ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി തര്‍ക്കം; ബാലകൃഷ്ണപിള്ള സ്‌കറിയാ തോമസ് ലയനം ചാപിള്ളയാകുമോ?

കേരള കോണ്‍ഗ്രസ് ഗ്രൂപ്പ് ചെയര്‍മാന്മാരായ ആര്‍. ബാലകൃഷ്ണപിള്ളയും സ്‌കറിയാ തോമസും തമ്മില്‍ ലയിക്കാനുള്ള ധാരണ തുടക്കത്തിലേ പാളി. ഇന്നലെ കൊല്ലത്ത് ആശ്രാമം ഗസ്റ്റ് ഹൗസിലെത്തി പിള്ളയും സ്‌കറിയാ തോമസും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഇന്ന് സംയുക്ത വാര്‍ത്താസമ്മേളനം വിളിച്ചത്. എന്നാല്‍, ചെയര്‍മാന്‍ സ്ഥാനം ആര്‍ക്കാണെന്നതിനെ ചൊല്ലി ഉടലെടുത്ത തര്‍ക്കം പരിഹരിക്കാനാകാതെ വന്നതോടെ വാര്‍ത്താസമ്മേളനം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആലോചിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന നിലപാട് സ്‌കറിയ തോമസ് പിള്ളയെ അറിയിക്കുകയായിരുന്നു.
നിലവില്‍ എല്‍.ഡി.എഫുമായി സഹകരിക്കുന്ന രണ്ട് പേരുടെയും പാര്‍ട്ടികളെ മുന്നണിയില്‍ എടുത്തിട്ടില്ല. ലയനം നടത്തി കരുത്താര്‍ജ്ജിച്ചാല്‍ പ്രവേശനം ഉറപ്പാക്കാമെന്ന് സി.പി.എം ഉറപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേരളാ കോണ്‍ഗ്രസ് ബിയും സ്‌കറിയാ തോമസ് വിഭാഗവും ലയിക്കാന്‍ തീരുമാനിച്ചത്. സ്വന്തംപാര്‍ട്ടിയുടെ ചെയര്‍മാനായ പിള്ളയ്ക്ക് ചെയര്‍മാന്‍ സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടു. സ്‌കറിയാ തോമസ് വിഭാഗത്തേക്കാള്‍ ശക്തിയുള്ള പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് ബി എന്ന് ബാലകൃഷ്ണ പിള്ളയും കൂടെയുള്ളവരും ചൂണ്ടിക്കാട്ടുന്നു. മുമ്പ് കെ.എം മാണിയും ജോസഫും ലയിച്ചതായിരുന്നു ഇവരുടെ പ്രചോദനം. എന്നാല്‍ അത് ചാപിള്ളയാകുന്ന സ്ഥിതിയിലായി.
ബാലകൃഷ്ണ പിള്ളയേയും സ്‌കറിയായേയും മുന്നണിയിലെടുത്താല്‍ എം.എല്‍.എ ഗണേഷ്‌കുമാറിനെ മന്ത്രിയാക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടേക്കും. നിലവില്‍ ബാലകൃഷ്ണപിള്ളയ്ക്ക് ക്യാബിനെറ്റ് റാങ്കോടെ മുന്നോക്ക സമുദായ ക്ഷേമ ചെയര്‍മാന്‍ പദവിയുണ്ട്. അതുകൊണ്ട് മന്ത്രി സ്ഥാനം നല്‍കാന്‍ സി.പി.എം സമ്മതിക്കുമോ എന്നറിയില്ല.
https://www.facebook.com/Malayalivartha























