ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇംഗ്ലണ്ട് യാത്രകളിൽ പത്മകുമാറും പോയിരുന്നോ...? ആറന്മുളയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ അന്വേഷണ സംഘം പാസ്പോർട്ടും, പത്മകുമാറിന്റെയും ഭാര്യയുടെയും ആദായനികുതി വിവരങ്ങളും പിടിച്ചെടുത്തു: ഇരുവരുടെയും ആസ്തികളിലും അന്വേഷണം...

ആറന്മുളയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ ശബരിമല സ്വർണപ്പാളിക്കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ പാസ്പോർട്ട് പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി.) പിടിച്ചെടുത്തു. ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇംഗ്ലണ്ട് യാത്രകളിൽ പത്മകുമാറും പോയിരുന്നോ എന്നറിയാനാണ് ശ്രമം. പത്മകുമാറിന്റെയും ഭാര്യയുടെയും ആദായനികുതി വിവരങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരുടെയും ആസ്തികളിലും അന്വേഷണം നടത്തും.
2019-ൽ ശ്രീകോവിലിലെ കട്ടിളപ്പാളി, ദ്വാരപാലകശില്പങ്ങൾ എന്നിവയിലെ സ്വർണപ്പാളികളിൽനിന്ന് സ്വർണം തട്ടിയെടുത്തശേഷം ഉണ്ണികൃഷ്ണൻ പോറ്റി ഇംഗ്ലണ്ടിലേക്കും ഈജിപ്തിലേക്കും പോയെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മറ്റുപ്രതികളുടെ വിദേശയാത്രാവിവരം പാസ്‌പോർട്ടിൽനിന്ന് ശേഖരിക്കുന്നുണ്ട്. പ്രതിപ്പട്ടികയിൽ ഇനി അറസ്റ്റിലാവാനുള്ളവരുടെ പാസ്‌പോർട്ടുകളും മൊഴിയെടുക്കൽ ഘട്ടത്തിൽ പരിശോധിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിദേശയാത്രകളെക്കുറിച്ച് സമഗ്രമായ അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്.
2019-ൽ കട്ടിളപ്പാളി, ദ്വാരപാലകശില്പങ്ങൾ എന്നിവയിലെ സ്വർണപ്പാളികളിൽനിന്ന് സ്വർണം തട്ടിയതിനുശേഷമുള്ള കാലഘട്ടത്തെ രേഖകളൊന്നും പത്മകുമാറിന്റെ വീട്ടിൽനടന്ന റെയ്ഡിൽ അന്വേഷണസംഘത്തിന് കണ്ടെടുക്കാനായില്ല. പത്മകുമാറിന്റെയും ഭാര്യയുടെയും 2015-16, 2016-17 എന്നീ സാമ്പത്തികവർഷങ്ങളിലെ നികുതി റിട്ടേണുകളുടെ വിവരം കിട്ടിയിട്ടുണ്ട്. പത്മകുമാറിന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങളെക്കുറിച്ചാണ് അന്വേഷണം, സ്ഥാപനങ്ങളില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പങ്കുണ്ടോ എന്നതിലാണ് പ്രധാന പരിശോധന. പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന കാലത്തെ സന്നിധാനത്തെ മുഴുവന്‍ വിവരങ്ങളും എസ്‌ഐടി പരിശോധിക്കും.
കഴിഞ്ഞ ദിവസം പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്‍ എസ്‌ഐടി സംഘം പരിശോധന നടത്തിയിരുന്നു. 12 മണിക്കൂറിലധികം നീണ്ട പരിശോധനയില്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകള്‍ എസ്‌ഐടിക്ക് ലഭിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ടടക്കം ഇടപാടുകളുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്മകുമാറിന്റെ പത്തനംതിട്ടയിലെ ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്തുന്നത്. ഇരുവരും ചേര്‍ന്ന് പത്തനംതിട്ടയില്‍ ഭൂമിയും വ്യാപാര സ്ഥാപനങ്ങളും വാങ്ങി.
അസ്വഭാവികമായ സാമ്പത്തിക നേട്ടം പത്മകുമാറിന് ലഭിച്ചെന്നും എസ്‌ഐടി വിലയിരുത്തുന്നു. പ്രസിഡന്റായിരുന്ന കാലത്ത് എ.പത്മകുമാറിന്റെ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നിത്യ സന്ദര്‍ശകനായിരുന്നുവെന്നും, ചില അവസരങ്ങളില്‍ പത്മകുമാറിന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ടെന്നും എസ്‌ഐടി സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, എ.പത്മകുമാറില്‍ മാത്രം അന്വേഷണം ഒതുങ്ങില്ലെന്നാണ് എസ്‌ഐടി നല്‍കുന്ന സൂചന.ദേവസ്വം ബോര്‍ഡ് അംഗങ്ങളായിട്ടുള്ള കെ.പി ശങ്കരദാസും എന്‍.വിജയകുമാറും എസ്‌ഐടി നിരീക്ഷണത്തിലാണ്. എല്ലാം എ.പത്മകുമാര്‍ മാത്രം തീരുമാനിച്ചത് എന്നായിരുന്നു ഇരുവരുടെയും മൊഴി. സ്വര്‍ണ്ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ ഏല്‍പ്പിക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനമെടുത്തില്ലെന്നും, എന്നാല്‍ പിന്നീട് ദേവസ്വം മിനുറ്റ്‌സില്‍ കൃതൃമായി തീരുമാനമായി വന്നുവെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ മൊഴി അന്വേഷണ സംഘം വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഇരുവരെയും തിങ്കളാഴ്ച്ച വീണ്ടും ചോദ്യം ചെയ്‌തേക്കും.
https://www.facebook.com/Malayalivartha























