ നിയമിക്കുകയായിരുന്നു.സംസ്ഥാന സർക്കാർ നൽകിയ ക്ലിയറൻസ് സർട്ടിഫിക്കറ്റിലെ പ്രതികൂല പരാമർശം പൂർണമായി അവഗണിച്ച് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ യോഗേഷ് ഗുപ്തയെ കേന്ദ്ര ഡെപ്യൂട്ടേഷനുള്ള ഡിജിപി പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അപ്പോയിന്റ്മെന്റ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഡിജിപിയായി എംപാനൽ ചെയ്യപ്പെട്ടതോടെ യോഗേഷ് ഗുപ്ത കേന്ദ്ര അന്വേഷണ ഏജൻസികളിലൊന്നിന്റെ മേധാവിയാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവി പദവികളിൽ ഈ വർഷം ഒഴിവ് വരുന്നുണ്ട്. യോഗേഷിന്റെ കേന്ദ്ര ഡെപ്യൂട്ടേഷനുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ സംസ്ഥാന സർക്കാർ വിസമ്മതിച്ചത് വിവാദമായിരുന്നു. യോഗേഷ് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ക്ലിയറൻസ് നൽകാൻ സർക്കാർ തയാറായത്.
യോഗേഷിനെതിരെ പ്രതികൂല പരാമർശം ഉൾപ്പെടുത്തിയാണ് സർക്കാർ ക്ലിയറൻസ് നൽകിയത്.കേന്ദ്രത്തിൽ നിയമനം ലഭിക്കുന്നതിനാവശ്യമായ വിജിലൻസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തടഞ്ഞുവച്ചതിന് സംസ്ഥാന സർക്കാരിനെതിരെ നിയമപോരാട്ടത്തിനിറങ്ങിയ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ യോഗേഷ് ഗുപ്തയ്ക്കു കഴിഞ്ഞ 3 വർഷത്തിനിടെ ലഭിച്ചത് 7 സ്ഥലംമാറ്റമാണ് . അതിൽ ഏറ്റവും ഒടുവിലത്തേതാണ് റോഡ് സുരക്ഷാ കമ്മിഷണറാക്കിയ ഉത്തരവ്. 2022ൽ കേന്ദ്ര ഡപ്യൂട്ടേഷനിൽ നിന്നു കേരളത്തിലെത്തിയ യോഗേഷിന് ബവ്റിജസ് കോർപറേഷൻ എംഡി ആയിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് പൊലീസ് പരിശീലന വിഭാഗം അഡിഷനൽ ഡയറക്ടർ ജനറലാക്കി. പൊലീസ് അക്കാദമി ഡയറക്ടർ, സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ എഡിജിപി, ബവ്റിജസ് കോർപറേഷൻ എംഡി, വിജിലൻസ് മേധാവി, അഗ്നിരക്ഷാസേനാ മേധാവി എന്നിവിടങ്ങളിലേക്കായിരുന്നു പിന്നീടുള്ള മാറ്റങ്ങൾ.
സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ഒരു പദവിയിൽ ചുരുങ്ങിയത് 2 വർഷ കാലാവധി നൽകണമെന്നാണു സുപ്രീം കോടതി വ്യവസ്ഥ. ഇതു പാലിക്കാതെയുള്ള സ്ഥലംമാറ്റങ്ങൾക്ക് സിവിൽ സർവീസസ് ബോർഡിന്റെ അനുമതി വേണമെന്നാണു ചട്ടമെങ്കിലും സർക്കാർ അതു നടപ്പാക്കുന്നില്ല.സർക്കാരിനെതിരെ നിയമപോരാട്ടത്തിനിറങ്ങിയ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോകിനെ കഴിഞ്ഞ 9 മാസത്തിനിടെ 3 തവണയാണ് സ്ഥലംമാറ്റി ഉത്തരവിറക്കിയത്. സ്ഥലംമാറ്റങ്ങൾ ചട്ടങ്ങൾ ലംഘിച്ചാണെന്നു കാട്ടി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച അശോക്, മൂന്നിലും സ്റ്റേ നേടി. കേരളം വിട്ട് കേന്ദ്ര സർക്കാരിനു കീഴിലുള്ള പദവിയിലേക്കു മാറാൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോടുൾപ്പെടെ യോഗേഷ് ആവശ്യപ്പെട്ടിട്ടും സർക്കാർ ഇനിയും അംഗീകരിച്ചിട്ടില്ല. ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരെ യോഗേഷ് സമർപ്പിച്ച ഹർജി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധി പറയാൻ മാറ്റിയിരിക്കെയാണ് പുതിയ സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത്, സുരക്ഷാ ഭീഷണിയുടെ പേരിൽ സിപിഎം നേതാക്കൾക്കു വാരിക്കോരി അനുവദിച്ച ഗൺമാൻമാരെ വൈകാതെ സർക്കാർ തിരിച്ചുവിളിക്കും. ഇതിനായി ഗൺമാൻമാരുടെ എണ്ണം സംബന്ധിച്ച കണക്കുകൾ പൊലീസ് ആസ്ഥാനത്തു ശേഖരിച്ചു. സിപിഎം നേതാക്കളായ ഇ.പി.ജയരാജനും പി.ജയരാജനും കടകംപള്ളി സുരേന്ദ്രനും നിലവിൽ 2 ഗൺമാൻമാർ വീതമുണ്ട്. ഇതിൽ പി.ജയരാജനു മാത്രമാണു സുരക്ഷാ ഭീഷണിയുള്ളത്. തിരുവനന്തപുരം കോർപറേഷനിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരു സിപിഎം കൗൺസിലർക്കു പോലും വ്യക്തമായ കാരണങ്ങളില്ലാതെ ഗൺമാനെ അനുവദിച്ചിരുന്നു.പലർക്കായി അഞ്ഞൂറോളം ഗൺമാൻമാരെ അനുവദിച്ചിട്ടുണ്ടന്നാണു പ്രാഥമിക കണക്ക്. കാവൽ മുഖ്യമന്ത്രി പിണറായി വിജയന് സെഡ് കാറ്റഗറി സുരക്ഷയുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഉപയോഗിക്കുന്നില്ല.
