ഇന്‍ഷുറന്‍സിന് നിര്‍ണായകം... കരിപ്പൂരില്‍ വിമാനപകടം നടന്നത് അസാധാരണ പ്രവൃത്തി മൂലമാണെന്ന് പോലീസിന്റെ എഫ്.ഐ.ആര്‍.; ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതില്‍ നിര്‍ണായകമായ പ്രഥമ വിവര റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത് ചില പാളീച്ചകളിലേക്ക്; അശ്രദ്ധമായി അപകടമുണ്ടാക്കിയതിനുള്ള ഐപിസി, എയര്‍ക്രാഫ്റ്റ് ആക്ട് വകുപ്പുകള്‍ പ്രകാരം കേസ്

നിരവധി പേരുടെ ജീവന്‍ കവര്‍ന്ന കരിപ്പൂര്‍ വിമാനത്താവള അപകടം എങ്ങനെയുണ്ടായെന്നറിയാന്‍ രാജ്യം കാതോര്‍ക്കവേ പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് അഥവാ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. കരിപ്പൂര്‍ സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്‌ഐആര്‍ മഞ്ചേരി സിജെഎം കോടതിയുടെ ചുമതല വഹിക്കുന്ന നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിനാണ് സമര്‍പ്പിച്ചത്. അപകടത്തില്‍പെട്ടവര്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനും പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യമാണ്. അപകടസ്ഥലത്ത് എയര്‍പോര്‍ട്ട് പെരിഫറി സെക്യൂരിറ്റി ഡ്യൂട്ടി ചെയ്തിരുന്ന സിഐഎസ്എഫ് എഎസ്‌ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ തയാറാക്കിയത്.
അശ്രദ്ധമായി അപകടമുണ്ടാക്കിയതിനുള്ള ഐപിസി, എയര്‍ക്രാഫ്റ്റ് ആക്ട് വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലാന്റിംഗ് സമയത്തെ അശ്രദ്ധമായ പ്രവൃത്തി മൂലമാണ് അപകടം സംഭവിച്ചതെന്നാണ് പൊലീസ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. വിമാനാപകടം സംബന്ധിച്ച വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തിന് സമാന്തരമായാണ് പൊലീസ് അന്വേഷണവും നടക്കുന്നത്. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അപകട കാരണവും നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായോ എന്നതും അന്വേഷണ പരിധിയില്‍ വരും.
അഡീഷനല്‍ എസ്പി ജി. സാബുവിന്റെ മേല്‍നോട്ടത്തില്‍ മലപ്പുറം ഡിവൈഎസ്പി കെ. ഹരിദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. എഎസ്പി എ. ഹേമലത, സിഐമാരായ പി. ഷിബു, കെ.എം. ബിജു, അനീഷ് പി. ചാക്കോ, എസ്‌ഐമാരായ കെ. നൗഫല്‍, വിനോദ് വല്യത്ത് എന്നിവര്‍ സംഘത്തിലുണ്ടാകും.
അതേസമയം കരിപ്പൂരില്‍ അപകടത്തില്‍പെട്ട വിമാനം ലാന്റിംഗ് പാളിയതോടെ വീണ്ടും പറന്നുയരാന്‍ ശ്രമിച്ചിരുന്നതായാണ് കോക്പിറ്റ് ചിത്രങ്ങള്‍ നല്‍കുന്ന സൂചനയെന്ന് വ്യോമയാന വിദഗ്ധര്‍ പറയുന്നു. വിമാനത്തിന്റെ ത്രസ്റ്റ് ലീവര്‍, ടേക്ക് ഓഫ് പൊസിഷനിലാണ്. എന്‍ജിന്‍ സ്റ്റാര്‍ട്ട് ലീവര്‍, ഓഫ് സ്ഥാനത്തല്ല. അതേസമയം ചിറകുകളിലെ ഫ്‌ളാപ്പുകള്‍ നിയന്ത്രിക്കുന്ന ലീവര്‍, ലാന്‍ഡിങ് പൊസിഷനില്‍ തന്നെയാണ്.
റണ്‍വേയില്‍ ഏറെ മുന്നോട്ടുപോയി നിലം തൊട്ടതിനാല്‍ വേഗം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ വീണ്ടും പറന്നുയരാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരിക്കാം. ടേക്ക് ഓഫിന് വിമാനച്ചിറകുകളിലെ ഫ്‌ളാപ്പുകള്‍ 10 ഡിഗ്രിയില്‍ താഴെയാണു ക്രമീകരിക്കേണ്ടത്. എന്നാല്‍ അവ 40 ഡിഗ്രിയിലാണെന്നു ചിത്രത്തില്‍ വ്യക്തം. ഇത് ലാന്‍ഡിങ് സമയത്തു മാത്രം നടത്തുന്ന ക്രമീകരണമാണ്.
തീപിടിത്തം ഒഴിവാക്കാന്‍ എന്‍ജിന്‍ ഓഫ് ചെയ്തിരിക്കാമെന്ന നിഗമനങ്ങള്‍ ശരിയല്ലെന്നാണു ചിത്രത്തിലെ എന്‍ജിന്‍ സ്റ്റാര്‍ട്ട് ലീവറിന്റെ സ്ഥാനം നല്‍കുന്ന സൂചന. വിമാനം താഴെ വീണു പിളര്‍ന്നതോടെ തനിയെ എന്‍ജിന്‍ പ്രവര്‍ത്തനം നിലച്ചതാകാമെന്നാണ് അനുമാനം.
അപകടത്തിന്റെ ആഘാതത്തിലോ കോക്പിറ്റിലെ പൈലറ്റുമാരെ രക്ഷിക്കുന്നതിനിടയിലോ ലീവറുകളുടെ സ്ഥാനം മാറിയതാകില്ലേ എന്ന ചോദ്യത്തിന് അത് സംഭവിക്കില്ല എന്നാണു വിദഗ്ധര്‍ പറയുന്നത്.
അതേസമയം റണ്‍വേയുടെ പടിഞ്ഞാറു ഭാഗത്ത് റണ്‍വേ 10ല്‍ വിമാനം ഇറക്കാനുള്ള പൈലറ്റിന്റെ തീരുമാനം അപകടത്തിന് കാരണമായോ എന്നും അന്വേഷിക്കുന്നുണ്ട്. റണ്‍വേയുടെ കിഴക്കു ഭാഗമായ റണ്‍വേ 28 ആണ് കോഴിക്കോട് വിമാനത്താവളത്തിലെ പ്രൈമറി റണ്‍വേ. പ്രതികൂല കാലാവസ്ഥയില്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം നിര്‍ദേശിക്കുന്നതും പൈലറ്റുമാര്‍ തിരഞ്ഞെടുക്കുന്നതും ഈ റണ്‍വേയാണ്. എന്നാല്‍ അപകടത്തില്‍പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇറങ്ങിയത് റണ്‍വേ പത്തിലാണ്.
എടിസിയുടെ നിര്‍ദേശമനുസരിച്ച് ആദ്യ ലാന്‍ഡിങ്ങിനു ശ്രമിച്ചത് െ്രെപമറി റണ്‍വേയിലായിരുന്നു. എന്നാല്‍ ദൂരക്കാഴ്ചയുടെ പ്രശ്‌നങ്ങളെത്തുടര്‍ന്നു ലാന്‍ഡിങ് ശ്രമം ഉപേക്ഷിച്ച് വിമാനം വീണ്ടും പറന്നുയര്‍ന്നു. രണ്ടാം ശ്രമത്തില്‍ റണ്‍വേ 10ല്‍ ഇറങ്ങാന്‍ പൈലറ്റ് സ്വയം തീരുമാനിക്കുകയായിരുന്നു. ഇതാണോ അപകട കാരണമെന്നും അന്വേഷിക്കുന്നുണ്ട്. അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടോടെ ഇത് വ്യക്തമാകുന്നതാണ്.
"
https://www.facebook.com/Malayalivartha