ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാവായ അശിഷ് ഖേതനും ആം ആദ്മി വിടുന്നു; രാജിക്കത്ത് അരവിന്ദ് കെജ്‌രിവാളിന് കൈമാറി; ഒരു നല്ല സമയത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നും ആശിഷ്

ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളിലൊരാള്‍ ആയിരുന്ന ആശിഷ് ഖേതനും പാര്‍ട്ടിക്കു പുറത്തേക്ക്. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ അശുതോഷ് രാജിവെച്ചതിന് പിന്നാലെയാണ് ആശിഷ് ഖേതന്റെയും രാജി. രാജിക്കത്ത് അരവിന്ദ് കെജ്‌രിവാളിന് കഴിഞ്ഞ 15ന് തന്നെ നല്‍കിയിരുന്നു എന്നാണു വിവരം.
നിയമരംഗത്ത് കൂടുതല്‍ ശ്രദ്ധപതിപ്പിക്കുകയാണെന്നും സജീവ രാഷ്ട്രീയത്തില്‍നിന്നും മാറിനില്‍ക്കുകയാണെന്നും ഇതില്‍ മറ്റു ദുരൂഹതകളൊന്നും തന്നെയില്ലെന്നുമായിരുന്നു ആശിഷ് ഖേതന്റെ പ്രതികരണം. ഊഹാപോഹങ്ങളില്‍ തനിക്കു താല്‍പര്യം ഇല്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ തുടരണോ എന്നതില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി സ്വയം ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ വര്‍ഷം ആദ്യം തന്നെ സജീവ രാഷ്ട്രീയത്തില്‍ നിന്നും വിടാന്‍ തീരുമാനിച്ചിരുന്നു. ഒരു നല്ല സമയത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു എന്നും ആശിഷ് ഖേതന്‍ ഫെയ്‌സ്ബുക്കിലും കുറിച്ചു.
അന്വേഷണാത്മക പത്രപ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയനായിരുന്ന ആശിഷ് ഖേതന്‍ 2014ല്‍ ആണ് ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത്. ന്യൂദല്‍ഹി മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും ബി.ജെ.പി എം.പി മീനാക്ഷി ലേഖിയോട് പരാജയപ്പെട്ടു. ആം ആദ്മി സര്‍ക്കാരിന്റെ വിവിധ ഉപദേശക സമിതികളില്‍ സാരഥ്യം വഹിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ തന്നെ പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനങ്ങള്‍ ഒഴിഞ്ഞിരുന്നു.
എന്നാല്‍, കഴിഞ്ഞ തവണ മത്സരിച്ചു പരാജയപ്പെട്ട ലോക്‌സഭ സീറ്റില്‍ ഇത്തവണയും ആശിഷ് ഖേതന്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു എന്നും കെജ്‌രിവാള്‍ ഇത് നിഷേധിച്ചതാണ് രാജിക്കു വഴിവെച്ചതെന്നും സൂചനയുണ്ട്. എന്നാല്‍, അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടും താന്‍ ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു എന്നാണ് ആശിഷ് ഖേതന്‍ നല്‍കുന്ന വിശദീകരണം.
https://www.facebook.com/Malayalivartha






















