നവോത്ഥാന മതിലിനു മൂന്നു ലോക റെക്കോർഡുകൾ; കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ ദേശീയ പാതയില്‍ 620 കിലോമീറ്റര്‍ ദൂരത്തിൽ വിജയകരമായി മതിൽ ഉയർന്നു; ചരിത്രം കുറിച്ച വനിതാ മതിലിൽ പങ്കെടുത്തത് 50 ലക്ഷത്തിലധികം സ്ത്രീകള്‍

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കേരളത്തിലങ്ങോളമിങ്ങോളമുള്ള സ്ത്രീകൾ അണിനിരന്ന വനിതാ മതിലിലിന് മൂന്ന് ലോകറെക്കോര്‍ഡുകള്‍. യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറം, അമേരിക്കന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഒഫീഷ്യല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നീ ഏജന്‍സികളാണ് നവോഥാന മതിലിന് ലോകറെക്കോര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
യുഡിഎഫും സംഘപരിവാറും മറ്റ് പ്രതിലോമ ശക്തികളും നടത്തിയ കുപ്രചാരണങ്ങളേയും നുണകളെയും അതിജീവിച്ച് നവോത്ഥന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ 620 കിലോമീറ്ററില്‍ പടുത്തുയര്‍ത്തിയ വനിതാ മതിലില്‍ സ്ത്രീകളുടെ വന്‍ സ്ത്രീ പങ്കാളിത്തമാണ് ഉണ്ടായത്. ഏറ്റവും കൂടുതല്‍ വനിതകള്‍ പങ്കെടുത്ത ശൃംഖല എന്ന നിലക്കാണ് ലോകറെക്കോര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 50 ലക്ഷത്തിലധികം സ്ത്രീകള്‍ പങ്കെടുത്തതായാണ് ഏജന്‍സികളുടെ പ്രാഥമിക നിഗമനം.
അതേസമയം മുൻപ് വനിതാ മതിലിന് ലോക റിക്കാർഡ് ലഭിച്ചേക്കുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ലോക റിക്കാർഡ് പ്രഖ്യാപിക്കാനുള്ള പ്രതിനിധി സംഘം കേരളത്തിൽ എത്തിയതായും വനിതാ മതിൽ വേൾഡ് മില്ലേനിയം റിക്കാർഡിൽ തിരഞ്ഞെടുമെന്നായിരുന്നു റിപ്പോർട്ടുകൾ.
അതേസമയം കേരളത്തിന്റെ നവോത്ഥാന പാരമ്പര്യവും സ്ത്രീ പുരുഷ സമത്വവും ഉറപ്പാക്കുവാന്‍ ഉയര്‍ത്തുന്ന വനിതാ മതിലില്‍ പങ്കെടുത്ത് തങ്ങളുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനായി. ജാതിമത രാഷ്ട്രീയ ഭേദമന്യേ സ്ത്രീകള്‍ കൈകോര്‍ക്കുവാന്‍ തയ്യാറായത് അതുകൊണ്ടാണെന്ന് പങ്കെടുത്ത സ്ത്രീകള്‍ പറയുന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരത്ത് വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയര്‍ വരെ ദേശീയ പാതയില്‍ 620 കിലോമീറ്റര്‍ ദൂരത്തിലാണ് മതില്‍ തീര്‍ത്തത്.
വൈകിട്ട് 3.45 ന് റിഹേഴ്‌സല്‍ നടന്നു. നാലിന് തുടങ്ങിയ മതില്‍ 4.15വരെ നീണ്ടുനിന്നു. തുടര്‍ന്ന് മതേതര നവോത്ഥാന പ്രതിജ്ഞ നടന്നു. പ്രധാന കേന്ദ്രങ്ങളില്‍ നടന്ന സമ്മേളനങ്ങളില്‍ സാമൂഹ്യ, രാഷ്ട്രീയ നായകര്‍ പങ്കെടുത്തു. സർക്കാർ ഉദ്യോഗസ്ഥരും കുട്ടികളും മതിലിൽ പങ്കെടുത്തു. മന്ത്രി എ.കെ.ശശീന്ദ്രൻ, നടി റിമ കല്ലിങ്കൽ, സാമൂഹിക പ്രവർത്തക അജിത തുടങ്ങിയവർ കോഴിക്കോട് മതിലിൽ പങ്കെടുത്തു. കെപിഎസി ലളിതയും മതിലിന്റെ ഭാഗമായി.
നവോത്ഥാന സംരക്ഷണ സമിതിയിലുള്ള 174 സംഘടനകളുടെ നേതൃത്വത്തില്‍ 22 ലക്ഷം പേര്‍ മതിലിന്റെ ഭാഗമായി. ഇടതുപക്ഷ മഹിളാ സംഘടനകള്‍ ഉള്‍പ്പെടെ 50 ലക്ഷത്തോളം പേര്‍ മതിലില്‍ അണിനിരന്നു. വനിതാ മതില്‍ സര്‍ക്കാര്‍ പരിപാടിയല്ലെന്നും സര്‍ക്കാര്‍ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീ മുന്നേറ്റ ചരിത്രത്തില്‍ നാഴികക്കലാകും വനിതാ മതിലെന്ന് ഇടതുനേതാക്കള്‍ വ്യക്തമാക്കി.
കാസര്‍കോട് മുതല്‍ വെള്ളയമ്പലത്തെ സമാപന സ്ഥലം വരെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും വനിതാ മതിലിനായി ആവേശത്തോടെയാണ് സ്ത്രീകള്‍ എത്തിയത്. ഒപ്പം വനിതാ മതിലിന് പിന്തുണയുമായി പുരുഷന്മാരും അണിനിരന്നതോടെ വനിതാ മതില്‍ ചരിത്ര സംഭവമായി മാറുകയായിരുന്നു.
https://www.facebook.com/Malayalivartha





















