പ്രളയത്തിന്റെ മറവില്‍ അരുംകൊല... മദ്യവും കഞ്ചാവും നല്‍കിയ ശേഷം കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഉറ്റ സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തുമ്പോഴും പകച്ചില്ല... കോഴിമാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന ആനക്കാട്ടില്‍ മൃതദേഹം ഉപേക്ഷിക്കുമ്പോൾ കൊലപാതകം പ്രളയത്തിൽ മുങ്ങുമെന്ന് കരുതി; മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകംചുരുളഴിയുമ്പോൾ...

ചിന്നക്കനാല്‍ സിങ്കുകണ്ടം റോഡില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന പ്രദേശത്ത് നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നിൽ പുറത്ത് വരുന്നത് ക്രൂരമായ കൊലപാതകം. ഇക്കഴിഞ്ഞ പതിനാറാം തീയതി രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പെരിയകാനാല്‍ സ്വദേശിയായ ബാലകൃഷ്ണന്‍ (21)ആണ് കൊലചെയ്യപ്പെട്ടതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ശാന്തന്‍പാറ സി.ഐ: ചന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും പ്രതികളായ മാരീശ്വരനെയും, അരുള്‍ പാണ്ടിയെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
കഞ്ചാവ് കേസില്‍ എക്സൈസ് പിടികൂടി ജാമ്യത്തില്‍വിട്ട ബാല കൃഷ്ണന്‍ തന്റെ കൂട്ടാളികളായ മാരീശ്വരന്‍,അരുള്‍ പാണ്ടി എന്നിവരെക്കുറിച്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കി. ഇത് മനസ്സിലാക്കിയ പ്രതികള്‍ ആത്മമിത്രമായ ബാലകൃഷ്ണനെ വകവരുത്താന്‍ തീരുമാനിച്ചു. കൊലപാതകം ആസൂത്രണം ചെയ്ത ഇരുവരും ഈ മാസം രണ്ടിന് രാവിലെയോടെ ബാലകൃഷ്ണനെ വീട്ടില്‍നിന്നും വിളിച്ചിറക്കി ബൈക്കില്‍ കയറ്റി കോഴിമാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന ആനക്കാട്ടില്‍ എത്തിച്ചു.
മദ്യവും കഞ്ചാവും നല്‍കിയ ശേഷം കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്ത് അറത്തു കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിനുശേഷം കൊലചെയ്യാനുപയോഗിച്ച കത്തി സമീപത്തുള്ള പാറമടയില്‍ നിക്ഷേപിച്ചു. കൊലപാതക സമയത് ചോര പുരണ്ട കാവി മുണ്ടും പ്രതികള്‍ സംഭവസ്ഥലത്തുതന്നെ ഉപേക്ഷിച്ചു മടങ്ങി.
ബാലകൃഷ്ണനെ കാണാതായതോടെ മാതാപിതാക്കള്‍ ശാന്തന്‍പാറ പോലീസില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേക്ഷണം ആരംഭിച്ച പോലീസിന് പ്രതികളായ ഇരുവരുടെയും മൊഴിയില്‍ ഉണ്ടായ വൈരുദ്ധ്യം സംശയത്തിന് ഇടയാക്കി.
തുടര്‍ന്ന് അരുള്‍പാണ്ടിയെ കൂടുതല്‍ ചോദ്യം ചെയ്തതോടെ കൊലപാതകത്തില്‍ ഇവരുടെ പങ്ക് മനസിലായത്. പ്രതിയായ അരുള്‍ പാണ്ടി പൊലീസിന് മൃതദേഹം കാണിച്ചു കൊടുത്തു. കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേക്കു കടന്ന മാരീശ്വരനെ ഉത്തമപാളയത്തുനിന്നും ശാന്തന്‍പാറ പോലീസ് പിടികൂടി.
ഇടുക്കി എസ്.പി.വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം ശാന്തന്‍പാറ സി.ഐ: എസ് ചന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കി.
https://www.facebook.com/Malayalivartha






















