അട്ടപ്പാടിയിലെ പട്ടിണി മരണം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
അട്ടപ്പാടിയിലെ ആദിവാസികളുടെ പട്ടിണിമരണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. പ്രതിപക്ഷത്ത് നിന്ന് എ.കെ ബാലനാണ് വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. അട്ടപ്പാടിയില്‍ ആദിവാസികളുടെ ദുരവസ്ഥ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതാണ് സ്ഥിതിയെങ്കില്‍ അട്ടപ്പാടിയില്‍ കൂട്ടമരണം സംഭവിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് അട്ടപ്പാടിയിലുണ്ടായതെന്ന് മുഖ്യമന്ത്രി മറുപടിനല്കി. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ നടപടികളും കൈക്കൊള്ളും. ആസ്പത്രികളില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചു. ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ചു. പ്രശ്നത്തെ രാഷ്ട്രീയമായി കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്മേളനത്തിന്റെ ഏത് ദിവസം വേണമെങ്കിലും അട്ടപ്പാടി പ്രശ്നം ചര്‍ച്ചചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോകുകയായിരുന്നു.
എന്നാല്‍ പട്ടിണിമരണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് രാജിവെക്കാന്‍ ഒരു മന്ത്രിക്ക് പോലും ചങ്കൂറ്റമുണ്ടായില്ലെന്ന് പ്രശ്നത്തില്‍ ഇടപെട്ട് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പറഞ്ഞു.
https://www.facebook.com/Malayalivartha