പ്രളയം വഴിമുട്ടിച്ചത് നൂറുകണക്കിന് സാധാരണക്കാരായ കച്ചവടക്കാരുടെ ജീവിതമാര്‍ഗ്ഗം; എല്ലാ വിപണികളിലും തണുപ്പന്‍ പ്രതികരണം...മഴയില്‍ നിറം മങ്ങി ഓണവിപണി

ഓണവിപണിയെ പ്രളയം കൊണ്ടുപോയപ്പോള്‍ വിരുന്നെത്തിയത് ദുരിതങ്ങള്‍ മാത്രം. അതോടെ കച്ചവടക്കാരും കടുത്ത പ്രതിസന്ധിയില്‍. വഴിയോരക്കച്ചവടക്കാരെയാണ് പ്രളയം ശരിക്കും ദുരിതത്തിലാക്കിയത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് പ്രളയദുരന്തം കുറവായിരുന്ന ജില്ലകളില്‍പ്പോലും ഓണവിപണിക്ക് മാന്ദ്യം.
മുന്‍ വര്‍ഷങ്ങളിലേതുപോലെ തിരക്കുള്ള തെരുവുകള്‍ ഈ ഓണക്കാലത്ത് കാണാനില്ല. തുടര്‍ച്ചായി പെയ്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഒലിച്ചുപോയത് വീടുകളും സാധനങ്ങളും മനുഷ്യരും മാത്രമല്ല, മലയാളികളുടെ പ്രിയപ്പെട്ട ഓണം കൂടിയാണ്.
തിരക്ക് കാരണം വഴിനടക്കാന്‍ പോലുമാകാതിരുന്ന തെരുവുകളില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ഉള്ളത്. സാധനങ്ങളുടെ വില പരമാവതി കുറച്ചിട്ടും കച്ചവടം നടക്കുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. കൈത്തറിഖാദി വിപണന മേഖലകള്‍ക്ക് ഓണം സുവര്‍ണ്ണകാലമാണ്. എന്നാല്‍ പതിവ് ആള്‍ക്കൂട്ടമില്ലാതായത് നെയ്ത്തുകാര്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. മറ്റ് ജില്ലകളെ അപേക്ഷിച്ച് പ്രളയദുരന്തം കുറവായിരുന്നു കണ്ണൂര്‍ ജില്ലയില്‍. കണ്ണൂരിലെ ഓണവിപണി എല്ലാകൊല്ലത്തേയും പോലെ സജീവമായെങ്കിലും സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ എത്താത്തത് മൂലം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ഇവിടെയുള്ള കച്ചവടക്കാര്‍.
മലപ്പുറത്തും സ്ഥിതി വ്യത്യസ്തമല്ല
ഭാരതപ്പുഴ കരകവിഞ്ഞ് തിരൂരിലും പരിസരപ്രദേശങ്ങളിലും എത്തിയതിനാല്‍ നഗരത്തിലെ ഓണംപെരുന്നാള്‍ വിപണിയെയും ബാധിച്ചു. താലൂക്കിലെ മിക്ക പഞ്ചായത്തുകളിലും വെള്ളം കയറി. പുറത്തൂര്‍, മംഗലം, വെട്ടം പഞ്ചായത്തുകള്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ഗ്രാമപ്രദേശങ്ങളിലെ റോഡുകളിലെല്ലാം വെള്ളം ക!യറിയതിനാല്‍ ഗതാഗതം പൂര്‍ണമായും നിലച്ചു. പൂവിപണിയും വെള്ളത്തില്‍ മുങ്ങി. ഓണം വിപണി ലക്ഷ്യമിട്ട് ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിച്ച പൂക്കളെല്ലാം കച്ചവട സ്ഥാപനങ്ങളില്‍ കെട്ടിക്കിടക്കുകയാണ്. പ്രളയം കണക്കിലെടുത്ത് ഓണാഘോഷ പരിപാടികളെല്ലാം മാറ്റിവെച്ചിട്ടുണ്ട്.
വസ്ത്രവ്യാപാര മേഖലയിലും പ്രതിസന്ധി രൂക്ഷമാണ്. നഗരത്തിലെ വസ്ത്ര വ്യാപാര ശാലകളെല്ലാം ആളുകളില്ലാത്തതിനാല്‍ അടഞ്ഞുകിടക്കുകയാണ്. നഗരത്തിലെ ഭക്ഷണശാലകള്‍ക്കും തിരിച്ചടി നേരിട്ടു. മലബാറിലെ പ്രധാന വിപണന കേന്ദ്രമായ ഗള്‍ഫ് മാര്‍ക്കറ്റിനെയും വെള്ളക്കെട്ട് ദുരിതത്തിലാഴ്ത്തി.
https://www.facebook.com/Malayalivartha






















