തലസ്ഥാന നഗരം ഇനി മുതല്‍ ശുചിത്വ നഗരം, ബാനറുകള്‍ക്കും പോസ്റ്ററുകള്‍ക്കും വിട, തലസ്ഥാനം ഇനിമുതല്‍ സുന്ദരനഗരി

തലസ്ഥാന നഗരം ഇനി ആരും കാണാത്ത ശുചിത്വത്തിലേക്ക്. സമൂഹത്തിന് തന്നെ ഹാനികരമായ പ്ലാസ്റ്റിക്കുകളെയും ബാനറുകളെയും ഇനി കണ്ടെന്ന് വരില്ല. നഗരത്തെ ശുചീകരിക്കുന്നതിന്റെ ഭാഗമായി വരുന്നു ഓപ്പറേഷന്‍ അനന്ത എന്ന പദ്ധതി. ഇതിന്റെ ഭാഗമായി നഗരത്തിലെ അനധികൃത പോസ്റ്ററുകളും വന്‍ ബാനറുകളും പൊളിച്ചു നീക്കാനുള്ള തത്രപ്പാടിലാണ് അധികൃതര്‍. ചെന്നൈ മോഡലായി തലസ്ഥാനത്തെയും മാറ്റുക എന്നാണ് ഓപ്പറേഷന്‍ അനന്ത പദ്ധതിയിലൂടെയുള്ള പ്രധാന ലക്ഷ്യം.
ചെന്നൈ നഗരത്തിന്റെ മോഡലില്‍ ബാനറുകള്‍ക്കും പോസ്റ്ററുകള്‍ക്കുമായി ഇനി പൊതുവായ സ്ഥലം കണ്ടെത്താനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തീരുമാനിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളില്‍പെട്ട് ഉപേക്ഷിച്ചിട്ടിരിക്കുന്ന 730 വാഹനങ്ങളും അടിയന്തിരമായി ലേലം ചെയ്ത് ഖജനാവിനു മുതല്‍ക്കൂട്ടാക്കും. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഇതിനുള്ള പട്ടികയും തയ്യാറാക്കി.
ചെന്നൈ നഗരം മനോഹരമാക്കുന്നതിന്റെ ചുവടു പിടിച്ചാണു തലസ്ഥാനത്തെയും പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ചെന്നൈ പോലൊരു നഗരം പോസ്റ്ററുകളും കട്ടൗട്ടുകളും ബാനറുകളും ഒഴിവാക്കിയപ്പോള്‍ മനോഹരമായെങ്കില്‍ തിരുവനന്തപുരം പോലെ പുരാതന പ്രതിബിംബങ്ങളുള്ള നഗരം അതിലും മനോഹരമാക്കാമെന്നു സര്‍ക്കാര്‍ വിശ്വസിക്കുന്നു. പക്ഷെ തലസ്ഥാനത്തിന്റെ മുഖം തന്നെ വികൃതമാക്കുന്ന വിധത്തിലുള്ള പോസ്റ്ററുകളും ബാനറുകളുമാണു പ്രശ്‌നം . ഇതിനു പുറമെ വിവിധ സമരങ്ങളും ജാഥകളും നടക്കുമ്പോള്‍ നഗരവീഥികള്‍ കൊടികള്‍ കൊണ്ടു നിറയും. ഡിവൈഡറുകളില്‍ പോലും സ്ഥാപിക്കുന്ന കൊടികള്‍ അപകടം ക്ഷണിച്ചു വരുത്തുന്നുമുണ്ട്.
കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ കണ്‍മുമ്പിലാണു വെള്ളയമ്പലത്ത് ഇത്തരം അപകടം നടന്നത്. ഡിവൈഡറുകളില്‍ സ്ഥാപിച്ചിരിക്കുന്ന കൊടിയുടെ കമ്പ് തട്ടാതെ വെട്ടിച്ചു മാറ്റിയ ബൈക്ക് യാത്രക്കാരന്‍ സമീപത്തുള്ള വാഹനത്തിന്റെ അടിയില്‍പെടുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായുള്ള നടപടികളിലൂടെ കഴിയുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















