ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊന്ന് മൃതദേഹം ബാഗില്‍ ഒളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

ഹോട്ടല്‍ മുറിയില്‍ യുവതിയെ കൊന്ന് മൃതദേഹം ബാഗില്‍ ഒളിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് പിടിയിലായി. ഹരിയാന പല്‍വാല്‍ സ്വദേശി വിനോദാണ് (23) പിടിയിലായത്. കുടുങ്ങുമെന്ന സംശയത്തില്‍ ബാഗ് ഒരു ടാക്‌സി കാറിനുള്ളില്‍ വച്ച് രക്ഷപ്പെട്ടെങ്കിലും മണിക്കൂറുകള്‍ക്കകം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹരിയാന സ്വദേശി വിനോദ് കുമാര്‍ ശീതള്‍ എന്ന യുവതിക്കൊപ്പം രണ്ട് ദിവസത്തേക്ക് മണാലി ഗോമ്പ റോഡിലെ ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു.
രണ്ട് ദിവസം കഴിഞ്ഞ് മുറി ഒഴിയാന്‍ നേരം വിനോദ് മാത്രമാണ് റിസപ്ഷനിലെത്തിയത്. ടാക്‌സിയും ബുക്ക് ചെയ്തു. എന്നാല്‍ യുവതി ഒപ്പമില്ലാത്തതും കൈയിലുണ്ടായിരുന്ന വലിയ ബാഗും ഹോട്ടല്‍ ജീവനക്കാര്‍ ശ്രദ്ധിച്ചു. കൂടെയുണ്ടായിരുന്ന യുവതി എവിടെയെന്ന് ചോദിച്ചപ്പോള്‍ അവര്‍ ലേയിലേക്ക് പോയെന്നായിരുന്നു പ്രതിയുടെ മറുപടി. സംശയം തോന്നിയപ്പോള്‍ വിവരം പൊലീസില്‍ അറിയിച്ചു. ജീവനക്കാരുടെ സംസാരം കേട്ട പ്രതി ബാഗ് ടാക്‌സിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു.പൊലീസ് സ്ഥലത്തെത്തി ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് ശീതളിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ വിനോദിനായി തെരച്ചില്‍ തുടങ്ങി.
ഹോട്ടല്‍ ബുക്കിംഗ് ശീതളിന്റെ പേരിലായിരുന്നതിനാല്‍ ഇയാളുടെ തിരിച്ചറിയല്‍ രേഖകളോ ഫോട്ടോയോ ആദ്യം ലഭിച്ചില്ലെങ്കിലും മണിക്കൂറുകള്‍ക്കകം വിനോദിനെ പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട ശീതളും പ്രതിയും തമ്മില്‍ ഓണ്‍ലൈന്‍ വഴി പരിചയപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. മൂന്നുവര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. മുമ്പും ഇവര്‍ മണാലിയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. സംഭവദിവസം ഇരുവരും ഹോട്ടല്‍മുറിയില്‍ വച്ച് വാക്കുതര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് പ്രാഥമികനിഗമനം.മദ്ധ്യപ്രദേശ് ഭോപ്പാല്‍ സ്വദേശിയാണ് ശീതള്‍. യുവതിയുടെ വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.
https://www.facebook.com/Malayalivartha
























