150കിലോയില്‍ നിന്ന് 87 കിലോയിലേക്ക്; സന്ദീപ് വാര്യരുടെ മേക്ക് ഓവര്‍ ഇങ്ങനെ...

ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിയെ പ്രതിനിധീകരിച്ച് വാദ പ്രതിവാദങ്ങള്‍ നടത്തുന്ന ആൾ എന്ന നിലയിലും ബിജെപി പ്രവർത്തകൻ എന്ന നിലയിലും സന്ദീപ് വാര്യർ അറിയപ്പെടുന്ന വ്യക്തിയാണ്. . അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമറിയാവുന്ന സന്ദീപിന്റെ പഴയകാല ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ചാനല്‍ ചര്‍ച്ചകളിലൂടെ സോഷ്യല്‍ മീഡിയയില്‍ താരം ആകും മുന്‍പ് 150 കിലോ ആയിരുന്നു സന്ദീപിന്റെ ഭാരം. തടി കുറയ്ക്കാനായി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക, വ്യായാമം ചെയ്യുക എന്ന് തുടങ്ങി പല വഴികളാണ് സാധാരണയായി ചെയ്തു വരാറുള്ളത്. എന്നാലിപ്പോൾ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി സന്ദീപ് ഉപയോഗിച്ചത് വൈദ്യശാസ്ത്രത്തെ ആയിരുന്നു. തടി കുറയ്ക്കാന്‍ കൂട്ടുപിടിച്ച ആ മാര്‍ഗത്തെകുറിച്ച് സന്ദീപ് പറയുന്നത് ഇങ്ങനെയാണ്;
'ജനിച്ചപ്പോഴേ നല്ല തൂക്കമുള്ള കുട്ടിയായിരുന്നു ഞാന്‍ എന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. ചെറുപ്പത്തിലേ നന്നായി ഭക്ഷണം കഴിപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെ നല്ല തടിയായി. ഇടയ്ക്ക് ചെറിയ ഡയറ്റ് പിടിക്കും. വിടും. തടി തിരിച്ചു വരും. വീണ്ടും ഡയറ്റ് പിടിക്കും. വിടും... അങ്ങനെയായിരുന്നു അടുത്തകാലം വരെ പൊയ്‌ക്കൊണ്ടിരുന്നത്. ഇടയ്ക്ക് കുറച്ച് കാലം ജോലിയുമായി ബന്ധപ്പെട്ട് ഗള്‍ഫില്‍ കഴിഞ്ഞിരുന്നപ്പോള്‍ തടി വീണ്ടും കൂടി. അവിടുത്തെ ഭക്ഷണ രീതി വ്യത്യസ്തമാണല്ലോ. മാത്രമല്ല വര്‍ക്കൗട്ടിനും സമയം തീരെ കിട്ടില്ല. അപ്പോഴൊക്കെയും തടി കുറയ്ക്കണമെന്ന് എനിക്കു വലിയ താല്‍പര്യമുണ്ടായിരുന്നു. വ്യായാമം ചെയ്താലും ഡയറ്റ് ചെയ്താലും അതിനൊക്കെ ഒരു പരിധിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ അന്വേഷണം മറ്റു വഴിക്കു തിരിഞ്ഞു.
ആ സമയത്താണ് പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റലിലെ ഡോക്ടര്‍ ഇസ്മയിലിനെ കാണുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ മിനി ഗ്യാസ്റ്റിക്ക് ബൈപാസ് സര്‍ജറി ചെയ്തിട്ടുള്ള ആളാണ് അദ്ദേഹം. അങ്ങനെ 2017 ല്‍ ഞാന്‍ സര്‍ജറിക്ക് വിധേയനായി. കീ ഹോള്‍ സര്‍ജറിയായിരുന്നു. കോംപ്ലിക്കേറ്റഡ് ഒന്നും അല്ല. ശസ്ത്രക്രിയക്കു ശേഷം അഞ്ചു ദിവസത്തെ വിശ്രമം. ഞാന്‍ സ്വയം അന്വേഷിച്ച്, പഠിച്ച് ഈ ചികിത്സ തിരഞ്ഞെടുക്കുകയായിരുന്നു. ഈ സര്‍ജറിക്ക് സാധാരണഗതിയില്‍ മറ്റ് പാര്‍ശ്വഫലങ്ങളില്ല. രണ്ടായിരത്തോളം മിനി ഗ്യാസ്റ്റിക്ക് ബൈപാസ് സര്‍ജറി ചെയ്തയാളാണ് ഡോ. ഇസ്മയില്‍. ഏകദേശം രണ്ടേകാല്‍ ലക്ഷം രൂപയാണ് ചെലവ്.
