പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീട് വച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി ; മുഖ്യമന്ത്രിയും റവന്യുമന്ത്രിയും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ എട്ട് മണിയോടെ തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട മുഖ്യമന്ത്രിയും റവന്യുമന്ത്രിയും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. പ്രളയക്കെടുതി നേരിട്ട് വിലയിരുത്തുന്നതിനായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.
ചെങ്ങന്നൂരിലെ ക്രിസ്ത്യന്‍ കോളേജ് ക്യാംപിലേക്കാണ് അദ്ദേഹം ആദ്യമെത്തിയത്. റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ അടക്കമുള്ള സംഘം അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു. വടക്കന്‍ പറവൂരിലും ചാലക്കുടിയിലും അദ്ദേഹം എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ക്യാംപുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് ദുരിതാശ്വാസ കിറ്റ് വിതരണം ചെയ്യും. തുടര്‍ന്നും എല്ലാ സഹായങ്ങളും ദുരിതബാധിതര്‍ക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എല്ലാകാര്യത്തിലും സര്‍ക്കാര്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുമെന്നും വിഷമിച്ചിരിക്കേണ്ട സമയമല്ല ഒരേ മനസോടെ എല്ലാത്തിനേയും അതിജീവിക്കേണ്ട സമയമാണെന്നും പിണറായി പറഞ്ഞു.
പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീട് വച്ചു നല്‍കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ദുരന്തബാധിതരുടെ പുനറധിവാസം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ ക്യാമ്ബുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ നിന്നും ആളുകളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റും. ഇതിനായി അതത് പഞ്ചായത്തുകളിലെ ഹാളുകള്‍ മറ്റ് സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചയോടെ സന്ദര്‍ശനം പൂര്‍ത്തിയാക്കി. വൈകിട്ട് തിരുവനന്തപുരത്ത് അവലോകന യോഗവും ഉണ്ട്.
https://www.facebook.com/Malayalivartha






















