ബീഫ് കഴിക്കാത്തവരെ മാത്രം സഹായിക്കുക : കേരളത്തിലെ ദുരവസ്ഥയെ അപമാനിച്ച് ഹിന്ദുമഹാസഭാ നേതാവ് ചക്രപാണി മഹാരാജ്

ചരിത്രത്തില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംസ്ഥാനത്തെ സഹായിക്കാന്‍ സന്നദ്ധരായി നിരവധി പേര്‍ രംഗത്ത് വരുന്നതിനിടെ കേരളത്തിലെ ദുരവസ്ഥയെ അപമാനിച്ച് ഹിന്ദുമഹാസഭാ നേതാവ് ചക്രപാണി മഹാരാജ്. കേരളത്തില്‍ പശുക്കളെ കൊല്ലുന്നത് കൊണ്ടാണ് ഇത്തരത്തില്‍ ദുരന്തമുണ്ടായതെന്നും ബീഫ് തിന്നാത്തവരെ മാത്രം സഹായിച്ചാല്‍ മതിയെന്നും ചക്രപാണി പറഞ്ഞു. പ്രളയം ഏറെ നാശം വിതച്ചവര്‍ ജീവിതത്തിലേക്ക് കരകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ചക്രപാണിയുടെ വിവാദ പ്രസ്ഥാവന.
''കേരളത്തെ സഹായിക്കാന്‍ ഞാനും ആവശ്യപ്പെടുന്നു. പക്ഷേ, പ്രകൃതിയേയും ജീവജാലങ്ങളേയും ബഹുമാനിക്കുന്നവരെ മാത്രമേ സംരക്ഷിക്കാവൂ. കേരളത്തിലെ ജനങ്ങള്‍ക്ക് കഴിക്കാന്‍ മറ്റ് ഭക്ഷണങ്ങള്‍ ഉണ്ടായിട്ടും അവര്‍ പശുവിനെ കൊല്ലുകയും ഭക്ഷിക്കുകയും ചെയ്യുന്നു. അതിനാല്‍ പ്രളയത്തില്‍ അകപ്പെട്ടവരില്‍ ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കള്‍ സഹായിച്ചാല്‍ മതി''- ചക്രപാണി ഒരു ദേശീയ മാദ്ധ്യമത്തിനോട് പറഞ്ഞു.
മനഃപൂര്‍വം പശുമാംസം കഴിച്ച് ഹിന്ദു മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചവരോടും റോഡില്‍ പശുവിനെ അറുത്തവരോടും ക്ഷമിക്കരുതെന്നും ചക്രപാണി പറഞ്ഞു. ബീഫ് കഴിക്കുന്നവരെ സഹായിക്കണമെങ്കില്‍ ഇനി ഒരിക്കലും ബീഫ് കഴിക്കില്ലെന്ന് സത്യം ചെയ്യണമെന്നും ചക്രപാണി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha






