എന്നാൽ, അദ്ദേഹത്തിന്റെ സുരക്ഷാ ഡ്യൂട്ടിയുള്ളവർ തിരികെ പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നിശ്ചയിക്കുന്നതിനു മുൻപു തന്നെ അവരുടെ ഗൺമാൻമാരായി പൊലീസിലെ അടുപ്പക്കാർക്കു നിയമനം തേടി വിവിധ കോൺഗ്രസ് നേതാക്കൾ സമ്മർദം തുടങ്ങി.പുതിയ സർക്കാർ അധികാരമേൽക്കും മുൻപ് വി. ഡി.സതീശനും രമേശ് ചെന്നിത്തലയ്ക്കും പൈലറ്റും എസ്കോർട്ടും പൊലീസ് അനുവദിച്ചു. എന്നാൽ, ഇരുവരും പൊലീസും എസ്കോർട്ടും തിരിച്ചയച്ചു. ആരു മുഖ്യമന്ത്രിയാകുമെന്നു പൊലീസിനും വ്യക്തതയില്ലാത്തതിനാലാണ് ഇരുവർക്കും പൈലറ്റും എസ്കോർട്ടും അനുവദിക്കാൻ തീരുമാനിച്ചത്. ഇതിനു പുറമെ നേതാക്കളെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യവുമുണ്ട്. എന്നാൽ സതീശന്റെ വീട്ടിൽ ഐ പി എസ് ഉദ്യോഗസ്ഥരുടെ തിരക്കില്ല.
അദ്ദേഹത്തിന് ആഭ്യന്തര വകുപ്പ് കിട്ടില്ലെന്ന ഉറപ്പ് ഉദ്യോഗസ്ഥർക്കുണ്ട് എന്നാണ് മനസിലാക്കുന്നത്. പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും പൂർത്തിയായെന്നും ഹൈക്കമാൻഡിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാൻഡ് കൈക്കൊള്ളുന്ന ഏത് തീരുമാനവും കേരളത്തിലെ എല്ലാ കോൺഗ്രസ് പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും പൂർണ്ണമായി അംഗീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് എല്ലാ കാര്യങ്ങളും കേട്ടുകഴിഞ്ഞു. ഇനിയൊരു ചർച്ചയുടെ ആവശ്യമില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി ഹൈക്കമാൻഡ് തീരുമാനം നടപ്പാക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
സർക്കാർ രൂപീകരണത്തിലെ കാലതാമസം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക്, കഴിഞ്ഞ തവണ ഇടതുപക്ഷം സർക്കാർ രൂപീകരിക്കാൻ എടുത്ത അത്രയും സമയം തങ്ങൾ എടുക്കുന്നില്ലെന്നാണ് ചെന്നിത്തല മറുപടി നൽകിയത്. ഇത്തരം ചർച്ചകൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും വലിയ താമസം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന വിഷയത്തിൽ ഘടകക്ഷികൾ ഇടപെടുന്നു എന്ന തരത്തിലുള്ള ചർച്ചകൾ അവസാനിച്ചതായും അക്കാര്യങ്ങളെല്ലാം ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നേതൃത്വം അറിയിച്ചു. ഹൈക്കമാൻഡ് തീരുമാനം വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് സൂചന.കെപിസിസി മുൻ അധ്യക്ഷന്മാരോട് ഡൽഹിയിലെത്താൻ രാഹുൽ ഗാന്ധിയുടെ നിർദേശം നൽകി.
കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ അഭിപ്രായം ആരായാനാണ് മുതിർന്ന നേതാക്കളെ വിളിപ്പിച്ചതെന്നാണ് വിവരം. കെ.സുധാകരൻ, കെ.മുരളീധരൻ, വി.എം.സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരെയാണ് ഡൽഹിയിലേക്ക് വിളിച്ചത്. ഇവർ ഡൽഹിക്ക് പുറപ്പെട്ടു. . ഫോണിലൂടെ നിലപാടറിയിക്കാമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചിട്ടുണ്ട്. വർക്കിങ് പ്രസിഡന്റുമാരും ഡൽഹിയിലെത്തണം. മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി അടക്കം മുതിർന്ന നേതാക്കളുടെ അഭിപ്രായം വീണ്ടും ശേഖരിക്കും. എഐസിസി ജനറൽ സെക്രട്ടറിയും കേരളത്തിൽനിന്നുള്ള എംപിയുമായ പ്രിയങ്ക ഗാന്ധി ഇതുവരെ ചർച്ചകളിൽ ഔദ്യോഗികമായി പങ്കാളിയായിട്ടില്ല. പ്രിയങ്കയുടെ പിന്തുണയും തീരുമാനത്തെ സ്വാധീനിക്കും. ഘടകകക്ഷികൾ പ്രിയങ്കയെ നിലപാട് അറിയിച്ചിരുന്നു. ഘടകകക്ഷികളുമായി ഹൈക്കമാൻഡ് തല ചർച്ച ഇനി ഉണ്ടാകില്ലെങ്കിലും മുതിർന്ന നേതാക്കളുമായി സംസാരിക്കുമ്പോൾ, ഘടകകക്ഷികളുടെ നിലപാടിനോടുള്ള പ്രതികരണവും ചോദിച്ചേക്കും.
ഈ കടമ്പകളെല്ലാം പൂർത്തിയാക്കിയ ശേഷം രാഹുലും ഖർഗെയും പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധിയുടെ അഭിപ്രായം തേടും. അതാകും തീരുമാനത്തിൽ ഏറ്റവും പ്രധാനം.എംഎൽഎമാരുടെ പിന്തുണയോ ജനകീയ പിന്തുണയോ എന്ന തർക്കത്തിൽ തട്ടിയാണ് ഹൈക്കമാൻഡ് തീരുമാനം വൈകുന്നത്. പ്രഖ്യാപനത്തിനു മുൻപു തങ്ങളെ വിശ്വാസത്തിലെടുക്കാൻ ശ്രമിച്ചേക്കാം എന്നല്ലാതെ കൂടുതൽ ചർച്ചകൾ ഇനിയുമുണ്ടാകുമെന്നു മൂന്നു നേതാക്കന്മാരും കരുതുന്നില്ല. കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള സതീശനോ രമേശോ തമ്മിൽ ഫോണിൽ പോലും ആശയവിനിമയം നടന്നിട്ടില്ല. ടേം സാധ്യത പ്രചരിക്കുന്നതല്ലാതെ രണ്ടു പേർക്കും അറിയില്ല. തീരുമാനം നീട്ടിവച്ചതിന്റെ പിന്നിലെന്ത് എന്നതിലും വ്യക്തതയില്ല. അന്തരീക്ഷം ശാന്തമാകാനാണ് ഹൈക്കമാൻഡ് കാത്തിരിക്കുന്നതെന്നു വേണുഗോപാൽ പക്ഷം പറയുന്നു.
എഐസിസി നിരീക്ഷകർ കേരളത്തിലെത്തി എംഎൽഎമാരിൽനിന്നും യുഡിഎഫ് ഘടകകക്ഷികളിൽനിന്നും അഭിപ്രായം തേടി. മുതിർന്ന നേതാക്കളെയും ഇവർ കണ്ടിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെ.സി. വേണുഗോപാൽ, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എന്നിവരുമായി ഖർഗെയും രാഹുലും ഡൽഹിയിൽ ചർച്ച നടത്തി. ഇതിൽ തീരുമാനമോ സമവായമോ ഉണ്ടാകാത്തതിനാൽ തീരുമാനം ഹൈക്കമാൻഡ് നേരിട്ട് പ്രഖ്യാപിക്കുമെന്നറിയിച്ചു നേതാക്കളെ മടക്കി അയച്ചു.ഏതായാലും ഇതിന്റെ പ്രയാസം അനുഭവിക്കുന്നത് ചെന്നിത്തലയാണ്.അദ്ദേഹത്തിന്റെ അവസ്ഥയാണ് തീർത്തും പരിതാപകരം.
https://www.facebook.com/Malayalivartha
























