കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...

കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്ന് അതിശക്തമായ മഴക്ക് സാധ്യത. കന്യാകുമാരി കടലിൽ രൂപപ്പെട്ട ചക്രവാത ചുഴിയും മറ്റു അന്തരീക്ഷ പ്രതിഭാസങ്ങളും ആണ് പ്രീ മൺസൂൺ മഴ ശക്തിപ്പെടുത്തുക. ഇന്നുമുതൽ ചൊവ്വാഴ്ച വരെ കേരളത്തിൽ അതിശക്തവും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ തീവ്രവുമായ മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. പാലക്കാടും മലപ്പുറത്തുമാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട് നിലവിലുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ മല്‍സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. ന്യൂനമർദത്തിനും സാധ്യതയുണ്ട്.
ആലപ്പുഴ, കൊല്ലം തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്‌ക്കാണ് സാധ്യത. കണ്ണൂര് , കോഴിക്കോട് ,മലപ്പുറം, തൃശൂർ ജില്ലകളിൽ ഇന്ന് ശക്തമായ മഴയുണ്ടാകും. കാസർകോട് ജില്ലയുടെയും പാലക്കാട് ജില്ലയുടെയും ഒറ്റപ്പെട്ട പ്രദേശങ്ങളിലും ശക്തമായതോ അതിശക്തമായതോ ആയ മഴ പ്രതീക്ഷിക്കാം. കേരളത്തിൻ്റെ കിഴക്കൻ മലയോര മേഖലകളിൽ ഉച്ചയ്ക്കു ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ട്.
അരുവികളിലും തോടുകളിലും ജലാശയങ്ങളിലും ഇറങ്ങരുത്. കേരളത്തിൻ്റെ കിഴക്കൻ മലയോര മേഖലയിലേക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിനോദസഞ്ചാരവും അനാവശ്യ യാത്രകളും സുരക്ഷിതമല്ല. പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണം.
മഴ പെട്ടെന്ന് ശക്തമാവുകയും ജലനിരപ്പ് കൂടാനും സാധ്യതയുള്ളതിനാൽ പുഴയിലും തോട്ടിലും ഇറങ്ങി കുളിക്കുന്നതും അലക്കുന്നതും സുരക്ഷിതമല്ല. വെള്ളച്ചാട്ടങ്ങളിൽ കുളിക്കുന്നതും ഒഴിവാക്കണം. ഇപ്പോൾ പെയ്യുന്ന മഴക്കൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്. അതിനാൽ മിന്നൽ ജാഗ്രത പുലർത്തുക. കേരളത്തിൽ ഇന്നലെ വിവിധ ജില്ലകളിൽ കനത്ത മഴ റിപ്പോർട്ട് ചെയ്തിരുന്നു. വടക്കൻ കേരളത്തിൽ ഉൾപ്പെടെയാണ് ഇന്നലെ ശക്തമായ മഴ ലഭിച്ചത്. കോട്ടയം ജില്ലയിൽ മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നു. ശക്തമായ കുത്തൊഴുക്കും മലവെള്ളപ്പാച്ചിലും റിപ്പോർട്ട് ചെയ്തു.
അതിനിടെ സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ലെന്നും മുന്നറിയിപ്പ് കർശനമായി പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം സംസ്ഥാനത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശവും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.4 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും, സെക്കൻഡിൽ 16 cm നും 48 cm നും ഇടയിൽ വേഗത മാറിവരുവാൻ സാധ്യതയുണ്ട്. തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.4 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 16 cm നും 54 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha