സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആവശ്യപ്രകാരം പ്രതിപക്ഷ നേതാവിന് ഐ ഫോണ്‍ നല്‍കിയെന്ന് വെളിപ്പെടുത്തലുമായി യൂണിടാക്

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആവശ്യപ്രകാരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ നല്‍കിയെന്ന് യൂണിടാക് . യു.എ.ഇ.യുടെ ദേശീയ ദിനാഘോഷത്തിന് എത്തുന്നവര്‍ക്ക് സമ്മാനമായി നല്‍കാനാണെന്നുപറഞ്ഞാണ് മൊബൈല്‍ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ടത്.2019 ഡിസംബര്‍ രണ്ടിന് യു.എ.ഇ. കോണ്‍സുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ക്ക് ഇത് സമ്മാനമായി നല്‍കി.
സി.ബി.ഐ. അന്വേഷണത്തിനെതിരേ യൂണിടാക് നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ബില്ലും ഹാജരാക്കിയിട്ടുണ്ട്. വടക്കാഞ്ചേരിയിലെ പദ്ധതിക്കൊപ്പം ഭാവിയിലും പദ്ധതിയുടെ കരാര്‍കിട്ടുമെന്ന പ്രതീക്ഷയിലാണ് സ്വപ്ന മുഖേന യു.എ.ഇ. കോണ്‍സുലേറ്റ് ആവശ്യപ്പെട്ടപ്രകാരം കമ്മിഷന്‍ നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു.
3.80 കോടി രൂപ യു.എസ്. ഡോളറായി 2019 ഓഗസ്റ്റ് രണ്ടിനാണ് കൈമാറിയത്. 68 ലക്ഷം രൂപ സന്ദീപ് നായരുടെ ഉടമസ്ഥതയിലുള്ള ഇസോമോ ട്രേഡിങ് കമ്പനിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.
അതേസമയം തനിക്ക് ആരും മൊബൈല്‍ ഫോണ്‍ സമ്മാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. കോണ്‍സുലേറ്റിലെ ചടങ്ങില്‍ നറുക്കെടുപ്പിലൂടെ വിജയികളായവര്‍ക്കാണ് സമ്മാനം നല്‍കിയത്. കോണ്‍സുലേറ്റില്‍നിന്ന് താനൊരു സമ്മാനവും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha


























