മധു ഈച്ചരത്ത് കൊലക്കേസിലെ ആറു പേര്‍ക്ക് ഇരട്ട ജീവപര്യന്തം; ഏഴാം പ്രതിക്ക് ജീവപര്യന്തം

കോണ്‍ഗ്രസ് നേതാവായിരുന്ന മധു ഈച്ചരത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെ ആറ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. കൊലപാതകത്തിനു ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ഏഴാം പ്രതിക്ക് ജീവപര്യന്തം. തൃശൂര്‍ അതിവേഗ കോടതി നാലാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ.പി സുധീറാണ് ശിക്ഷ വിധിച്ചത്.
അയ്യന്തോള്‍ കൊള്ളന്നൂര്‍ വീട്ടില്‍ പ്രേംജി, കൊള്ളന്നൂര്‍ അടാട്ട് പ്‌ളാക്കല്‍ വീട്ടില്‍ മാര്‍ട്ടിന്‍, ചാവക്കാട് മങ്ങാട്ട് ഷിനോജ്, അയ്യന്തോള്‍ വടക്കേ കുന്നമ്പത്ത് പ്രവീണ്‍, അടാട്ട് കോടിയില്‍ വീട്ടില്‍ പ്രജിത്ത്, അടാട്ട് പുത്തന്‍ വീട്ടില്‍ സുരേഷ് എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തവും അടാട്ട് മഞ്ഞക്കാട്ടില്‍ വീട്ടില്‍ സനൂപിന് ജീവപര്യന്തവുമാണ് ശിക്ഷ ലഭിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി, 302, ഐ.പി.സി 201 വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
പരിപാവനമായി കരുതുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ആരാധനാലയ പരിസരത്ത് നടത്തിയ കൃത്യം നീതീകരിക്കാനാവാത്തതാണെന്നും കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കേണ്ടതുമാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. പ്രതികളില്‍ പ്രജിത്ത് ഒഴികെയുള്ളവരുടെ ജാമ്യാപേക്ഷ വിവിധ കോടതികള്‍ തള്ളിയതു മൂലം വിചാരണവേളയില്‍ റിമാന്‍ഡിലായിരുന്നു. പ്രോസിക്യൂഷന് വേണ്ടി വിനു വര്‍ഗീസ് കാച്ചപ്പിള്ളി, അഭിഭാഷകരായ ജോഷി പുതുശ്ശേരി, ഷിബു പുതുശ്ശേരി എന്നിവര്‍ ഹാജരായി. വിധി പ്രഖ്യാപനം കേള്‍ക്കാന്‍ കോടതി പരിസരത്ത് വന്‍ തിരക്കായിരുന്നു.
കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം സെക്രട്ടറിയായിരുന്ന മധു ഈച്ചരത്ത് കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്ന് 2013 ജൂണ്‍ ഒന്നിനാണ് കൊല്ലപ്പെട്ടത്. ഭാര്യയോടൊപ്പം അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി മടങ്ങുന്നതിനിടെ ഓട്ടോയിലെത്തിയ സംഘം ക്ഷേത്രത്തിന് മുന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