മിനി ഗ്യാസ്റ്റിക്ക് ബൈപാസ് ആമാശയത്തിന്റെ അളവ് കുറയ്ക്കുന്ന സര്‍ജറിയാണ്. അതോടെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയും. ഓയിലി ഫുഡ് ശരീരത്തില്‍ പിടിക്കുകയുമില്ല. ശരീരത്തിലെ അസ്വാഭാവികമായ ഒരു സംവിധാനത്തെ സ്വാഭാവികമാക്കുകയാണ് ഈ സര്‍ജറിയുടെ ലക്ഷ്യം. തടിയുള്ള ആളുകളുടെ ആമാശയം വളരെ വലുതായിരിക്കും.കുറച്ച് ഭക്ഷണം കഴിച്ചാല്‍ കുറച്ച് ഭാഗം നിറയും. ബാക്കി നിറയാതെ കിടക്കും. അപ്പോള്‍ അയാള്‍ക്ക് ഒരിക്കലും വിശപ്പ് മാറില്ല. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ഗായകന്‍ അദ്‌നാന്‍ സാമി തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ഈ സര്‍ജറിക്ക് വിധേയരായതാണ്.
സര്‍ജറി കൊണ്ട് മാത്രം കാര്യമില്ല. ബാക്കി നമ്മള്‍ തന്നെ വര്‍ക്കൗട്ട് ചെയ്ത് ശരിയാക്കണം. സര്‍ജറിക്ക് ശേഷം ഞാന്‍ പെരിന്തല്‍മണ്ണയിലെ ഒരു ജിമ്മില്‍ ചേര്‍ന്നു. ഡാനി എന്ന പേഴ്‌സണല്‍ ട്രെയിനറെ വച്ചു. ഒന്നര വര്‍ഷം കഠിനമായി വര്‍ക്കൗട്ട് ചെയ്തു. വളരെ പെട്ടെന്ന് ഫലം കിട്ടി. അറുപത് കിലോയിലധികം കുറച്ചു. 150കിലോയില്‍ നിന്ന് 87 കിലോയിലേക്കെത്തി. ലോക്ക് ഡൗണ്‍ കാലത്ത് വര്‍ക്കൗട്ട് മുടങ്ങിയതു കൊണ്ട് കുറച്ച് തടി കൂടി, ഇപ്പോള്‍ 90 ല്‍ എത്തി. ജിം തുറന്നാല്‍ വീണ്ടും വര്‍ക്കൗട്ട് തുടങ്ങും. ഡയറ്റ് കാര്യമായില്ല. പ്രോട്ടീന്‍ റിച്ച് ഫുഡ് ആണ് കൂടുതല്‍ കഴിക്കുന്നത്. ഇനിയും ശ്രമിച്ചാല്‍ ഇനിയും കുറയ്ക്കാം.
തടി പെട്ടെന്ന് കുറച്ചാല്‍ ആളുകള്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടാകും എന്ന് അറിയാവുന്നതിനാല്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ സര്‍ജറി ചെയ്യുന്നു എന്നു വ്യക്തമാക്കി പോസ്റ്റ് ഇട്ടിരുന്നു. അന്ന് ബിജെപി പാലക്കാട് ജില്ലാ നേതൃത്വത്തിലായിരുന്നു. ഇത്ര ആളുകള്‍ അറിയില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. അതിനാല്‍ എന്റെ മാറ്റങ്ങള്‍ അതാത് സമയത്ത് പങ്കുവച്ചിരുന്നു. അതുകൊണ്ട് എന്റെ രൂപമാറ്റം വളരെക്കുറച്ച് ആളുകള്‍ക്ക് മാത്രമാണ് അത്ഭുതം. വര്‍ക്കൗട്ട് വിഡിയോയും ഓരോ ഘട്ടത്തെയും മാറ്റങ്ങളുമൊക്കെ അതാത് സമയത്ത് അപ്‌ഡേറ്റ് ചെയ്തിരുന്നു. തിരക്കിനിടെ പലപ്പോഴും വര്‍ക്കൗട്ടിന് സമയം കിട്ടാറില്ല. സംസ്ഥാന ചുമതല വന്നതിനു ശേഷം തിരക്ക് കൂടി. ജിമ്മില്‍ കൃത്യമായി പോകാനാകില്ല. യാത്രകളാണ് കൂടുതല്‍. എനിക്ക് ജിമ്മിലെ വര്‍ക്കൗട്ടാണ് കംഫര്‍ട്ട്. അതിനേ ഗുണമുള്ളൂ. നടക്കാന്‍ പോക്കൊന്നും താല്‍പര്യമില്ല. മടിയാണ്. ട്രെയിനറെ വച്ച്, അവരുടെ നിര്‍ദേശം അനുസരിച്ച് മുന്നോട്ട് പോയാല്‍ നല്ല റിസള്‍ട്ട് ഉണ്ടാക്കാം. സര്‍ജറി കൊണ്ടു മാത്രം ഗുണമില്ല, വര്‍ക്കൗട്ടും വേണം.മറ്റ് അസുഖങ്ങളെ ഒരു പരിധി വരെ മാറ്റി നിര്‍ത്താന്‍ സാധിക്കും.ബി.പി കംപ്ലീറ്റ് നോര്‍മല്‍ ആയി. തടി കുറയുമ്ബോള്‍ നമ്മള്‍ ഒരു പുതിയ മനുഷ്യനായതായി തോന്നും. പുതിയൊരു ജീവിതം കിട്ടുകയാണ്. മാനസികമായും ആത്മവിശ്വാസം കൂടും' എന്നും സന്ദീപ് വാരിയർ പറയുന്നു.
https://www.facebook.com/Malayalivartha