ഇപ്പം കൊണ്ടുവരാനാവില്ല; പൃഥ്വിയെ കൈയൊഴിഞ്ഞ് സ്ഥാന സര്‍ക്കാര്‍; സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങിയ നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള മലയാളി സിനിമാ സംഘത്തെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു; ഇനി പ്രതീക്ഷ മോദിയില്‍

സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങിയ നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള മലയാളി സിനിമാ സംഘത്തെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നു. നാട്ടിലെത്തിക്കുന്നതിന് സഹായിക്കണമെന്ന് സിനിമാ സംഘം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സിനിമാ സംഘത്തിന്റെ നിലവിലെ സാഹചര്യത്തില്‍ ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫിലിം ചേബറും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിനിടെയാണ് വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണവുമായി മന്ത്രി എകെ ബാലന്‍ രംഗത്തെത്തിയിരിക്കുന്നത്. സിനിമാ സംഘത്തെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായും വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായും സംസാരിച്ചു. ഇപ്പോള്‍ വിസാകാലാവധി തീരുന്നതുമായി ബന്ധപ്പെട്ട ആശങ്കയാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചത്. മുഖ്യമന്ത്രി ഇടപെട്ടതിന്റെ കൂടി അടിസ്ഥാനത്തില്‍ അവിടെ ഷൂട്ടിങ്് തുടരുന്നതിനും ഭക്ഷണവും താമസൗകര്യവും ആവശ്യമായ സുരക്ഷാ സംവിധാനവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി എകെ ബാലന്‍ വ്യക്തമാക്കി.
ഇന്റര്‍നാഷണല്‍ വിമാനങ്ങളെല്ലാം റദ്ദ് ചെയ്തിരിക്കുന്ന നിലവിലെ പ്രത്യേക സാഹചര്യത്തില്‍ നാട്ടിലേക്ക് എത്തിക്കുകയെന്നത് തല്‍ക്കാലം പ്രാവര്‍ത്തികമല്ല. അതുകൊണ്ട് തന്നെ വിസാകാലാവധി നീട്ടിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ അറിയിച്ചതായും എ.കെ ബാലന്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ആട് ജീവിതം സിനിമയുടെ ഷൂട്ടിംഗിനായി കഴിഞ്ഞമാസമാണ് സംഘം ജോര്‍ദാനിലെത്തിയത്. നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമടക്കം 58 പേരാണ് കോവിഡിനെ തുടര്‍ന്നുള്ള കര്‍ഫ്യുവില്‍ കുടുങ്ങിയത്. ലോക് ഡൗണിന്റെ ഭാഗമായി സിനിമയുടെ ചിത്രീകരണം നിര്‍ത്താന്‍ ജോര്‍ദാന്‍ ഭരണകൂടം ആവശ്യപ്പെടുകയായിരുന്നു. സിനിമയുടെ ലൈന്‍ പ്രൊഡ്യൂസര്‍മാരും ഇവരോട് ചിത്രീകരണം തുടരാനാകില്ലെന്ന് വ്യക്തമാക്കി. ഇതിനോടൊപ്പം പ്രാദേശിക എതിര്‍പ്പും ശക്തമായതോടെ സിനിമയുടെ ചിത്രീകരണം പൂര്‍ണമായി മുടങ്ങി. ഇവരോട് അടിയന്തരമായി രാജ്യം വിടണമെന്ന നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഇതോടെയാണ് ചിത്രീകരണം നിര്‍ത്തിവച്ച് സിനിമാസംഘം നാട്ടിലെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയത്.
സഹായം അഭ്യര്‍ഥിച്ചുകൊണ്ട് സംവിധാകന്‍ ബ്ലസിയാണ് വീണ്ടും രംഗത്തത്തിയത്. താമസത്തിനും ഭക്ഷണത്തിനും ഏപ്രില്‍ 10 വരെ ബുദ്ധിമുട്ടില്ല. രാജ്യാന്തര വിമാനസര്‍വീസ് പുനരാരംഭിക്കും വരെ മരുഭൂമിയില്‍ കഴിയുക സാഹസമാണ്. എയര്‍ലിഫ്റ്റ് ചെയ്യുക മാത്രമാണ് ഇനി രക്ഷയെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു. ആടുജീവിതം സിനിമയുടെ ഷൂട്ടിങ് നടന്നത് 10 ദിവസം മാത്രമാണ്. കര്‍ഫ്യൂവിനൊപ്പം പ്രാദേശിക എതിര്‍പ്പും ഷൂട്ടിങ്ങിന് തടസമായന്നും ബ്ലസി ഒരു പ്രമുഖ മലയാളം വാര്‍ത്ത ചാനലിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിനിമാ സംഘത്തെ നാട്ടിലെത്തിക്കാനാവില്ലെന്നും എന്നാല്‍ സുരക്ഷിതമായ താമസസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി എകെ ബാലന്‍ വ്യക്തമാക്കിയത്.
അതേസമയം, ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും വിമാന സര്‍വീസ് നിര്‍ത്തിവയ്ക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് തങ്ങളെ തിരിച്ചെത്തിക്കല്‍ സാധ്യമല്ലെങ്കില്‍ ജോര്‍ദാനിലെ തന്നെ സുരക്ഷിത മേഖലയിലേക്ക് മാറ്റണമെന്ന് ബ്ലെസി ആവശ്യപ്പെട്ടിരുന്നു. വാദിറം എന്ന സംരക്ഷിത മരുഭൂമി മേഖലയിലാണ് ചിത്രീകരണം നടന്നിരുന്നത്. രണ്ടാഴ്ച മുന്‍പ് ഈ സിനിമയില്‍ അഭിനയിക്കുന്ന പ്രമുഖ ഒമാന്‍ നടന്‍ ഡോ. താലിബ് അല്‍ ബലൂഷിയെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഹോട്ടലില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ചിത്രീകരണം പുരോഗമിക്കുന്നുണ്ടെന്നും അന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ജോര്‍ദാനില്‍ ഇതുവരെ 274 പേര്‍ക്ക് കൊവിഡ് 19 ബാധിക്കുകയും അഞ്ചുപേര്‍ മരിക്കുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha