രണ്ടു പെഗ് നിങ്ങൾക്കും അടിക്കണമെന്നില്ലേ ? ‘ശരിക്കും ഉണ്ട്.. അതിനു വേണ്ടി മാത്രം ആണ് ഈ ടെൻഡറിൽ പോലും പങ്കെടുത്തത് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ...ആപ്പ് ഉടനെ ഇറക്കും; ഫെയർകോഡ് ടെക്നോളജീസിന്റെ ഫേസ്ബുക് പേജിൽ പൊങ്കാലയിട്ട് മദ്യസ്നേഹികൾ

കേരളത്തിൽ മദ്യക്കടകൾ എന്നു തുറക്കുമെന്ന് കാത്തിരിക്കുകയാണ് നമ്മുടെ കേരളത്തിലെ മദ്യപാനികൾ . പക്ഷെ ആപ്പിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല.തീരുമാനം അതുകൊണ്ടുതന്നെ ആകെ സങ്കടത്തിലാണ് കേരളത്തിലെ മദ്യസ്നേഹികളും. രണ്ടു മാസമായി അടഞ്ഞു കിടക്കുന്ന ബവ്റിജസ് ഒൗട്ട്ലെറ്റുകളും ബാറുകളും ഉടൻ തുറക്കും എന്നോർത്ത് കാത്തിരുന്നവർ ഇപ്പോൾ തങ്ങളുടെ രോഷം തീർക്കുന്നത് ഫെയർകോഡ് ടെക്നോളജീസിന്റെ ഫെയ്സ്ബുക്ക് പേജിലാണ്.
കേരളത്തിനു വേണ്ടി ഒരു ‘മദ്യ ആപ്പ്’ എന്ന ദൗത്യം ഏറ്റെടുത്ത സ്റ്റാർട്ട് അപ്പ് കമ്പനിയാണ് ഫെയർകോഡ് ടെക്നോളജീസ് . പക്ഷേ ‘ആ തീരുമാനത്തിൽ അവർ ചിലപ്പോൾ ഖേദിക്കുന്നുണ്ടാകും... കാരണം അക്ഷമരായ കേരളത്തിലെ മദ്യപാനികൾ ഇപ്പോൾ തങ്ങളുടെ സകല ആശങ്കകളും തീർക്കുന്നത് അവരോടാണ്.. ആപ്പ് ഇതുവരെ റെഡി ആയില്ലെങ്കിലും സ്വയം ആപ്പിലാകാനുള്ള എല്ലാ സാഹചര്യങ്ങളും അവർ ഇതിനോടകം ഒരുക്കി കഴിഞ്ഞിരിക്കുന്നു എന്നർഥം.
ഫെയർകോഡ് ടെക്നോളജീസിന്റെ ഫേസ്ബുക് പേജിൽ വരുന്ന കമന്റുകളിൽ ചിലത് ഇങ്ങനെയാണ് .
‘ഇന്ന് വരും, നാളെ വരും എന്ന് പറഞ്ഞിരിക്കാൻ തുടങ്ങിയിട്ടു ഒരാഴ്ചയായി. എന്നു വരും എന്നെങ്കിലും പറഞ്ഞു കൂടെ ?’,എന്നാണ് ഒരു മദ്യ സ്നേഹിയുടെ ചോദ്യം. ‘സാധാരണ ഒരു ആപ്പ് ചെയ്‌താൽ ക്ലയന്റ് മാത്രമേ തെറി വിളിക്കുള്ളവരുന്നു. ഇതു എൻഡ് യൂസർ വരെ കേറി തെറി വിളിക്കേണ്ട അവസ്ഥ ആയല്ലോ ചേട്ടൻമാരെ’, ‘ആശാനേ... വിഷമം കൊണ്ട.. അറിയാൻ ഉള്ള ജിജ്ഞാസ കൊണ്ടാണ്. എന്തായി ആപ്പിന്റെ കാര്യം’, ‘തേങ്ങയുടക്ക് സ്വാമി...’, ‘സ്ഥിതി രൂക്ഷം ആകുകയാണ്. സർക്കാരിന്റെ ഖജനാവ് കാലിയായിട്ടു രണ്ടു മാസമായി. എന്നും ചേർത്തു പിടിച്ച ചരിത്രമേ നമ്മൾ മലയാളികൾക്കുള്ളൂ. അവരെ സഹായിക്കുക എന്നത് നമ്മളോരോ മലയാളിയുടെയും ഉത്തരവാദിത്വമാണ്, മരത്തടിയുടെ ആപ്പിനെ പറ്റി മാത്രം കേട്ടറിവുള്ള മുത്തച്ഛൻ വരെ മൊബൈൽ ആപ്പ് ഇറങ്ങിയോ മക്കളേന്ന് ചോദിച്ചു തുടങ്ങി...ഒന്ന് വേഗം മോനെ.’ എന്നിങ്ങനെ പോകുന്നു ഫെയർകോഡ് ടെക്നോളജീസിന്റെ ഫെയ്സ്ബുക്ക് പേജിൽ വന്ന ചില കമന്റുകൾ . പലർക്കും കമ്പനി ഔദ്യോഗികമായി മറുപടിയും കൊടുക്കുന്നുണ്ട്.
‘ആപ്പ് മര്യാദക്ക് ഉണ്ടാക്കിയാൽ നിനക്ക് കൊള്ളാം. ഉണ്ടാക്കിയാൽ ഞങ്ങൾ തലയിൽ എടുത്തു വെക്കും ഇല്ലെങ്കിൽ നിലത്തു ഇട്ടു ഉരക്കും’ തങ്ങളുടെ പേജിൽ വന്ന ഇൗ കമന്റിന് കമ്പനി കൊടുത്ത മറുപടിയും വളരെ രസകരമാണ്. . ‘ആപ്പ് ഇറക്കുകേം ചെയ്യും നമ്മൾ അടിക്കുകേം ചെയ്യും.. വിശ്വസിക്ക് അച്ചായ..’ എന്നാണ് ആ മറുപടി.രണ്ടു പെഗ് നിങ്ങൾക്കും അടിക്കണമെന്നില്ലേ എന്നു ചോദിച്ചയാൾക്ക് കമ്പനി കൊടുത്ത മറ്റൊരു മറുപടി ഇങ്ങനെ ‘ശരിക്കും ഉണ്ട്.. അതിനു വേണ്ടി മാത്രം ആണ് ഈ ടെൻഡറിൽ പോലും പങ്കെടുത്തത് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ...ആപ്പ് ഉടനെ ഇറക്കും.’
കമ്പനി ആപ്പ് ഉണ്ടാക്കാൻ തുങ്ങിയിട്ട് മൂന്ന് ആഴ്ചയോളമായി. മദ്യക്കടകൾ തുറക്കുമെന്ന് പറഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞു. മുഖ്യമന്ത്രിയോട് ചോദിക്കുമ്പോൾ അദ്ദേഹം എന്നും തരുന്ന മറുപടി ഉടനെ തുറക്കും എന്നാണ്. പക്ഷെ ആ എന്ന് എന്നാണെന്ന് ആർക്കുമറിയില്ല. ഇൗ കമ്പനിക്ക് ആപ്പുണ്ടാക്കാനുള്ള കെൽപ്പുണ്ടോ ? അവരെ തിരഞ്ഞെടുത്തതിൽ വീഴ്ച പറ്റിയോ എന്നുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയാതെ ഒഴിഞ്ഞു മാറുകയാണ്. ആപ്പില്ലെങ്കിലും മദ്യം കൊടുത്തു കൂടെ എന്ന് ചില കോണുകളിൽ നിന്നൊക്കെ ചോദ്യവും ഉയർന്നു തുടങ്ങിയിരിക്കുന്നു.
എന്തായാലും കമ്പനിയുടെ ഏറ്റവും പുതിയ അറിയിപ്പു പ്രകാരം ഇൗ കാത്തിരിപ്പ് അധികം നീളില്ല എന്നു തന്നെയാണ് അറിയാൻ കഴിയുന്നത്. ‘എല്ലാവരും ഇൗ ആപ്പിനായി അക്ഷമയോടെ കാത്തിരിക്കുകയാണെന്ന് അറിയാം. കാര്യം ഇതൊരു കുഞ്ഞൻ ആപ്പാണെങ്കിലും ആദ്യ ദിനം 15 മിനിറ്റിൽ ഏതാണ്ട് 20 ലക്ഷം ആളുകൾ ആപ്പിൽ ഒരേ സമയം എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ വന്നാലും ഇൗ ആപ്പ് ക്രാഷ് ആകരുത്. അതിനായി പല തവണ പല രീതിയിൽ ടെസ്റ്റിങ് നടത്തണം. ഞങ്ങളുടെ മുഴുവൻ ടീമും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാപ്പകൽ ഇല്ലാതെ ഇതിനു പിന്നാലെയാണ്. നിങ്ങളുടെ ഉപദേശങ്ങളും വിലയിരുത്തലുകളും ഞങ്ങൾക്ക് ആവശ്യമാണ്. പക്ഷേ നെഗറ്റീവ് കമന്റ്സ് ദയവു ചെയ്ത് പറയരുത്. നിങ്ങളുടെ കാത്തിരിപ്പ് ആധികം നീളില്ല. പ്രാർഥനയും പിന്തുണയും വേണം.’ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ കമ്പനി അറിയിച്ചു.
https://www.facebook.com/Malayalivartha