ഞങ്ങളിവിടെ നിൽക്കണേൽ നിൽക്കാംട്ടോ... വീട്ടിലുള്ളവർക്ക് കോവിഡ് വരാതിരിക്കാൻ ഞങ്ങളെന്താണ് വേണ്ടത്...? ; കൈയ്യും മെയ്യും മറന്ന് കരിപ്പൂരിൽ രക്ഷാപ്രവർത്തനം നടത്തിയത് ജീവൻ പണയം വച്ച്; രക്ഷാപ്രവർത്തകർക്ക് കോവിഡ് വന്നാൽ ഞങ്ങൾക്കുമെന്ന് ഡോക്ടർ; വൈറലായി ഒരു കുറിപ്പ്

കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാത്രി ഉണ്ടായ ദാരുണമായ വിമാനാപകടത്തില്‍ ഇത് വരെ പത്തൊന്‍പത് പേരാണ് മരിച്ചത്. അനേകം പേര്‍ കോഴിക്കോടും പരിസരത്തുമുള്ള വിവിധ ആശുപത്രികളില്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
അതേസമയം കൈ മെയ് മറന്ന്, കരിപ്പൂർ വിമാനത്താവളത്തിൽ രക്ഷാപ്രവർത്തനം നടത്തുമ്പോൾ കോവിഡ് കാലവും ശാരീരിക അകലവുമൊന്നും പരിസര വാസികളായ നാട്ടുകാർ ഓർത്തിരുന്നില്ല. കൺമുന്നിൽ കണ്ട സഹജീവികളെ രക്ഷിക്കുക എന്നതു മാത്രമായിരുന്നു അപ്പോൾ ആരുടെ മനസിലുണ്ടായിരുന്നത്. ഏറ്റവും പെട്ടെന്നു തന്നെ രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധിച്ചതും നാട്ടുകാരുടെ ആ ഐക്യം തന്നെയായിരുന്നു എന്ന നമുക്ക് പറയാൻ കഴിയും.
എന്നാൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ ഇനി തങ്ങളുടെ ആരോഗ്യം നോക്കണമെന്നും 14 ദിവസത്തെ ക്വാറന്റൈനിൽ പോകണമെന്നുമാണ് ഡോ.ഷിംന അസീസ് പറയുന്നത്. “ഇന്നലെ ആക്‌സിഡന്റ് പരിസരത്ത് പ്രവർത്തിച്ചവരോട് രണ്ടാഴ്‌ച ക്വാറന്റീനിൽ പ്രവേശിക്കാൻ സ്‌നേഹപൂർവ്വം അപേക്ഷിക്കുകയാണ്. എന്നിട്ടും കോവിഡ് വന്നാലോ എന്നാ? ഞങ്ങളുടെ അഭിമാനമായ രക്ഷാപ്രവർത്തകരെ ഉറപ്പായും ഞങ്ങൾ ആവും വിധമെല്ലാം നോക്കും.”
ഷിംനയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്.....
കരിപ്പൂർ അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ കൊണ്ടു വന്നാക്കി തിരിച്ചു പോകുന്ന രക്ഷാപ്രവർത്തകരായ ആ നാട്ടുകാർ ചോദിച്ചത് “ഡോക്‌ടറെ, ഇനി ഞങ്ങളിവിടെ നിൽക്കണേൽ നിൽക്കാംട്ടോ. ഞങ്ങളുടെ പേരോ വിവരങ്ങളോ ഇവിടെ തരണോ? ഇനി വീട്ടിലുള്ളവർക്ക് കോവിഡ് വരാതിരിക്കാൻ ഞങ്ങളെന്താണ് വേണ്ടത്?” എന്ന് മാത്രമാണ്.
രക്ഷാപ്രവർത്തനം നടത്തുമ്പോൾ കോവിഡ് കാലവും ശാരീരിക അകലവുമൊന്നും അവർ ഓർത്തിരുന്നില്ല. അതൊന്നും നോക്കാനുമാവില്ല. അതിനൊന്നും പറ്റുന്നൊരു ആഘാതത്തിനല്ല അവർ സാക്ഷ്യം വഹിച്ചതും.
പ്രിയപ്പെട്ട രക്ഷാപ്രവർത്തകരോട് ഒന്നേ പറയാനുള്ളൂ. ഇന്നലെ വിമാനത്തിൽ നിന്നും കൈയിൽ കിട്ടിയ ജീവൻ വാരിയെടുത്ത് ഞങ്ങൾക്കരികിൽ എത്തിയവരിൽ നിങ്ങളിൽ ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ ദയവ് ചെയ്‌ത് 14 ദിവസം സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണം. വീട്ടിലെ പ്രതിരോധശേഷി കുറവുള്ളവരുമായി യാതൊരു തരത്തിലും ഇടപെടരുത്. കോരിച്ചൊരിയുന്ന മഴയും തണുപ്പും കണക്കാക്കാതെ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട നിങ്ങൾക്ക് വരാൻ സാധ്യതയുള്ള വൈറൽ ഫീവർ ജലദോഷപ്പനിയാണോ കോവിഡാണോ എന്ന് സ്വയം തീരുമാനിച്ച് ലഘൂകരിക്കരുതെന്നും താഴ്‌മയായി അപേക്ഷിക്കുകയാണ്. ഉറപ്പായും ഞങ്ങൾക്കരികിലെത്തി ചികിത്സ തേടണം.
കൊണ്ടോട്ടി എന്ന കണ്ടെയിൻമെന്റ് സോണിലുള്ള, കടുത്ത കോവിഡ് ഭീഷണിയുള്ള , ഒരു പക്ഷേ കോവിഡ് രോഗികൾ ആയിരുന്നിരിക്കാൻ സാധ്യതയുള്ള, വിദേശത്ത് നിന്ന് വന്ന മനുഷ്യരെ ചേർത്ത് പിടിച്ച് സ്വന്തം വാഹനങ്ങളിൽ വരെ ആശുപത്രിയിൽ എത്തിച്ച നിങ്ങൾക്ക് രോഗം വരാനുള്ള സാധ്യത അത്രയേറെയാണ്. ഇനിയൊരു വലിയ കോവിഡ് ദുരന്തം കൂടി വേണ്ട നമുക്ക്. മറ്റിടങ്ങളിൽ നിന്നും വന്നെത്തിയ രക്ഷാപ്രവർത്തകരും ഇതേ കാര്യം പൂർണമായും ശ്രദ്ധിക്കുമല്ലോ.
ഇന്നലെ ആക്‌സിഡന്റ് പരിസരത്ത് പ്രവർത്തിച്ചവരോട് രണ്ടാഴ്‌ച ക്വാറന്റീനിൽ പ്രവേശിക്കാൻ സ്‌നേഹപൂർവ്വം അപേക്ഷിക്കുകയാണ്. എന്നിട്ടും കോവിഡ് വന്നാലോ എന്നാ? ഞങ്ങളുടെ അഭിമാനമായ രക്ഷാപ്രവർത്തകരെ ഉറപ്പായും ഞങ്ങൾ ആവും വിധമെല്ലാം നോക്കും.
നിസ്സംശയം നിങ്ങളോക്കെ തന്നെയാണ് ഈ ഭൂമിയിൽ ആയുരാരോഗ്യസൗഖ്യങ്ങളോടെ ഏറെക്കാലം തുടരേണ്ടവർ.
ഹൃദയം തൊട്ട നന്ദി നിങ്ങളോരോരുത്തർക്കും.
https://www.facebook.com/Malayalivartha