അസമിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം; ആകെയുള്ള 420 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ വോട്ടെണ്ണല്‍ മൂന്നാം ദിനത്തിലേക്ക് കടന്നതോടെ കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപി മുന്നേറുന്നു

അസമിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം. ഡിസംബര്‍ അഞ്ചുമുതല്‍ ഒമ്പതുവരെ രണ്ട് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങിയത് വ്യാഴാഴ്ചയാണ്. ബാലറ്റ് പേപ്പറിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 420 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ വോട്ടെണ്ണല്‍ മൂന്നാം ദിനത്തിലേക്ക് കടന്നതോടെ കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപി മുന്നേറുന്നു. ആകെയുള്ള 21,990 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 17904 സീറ്റുകളുടെ ഫലം പുറത്തുവന്നപ്പോള്‍ 7,769 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചുവെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകള്‍ പറയുന്നത്.
ഗ്രാമപഞ്ചായത്ത് സീറ്റുകളുടെ എണ്ണത്തില്‍ രണ്ടാമതെത്തിയ കോണ്‍ഗ്രസ് 5896 സീറ്റുകളും ബിജെപിയുടെ സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് 1372 സീറ്റുകളും നേടി. ന്യൂനപക്ഷപാര്‍ട്ടിയായ എഐയുഡിഎഫ് 755 സീറ്റുകളും സ്വതന്ത്രരുള്‍പ്പെടെ മറ്റുകക്ഷികള്‍ 2,112 സീറ്റുകളും നേടി.
420 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ 416 സീറ്റുകളുടെയും ഫലം പുറത്തുവന്നു. ഇതില്‍ ബിജെപി 223 സീറ്റുകളാണ് സ്വന്തമാക്കിയത്. കോണ്‍ഗ്രസ് 139 സീറ്റുകളും എഐയുഡിഎഫ് 24, അസം ഗണ പരിഷത്ത് 18 എന്നിങ്ങനെയാണ് സീറ്റ് നില.
അഞ്ചാലിക് പഞ്ചായത്ത് സീറ്റുകളുടെ എണ്ണത്തിലും ബിജെപി വ്യക്തമായ മേല്‍കൈ നേടി. 2199 സീറ്റുകളില്‍ ഫലം അറിഞ്ഞ 1944 എണ്ണത്തില്‍ ബിജെപി 910 സീറ്റുകളാണ് സ്വന്തമാക്കിയത്. കോണ്‍ഗ്രസ് 656, അസം ഗണ പരിഷത്ത 122, എഐയുഡിഎഫ് 122, മറ്റുള്ളവര്‍ 167 എന്നിങ്ങനെയാണ് സീറ്റ് നില.
78571 സ്ഥാനാര്‍ഥികളാണ് ആകെ ജനവിധി തേടിയത്. ഇതില്‍ 734 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ബിജെപി സഖ്യകക്ഷികളാണെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയും അസം ഗണ പരിഷത്തും സഖ്യമില്ലാതെ ഒറ്റയ്ക്കാണ് മത്സരിച്ചത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ വിജയം നേടിയതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ നന്ദി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ 82 ശതമാനം ആളുകള്‍ വോട്ട്‌ചെയ്തുവെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍െ കണക്കുകള്‍ പറയുന്നു.
അതേസമയം അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റതോടെ ബിജെപി അങ്കപ്പുറപ്പാടിന്. ഹിന്ദിഹൃദയ ഭൂമിയായ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നേറ്റ തിരിച്ചടിയാണ് പാര്‍ട്ടിയെ പുനര്‍ വിചിന്തനത്തിന് പ്രേരിപ്പിച്ചിട്ടുള്ളത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങളാണ് ബിജെപി നടത്താനിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 2019ലെ വിജയം ആവര്‍ത്തിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപിക്ക് തിരിച്ചടിയേറ്റതിന് പിന്നാലെയാണ് വിജയം തിരിച്ച് പിടിക്കാന്‍ ബിജെപി പുതിയ തന്ത്രങ്ങള്‍ മെനയുന്നത്.
സ്ത്രീകള്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, ബിസിനസുകാര്‍, മധ്യവര്‍ഗ്ഗം, പാവപ്പെട്ടവര്‍, കര്‍ഷകര്‍, എസ് സി, എസ്ടി, ന്യൂനപക്ഷം എന്നിങ്ങനെ എല്ലാ വിഭാഗത്തിലേക്കും ഇറങ്ങിച്ചെന്ന് കോണ്‍ഗ്രസിനേയും മറ്റ് പ്രാദേശിക പാര്‍ട്ടികളെയും പരാജയപ്പെടുത്താനാണ് ബിജെപിയുടെ നീക്കം. ചത്തീസ്ഗഡില്‍ ബിജെപിക്കേറ്റ വിജയവും പരാജയവും വിശകലനം ചെയ്ത് വോട്ട് നില മെച്ചപ്പെടുത്തുന്നതിന് പുതിയ തന്ത്രങ്ങള്‍ മെനയുമെന്നാണ് പാര്‍ട്ടി വ്യക്തമാക്കുന്നത്. ഗ്രാമ പ്രദേശങ്ങള്‍ക്ക് പുറമേ നഗരപ്രദേശങ്ങളിലും ബിജെപിക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം കുറവാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചത്തീസ്ഗഡില്‍ ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലുമായി പ്രബലമായ തോതില്‍ വോട്ട് ശതമാനം കുറയുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കുറവ് പരിഹരിക്കാനാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുക. അസമിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം ബിജെപിക്ക് ആശ്വാസം തന്നെയാണ്.
https://www.facebook.com/Malayalivartha


























