മന്ത്രി ജയലക്ഷ്മി ഇനി മണവാട്ടി, പാലോട് കുറിച്യ തറവാട് അതിഥികളെ സ്വീകരിക്കുന്ന തിരക്കില്‍, ജയലക്ഷ്മിയുടെ വിവാഹം കാണാന്‍ വിഐപികളും

മന്ത്രികല്യാണം ആഘോഷിക്കാനുള്ള തിരക്കിലാണ് പാലോട് കുറിച്യ തറവാട്. നാടെങ്ങും ആവേശത്തിന്റെയും സന്തോഷത്തിന്റെയും തിമിര്‍പ്പിലാണിപ്പോള്‍. പാലോട് തറവാട്ടില്‍ മന്ത്രിക്കല്യാണത്തിന്റെ ആഘോഷങ്ങള്‍ ഇന്നലെ മുതല്‍ക്കെ തുടങ്ങി. വിവിധയിടങ്ങളില്‍ നിന്നും നൂറ് കണക്കിന് ജനങ്ങളാണ് പാലോട് കുറിച്യ തറവാട്ടിലേക്ക് വന്നെത്തുന്നത്. വിഐപികളും സാധാരണക്കാരും ഉള്‍പ്പെടുന്ന മന്ത്രികല്യാണം. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരെയും സ്വീകരിച്ചിരുത്താനുള്ള തത്രപ്പാടിലാണ് മന്ത്രി ജയലക്ഷ്മിയുടെ അച്ഛന്‍ കുഞ്ഞാമനും അമ്മ അമ്മിണിയും ബന്ധുക്കളും ഇപ്പോള്‍.
പാലോട് തറവാട് ഇപ്പോള്‍ കല്യാണം ആഘോഷിക്കാനുള്ള ആവേശത്തിലും എല്ലാം കൊണ്ടും ഉത്സവ ലഹരിയിലുമാണ്. മണവാട്ടി ജയലക്ഷ്മിയെ കാണാന്‍ പാലോട് തറവാട്ടില്‍ തിക്കും തിരക്കുമാണ്. പറഞ്ഞ് തീരാന്‍ പറ്റാത്തത്ര കുടുംബക്കാരാണ് ജയലക്ഷ്മിയ്ക്കുള്ളത്. അത് കൂടാതെ പാര്‍ട്ടിക്കാരും സുഹ്യത്തുക്കളും വേറെ. ജില്ലാ പൊലീസ് ചീഫ് അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ വന്‍ സേനയാണ് ക്രമസമാധാന പാലനത്തിന് എത്തിയിട്ടുള്ളത്.
മാനന്തവാടി ഡി. വൈ. എസ്.പി എ. ആര്‍. പ്രേംകുമാറിന്റെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ പൊലീസ് രംഗത്തിറങ്ങും. ഇന്നലെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, ഷിബു ബേബി ജോണ്‍ എന്നിവര്‍ മന്ത്രി ജയലക്ഷ്മിയുടെ വീട്ടിലെത്തി. ഉച്ചയ്ക്ക് വന്നവരൊക്കെ സദ്യ കഴിച്ചാണ് മടങ്ങിയത്. വയനാട്ടിലെ മിക്ക കുറിച്യ കുടുംബങ്ങളും പാലോട് തറവാട്ടില്‍ ഇപ്പോള്‍ എത്തിക്കഴിഞ്ഞു. കുറിച്യ സമുദായത്തിന്റെ കല്യാണ ചടങ്ങുകള്‍ പൊതുജനങ്ങളില്‍ അധികമാരെയും കാണിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഗോത്രാചാര പ്രകാരമുള്ള ചടങ്ങുകളാണ് നടക്കുക.
കുറിച്ച്യ സമുദായ കീഴ്‌വഴക്കപ്രകാരം മുറച്ചെറുക്കനായ കമ്പളക്കാട് ചെറുവടി തറവാട്ടിലെ പരേതനായ അണ്ണന്റെയും ലീലയുടെയും മൂത്ത മകന്‍ സി.എ. അനില്‍കുമാറാണ് ജയലക്ഷ്മിയുടെ വരന്‍. പതിനായിരത്തോളം പേര്‍ വിവാഹച്ചടങ്ങുകള്‍ക്കു സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിവാഹാശംസയെത്തി. ഏഴുവര്‍ഷം മുമ്പ് തീരുമാനിച്ചതാണ് മന്ത്രി ജയലക്ഷ്മിയുടെ വിവാഹം. എങ്കിലും നിശ്ചയം നടന്നിരുന്നില്ല.
കുറിച്ച്യ ആചാരപ്രകാരം മുറച്ചെറുക്കനും മുറപ്പെണ്ണും തമ്മിലുള്ള വിവാഹത്തിന് ഇരുവര്‍ക്കും സമ്മതമല്ലെങ്കില്‍ മാത്രമാണ് അച്ഛന്‍ വഴിയുള്ള പന്തികുലത്തില്‍നിന്ന് വിവാഹാലോചനകള്‍ നടത്തുക. അമ്മ വഴിയുള്ള ബന്ധുകുലത്തില്‍നിന്ന് ഇവര്‍ക്ക് വിവാഹം പാടില്ല. മന്ത്രി ജയലക്ഷ്മിയുടെ അച്ഛനും പാലോട്ട് കുറിച്ച്യ തറവാട്ടിലെ കാരണവരുമായ കുഞ്ഞാമന്റെ സഹോദരി അമ്മിണിയുടെ മകളാണ് അനില്‍കുമാറിന്റെ അമ്മ ലീല. വിവാഹത്തിനുമുണ്ട് ചില നിയമങ്ങള്‍.
9.15ന് വരനും സംഘവും വധുവിന്റെ വീട്ടിലെത്തിക്കഴിഞ്ഞാല്‍ വള്ളിയൂര്‍ക്കാവ് ഭഗവതിക്ഷേത്രം മേല്‍ശാന്തി റീജേഷ് നമ്പൂതിരിയുടെ നേതൃത്വത്തില്‍ മറ്റ് ചടങ്ങുകള്‍. നാലുകെട്ടിന്റെ ആകൃതിയിലാണ് പാലോട്ട് തറവാട് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ നടുമുറ്റത്ത് പ്രത്യേകം തയാറാക്കിയ വേദിയിലാണു ചടങ്ങുകള്‍. മുഖ്യമന്ത്രി ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്കു മാത്രമേ വേദിക്കരികില്‍ പ്രവേശനമുള്ളൂ. എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ക്കായി പ്രത്യേക ഇരിപ്പിടം തയാറാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















