സംസ്ഥാനത്ത് ഇന്ന് ആറു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ആറു പേരും കണ്ണൂര്‍ ജില്ലയില്‍ നിന്നും; ഇതുവരെ നാല് ജില്ലകളാണ് കൊവിഡില്‍ നിന്നും മുക്തി നേടിയത്
സംസ്ഥാനത്ത് ഇന്ന് ആറു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആറു പേരും കണ്ണൂര്‍ ജില്ലയില്‍നിന്ന് ഉള്ളവരാണ്. ഇതില്‍ അഞ്ചു പേരും വിദേശത്തു നിന്ന് വന്നവരുമാണ്. ഒരാള്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഇന്ന് 62 പേരെ നിരീക്ഷണത്തിനായി ആശുപതിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് മാത്രം 21 പേരുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. ഇതില്‍ 19 പേര് കാസര്‍കോട് ജില്ലക്കാരാണ്. 2 പേര് ആലപ്പുഴയില്‍ നിന്നുള്ളവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ നാല് ജില്ലകളാണ് കൊവിഡ് 19 രോഗത്തിന്റെ പിടിയില്‍ നിന്നും മുക്തി നേടിയത്. കോട്ടയം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലാണ് കൊവിഡ് രോഗികളുടെ എണ്ണം പൂജ്യത്തിലേക്ക് എത്തിയത്. കോട്ടയവും ഇടുക്കിയും നേരത്തെ തന്നെ കൊവിഡിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടപ്പോള്‍ ഇന്നലെയും ഇന്നുമായാണ് തൃശൂരും ആലപ്പുഴയും രോഗമുക്തി നേടിയത്.
മാത്രമല്ല ഏതാനും നാളുകളായി സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഒറ്റയക്കത്തില്‍ ഒതുങ്ങുകയും രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയും ചെയ്യുന്നുണ്ട്. തുടക്കത്തില്‍, രാജ്യത്ത് കൊവിഡ് രോഗത്തിന്റെ പിടിയിലമര്‍ന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുന്പിലായിരുന്നു കേരളത്തിന്റെ സ്ഥാനം. രാജ്യത്ത് ഏറ്റവും ആദ്യം കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലായിരുന്നു എന്ന വസ്തുതയും നിലനില്ക്കുന്നു.
അങ്ങനെയൊരു പ്രതികൂല സാഹചര്യത്തില്‍ നിന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും മികച്ച പ്രവര്‍ത്തനം മൂലം കേരളം പൂര്ണ്ണരോഗമുക്തിയിലേക്ക് നടന്നടുക്കുന്നത്. മികച്ച രോഗപരിശോധനാ സംവിധാനങ്ങളും ചികിത്സാരീതികളും കേരളത്തെ കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ സഹായിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha