എന്‍.ഡി.എയുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ന്നെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയെങ്കിലും അഭിപ്രായഭിന്നതകള്‍ പൂര്‍ണമായും തീര്‍ന്നിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഇന്നത്തെ പ്രസ്താവന വ്യക്തമാക്കുന്നു

എന്‍.ഡി.എയുമായുള്ള പ്രശ്‌നങ്ങള്‍ തീര്‍ന്നെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയെങ്കിലും അഭിപ്രായഭിന്നതകള്‍ പൂര്‍ണമായും തീര്‍ന്നിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഇന്നത്തെ പ്രസ്താവന വ്യക്തമാക്കുന്നു. ബി.ഡി.ജെ.എസിന് ഏറെ സ്വാധീനമുള്ള അരൂരിലും വലിയ സാധ്യതയില്ലാത്ത എറണാകുളത്തും ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുമെന്നാണ് സൂചന നല്‍കിയിരിക്കുന്നത്. രണ്ടിടത്തും വിജയ പ്രതീക്ഷയില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നത്. കോന്നി, മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ സാധ്യതയുണ്ട്. കണക്കുകളുടെ അടിസ്ഥാനത്തിലാണെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
പാലായില്‍ ബി.ഡി.ജെ.എസിന്റെ വോട്ട് കൊണ്ടാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി.കാപ്പന്‍ വിജയിച്ചതെന്ന് ബി.ജെ.പിയില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞതവണ ബി.ഡി.ജെ.എസിന്റെ വോട്ട് കൂടിയായപ്പോള്‍ താമരയ്ക്ക് കിട്ടിയത് 24,000 വോട്ടായിരുന്നു. ഇത്തവണ അത് 18,000 ആയി കുറഞ്ഞു. ബി.ഡി.ജെ.എസിന്റെ വോട്ടുകള്‍ കുറഞ്ഞിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് തുഷാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് രണ്ട് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുമെന്ന് മുന്നണിയിലെ പ്രധാന നേതാവ് തന്നെ വെളിപ്പെടുത്തിയത് ബി.ജെ.പിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും രാഷ്ട്രീയ എതിരാളികള്‍ക്ക് ഊര്‍ജ്ജം പകരുമെന്നുമാണ് അവര്‍ ആരോപിക്കുന്നത്.
അരൂര്‍ ബി.ഡി.ജെ.എസിന്റെ സീറ്റാണെങ്കിലും മത്സരിക്കാനില്ലെന്ന് തുഷാര്‍ ആദ്യമേ വ്യക്തമാക്കിയിരുന്നു. ബി.ഡി.ജെ.എസിന്റെയും എസ്.എന്‍.ഡി.പിയുടെയും വോട്ട് കിട്ടിയാല്‍ ഒരു പക്ഷെ, വിജയിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ബി.ഡി.ജെ.എസിന് നല്‍കാമെന്ന് ഉറപ്പ് പാലിക്കാത്തതോടെയാണ് അവര്‍ ബി.ജെ.പിയുമായി അകന്നത്. ചെക്ക് കേസില്‍ തുഷാര്‍ അജ്മാനിലെ ജയിലില്‍ കിടന്നപ്പോള്‍ ബി.ജെ.പി നേതാക്കള്‍ സഹായിക്കാത്തതും തിരിച്ചടിയായി. ബി.ഡി.ജെ.എസിനെ ഇടത് പാളയത്തിലെത്തിക്കാന്‍ നടക്കുന്ന സി.പി.എം തുഷാറിന്റെ കാര്യത്തില്‍ ഇടപെടുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യ മന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.
ബിഡിജെഎസ് ശക്തി അളക്കാന്‍ ഈ ഉപതെരഞ്ഞെടുപ്പുകള്‍ ധാരാളം എന്നാണ് ജനറല്‍ സെക്രട്ടറി ടി.വി ബാബു കഴിഞ്ഞയാഴ്ച പറഞ്ഞത്. ബി ഡി ജെ എസിനു മുന്നില്‍ മൂന്നു മുന്നണിയും ഒരു പോലെയാണ്. അവരുടെ ദാസ്യവേലക്ക് ഇരന്നു നില്‍ക്കണമെന്ന അഹങ്കാരത്തെ ഭേദിക്കുകയാണ് ഞങ്ങളുടെ മൗലികമായ ചുമതല. അതിനു വൈകിയത് ഞങ്ങളുടെ മാത്രം കുറ്റമാണ്. നിലപാടുകള്‍ തുറന്നു പറയും, ധീരമായി മുന്നേറും. ആര്‍ക്കും ഭാരവും ബാദ്ധ്യതയുമാകാതെ രാഷ്ട്രീയ മുന്നേറ്റത്തിന് കേരളത്തില്‍ ധാരാളം ഇടമുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദരിദ്ര ജനതക്ക് അധികാര വസരങ്ങള്‍ പങ്കിടാന്‍ മൂന്നു മുന്നണികളും തയ്യാറല്ല. ബി ഡി ജെ എസ് സ്വന്തം അനുഭവത്തിലൂടെ പഠിച്ചു കൊണ്ടിരിക്കുന്നു.
ലോകാരാധ്യരായി ഉയര്‍ന്നു വന്ന നരേന്ദ്ര മോഡിജി യോടും അമിത്ഷാ ജിയോടും ഓര്‍മ്മിപ്പിക്കാനുള്ളത് ഇത്രമാത്രം ' ആനയെ കൊടുത്താലും ആശകൊടുക്കരുതേ ' ബി ഡി ജെ എസ് അണികള്‍ ക്ഷമാപൂര്‍വ്വം കാത്തിരിക്കുക. അഭിമാനകരമായ രാഷ്ട്രീയ അദ്ധ്വാനത്തിന് തയ്യാറാവുക എന്നാണ് അദ്ദേഹം ഫെയിസ്ബുക്ക് പോസ്റ്റിട്ടത്.
https://www.facebook.com/Malayalivartha