മാധ്യമ പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി; കോട്ടയത്ത് വെള്ളപ്പൊക്ക ദുരിതം റിപ്പോർട്ട് ചെയ്യുന്നതിനിടെ കാണാതായ മാതൃഭൂമി ചാനൽ പ്രാദേശിക ലേഖകന്റെ മൃതദേഹം കണ്ടെത്തി: കാണാതായ ഡ്രൈവർ ബിബിനായി തെരച്ചിൽ തുടരുന്നു

മുണ്ടാറിലെ വെള്ളപ്പൊക്ക ദുരിതം റിപ്പോർട്ട് ചെയ്യാനെത്തിയ മാതൃഭൂമി ചാനൽ സംഘം സഞ്ചരിച്ച വള്ളം കരിയാറിൽ മുങ്ങി കാണാതായ രണ്ട് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി ചാനലിന്റെ പ്രാദേശിക ലേഖകനും ആപ്പാൻചിറ മെഗാസ് സ്റ്റുഡിയോ ഉടമയുമായ ആപ്പാഞ്ചിറ മാന്നാർ പട്ടശേരിയിൽ സജി മെഗാസി(46)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നേവിയും സ്കൂബാ ഡൈവിംഗ് സംഘവും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മാതൃഭൂമി ചാനലിന്റെ ഡ്രൈവർ തിരുവല്ല ഇരവിപേരൂർ ഓതറ കൊച്ച് റാം മുറിയിൽ ബിബി(27)നെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ കരിയാർ എഴുമാംകായലുമായി ചേരുന്ന അറുപതിൽ ഭാഗത്താണ് സംഭവം. ചാനലിന്റെ ക്യാമറാമാൻ കോട്ടയം ചിറക്കടവ് അടിച്ചുമാക്കൽ അഭിലാഷ് എസ്. നായർ (29), റിപ്പോർട്ടർ ചാലക്കുടി കുടപ്പുഴമന കെ.ബി. ശ്രീധരൻ (28), വള്ളം തുഴഞ്ഞിരുന്ന മുണ്ടാർപാറേൽ കോളനിയിൽ കരിയത്തറ അഭിലാഷ് (38) എന്നിവരെ ഇന്നലെത്തന്നെ നാട്ടുകാർ രക്ഷിച്ച് മുട്ടുചിറ എച്ച്. ജി. എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കല്ലറ പഞ്ചായത്തിലെ മുണ്ടാർ പാറയിൽ ഭാഗത്ത് വെള്ളപ്പൊക്ക ദുരിതം റിപ്പോർട്ട് ചെയ്യാനെത്തിയതാണിവർ. ദൃശ്യങ്ങൾ പകർത്തിയ ശേഷം വള്ളത്തിൽ മടങ്ങുമ്പോൾ ആറിന്റെ മദ്ധ്യഭാഗത്തുവച്ച് കാറ്റിൽ ഉലഞ്ഞ് വള്ളം തലകീഴായി മറിയുകയായിരുന്നു. ഉടൻ വള്ളം ഊന്നിയിരുന്ന അഭിലാഷ്, മറ്റു നാല് പേരേയും മറിഞ്ഞ വള്ളത്തിൽ പിടിപ്പിച്ചു നിറുത്തി. ബഹളം കേട്ട് സമീപത്ത് പുല്ല് ചെത്തിയിരുന്നവർ വള്ളത്തിൽ അപകടം നടന്ന സ്ഥലത്തേക്ക് എത്തുകയായിരുന്നു. രണ്ട് പേരെ ഈ വള്ളത്തിലേക്ക് കയറ്റിയെങ്കിലും മറ്റ് രണ്ട് പേർ കൈവിട്ട് വെള്ളത്തിലേക്ക് മുങ്ങിതാണു പോയി. സജിയെ അഭിലാഷ് ഒരു വട്ടം കൂടി ഉയർത്തിക്കൊണ്ട് വന്നെങ്കിലും വീണ്ടും വഴുതി വെള്ളത്തിലേക്ക് താഴ്ന്ന് പോവുകയായിരുന്നു.
https://www.facebook.com/Malayalivartha























