മകള്‍ മരിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഹോട്ടല്‍ ഉടമയായ അച്ഛനും ജീവനൊടുക്കി

പെരുമ്പാവൂരില്‍ മകള്‍ മരിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഹോട്ടല്‍ ഉടമയായ അച്ഛന്‍ ജീവനൊടുക്കിയ നിലയില്‍. കാക്കനാട് കെകെആര്‍ ബേക്‌സ് ആന്‍ഡ് ജ്യൂസസ് എന്ന സ്ഥാപനം നടത്തിയിരുന്ന പെരുമ്പാവൂര്‍ മുടക്കുഴ കണ്ണഞ്ചേരിമുകള്‍ കോടമ്പുറം കെ.കെ.രാജനെയാണ് (58) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പാചകവാതക ക്ഷാമം മൂലം ഹോട്ടല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഛായാഗ്രാഹക സഹായിയായിരുന്ന മകള്‍ കെ.ആര്‍.കൃഷ്ണ സിനിമാ ചിത്രീകരണത്തിനിടെ അസുഖം ബാധിച്ച് മരിച്ച് ഒരു വര്‍ഷത്തിനിടെയാണ് പിതാവും മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണു സൂചനകള്‍. 2 സിനിമകളുടെ നിര്‍മാണത്തില്‍ പങ്കാളിയും ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ടുമുണ്ട് രാജന്‍.
പെരുമ്പാവൂര്‍, കുറുപ്പംപടി, കോതമംഗലം എന്നിവിടങ്ങളില്‍ ഗിന്നസ് എന്ന പേരില്‍ പ്രശസ്തമായ ഫോട്ടോ സ്റ്റുഡിയോകള്‍ നടത്തിയിരുന്നു രാജന്റെ കുടുംബം. പെരുമ്പാവൂരിലേയും കുറുപ്പംപടിയിലേയും സ്റ്റുഡിയോകള്‍ പിന്നീട് നിര്‍ത്തി. അതിനു ശേഷമാണ് ഈ വര്‍ഷം ജനുവരിയില്‍ പുതിയ ബിസിനസ് എന്ന നിലയില്‍ കാക്കനാട് ഹോട്ടല്‍ ആരംഭിച്ചത്. എന്നാല്‍ പാചകവാതക പ്രതിസന്ധി മൂലം അടുത്തിടെയായി ഹോട്ടല്‍ അടച്ചിട്ടിരിക്കുകയായിരുന്നു.
ഇതിഹാസ, കാമുകി എന്നീ ചിത്രങ്ങളുടെ നിര്‍മാണത്തില്‍ പങ്കാളിയായിരുന്നു രാജന്‍. കാമുകി എന്ന സിനിമയില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. സ്റ്റുഡിയോ, ഹോട്ടല്‍ നടത്തിപ്പുകളിലുണ്ടായ സാമ്പത്തിക ബാധ്യതയും മകളുടെ മരണവും രാജനെ അലട്ടിയിരുന്നു എന്നാണ് വിവരം. ഇന്നു രാവിലെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ രാജനെ വീട്ടുകാര്‍ കാണുന്നത്.
2024 ഡിസംബര്‍ അവസാന വാരത്തിലാണ് കൃഷ്ണ അന്തരിച്ചത്. ഒരു തെലുങ്കു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കശ്മീരിലെ ശ്രീനഗറില്‍ എത്തിയതായിരുന്നു കൃഷ്ണ ഉള്‍പ്പെടുന്ന സംഘം. എന്നാല്‍ ഇവിടെ വച്ച് കൃഷ്ണയ്ക്ക് ശ്വാസകോശത്തില്‍ അണുബാധയുണ്ടായി. അസുഖം മൂര്‍ച്ഛിച്ച കൃഷ്ണയെ ശ്രീനഗര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തിരുന്നു. അസുഖ വിവരമറിഞ്ഞ് സഹോദരന്‍ ഉണ്ണിയും ശ്രീനഗറിലെത്തിയിരുന്നു. വാര്‍ഡിലേക്ക് മാറ്റാനിരിക്കെ, പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് കൃഷ്ണ അന്തരിച്ചു. പ്രശസ്തരായ ഒട്ടേറെ ഛായാഗ്രാഹകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള കൃഷ്ണ സ്വതന്ത്ര ഛായാഗ്രാഹകയായും ജോലി ചെയ്തിട്ടുണ്ട്. രാജന്റെ സംസ്‌കാരം നടത്തി. ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ പെരുമ്പാവൂര്‍ മേഖല സെന്‍ട്രല്‍ യൂണിറ്റ് അംഗമാണ് രാജന്‍. ഭാര്യ: ഗിരിജ, കൃഷ്ണയെ കൂടാതെ രണ്ടു മക്കളാണ് ഇവര്‍ക്ക്. ഉണ്ണി (ഫോട്ടോഗ്രാഫര്‍), കണ്ണന്‍ (ഷെഫ്).
https://www.facebook.com/Malayalivartha


























