നിലം നികത്തി റോഡുണ്ടാക്കുന്നത് വേണ്ടെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദ്ദേശം

സംസ്ഥാനത്ത് വയലിലൂടെ റോഡുകള്‍ നിര്‍മ്മിക്കുന്നത് കര്‍ശനമായി വിലക്കിക്കൊണ്ട് സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കത്തയച്ചു. 2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമപ്രകാരം പൊതുആവശ്യത്തിന് നെല്‍വയലിലൂടെ റോഡുകള്‍ നിര്‍മ്മിക്കുന്നതിന് കര്‍ശന നിബന്ധനകള്‍ പാലിക്കണമെന്ന കത്ത് ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയത്. അതത് പഞ്ചായത്തുകളിലെ പ്രാദേശിക നിരീക്ഷണ സമിതിയുടെ ശുപാര്‍ശയോടെ സംസ്ഥാന തല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ റോഡുകളും പാലങ്ങളും നിര്‍മ്മിക്കാവൂ എന്നാണ് നിര്‍ദ്ദേശത്തിലുള്ളത്.
വയിലിന് നടുവിലൂടെ റോഡ് നിര്‍മ്മിച്ച് വീട്ടിനുള്ളില്‍ വാഹനമെത്തിക്കുന്ന രീതി ഇനി സ്വപ്‌നം മാത്രമാകും.
എംപി.ഫണ്ടും എംഎല്‍എ ഫണ്ടും, ജില്ലാ പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത് എന്നീ ഫണ്ടുകളും ഉപയോഗിച്ച് വ്യാപകമായി വയലുകള്‍ക്കു നടുവിലൂടെ റോഡുകള്‍ നിര്‍മ്മിക്കുന്നത് ശ്രദ്ധയില്‍ പ്പെട്ടതിനെത്തുടര്‍ന്നാണ് നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ജനപ്രിയരാകാന്‍ ചോദിക്കുന്നിടത്തെല്ലാം റോഡ് നല്‍കുന്നതാണ് ജനപ്രതിനിധികളുടെ രീതി. എംപി ഫണ്ടും എംഎല്‍എ ഫണ്ടുമെല്ലാം കൂടി ആയതോടെ ഈ പ്രവണത കൂടി. അങ്ങനെ വയലുകള്‍ മുഴുവന്‍ റോഡായി.
വയലില്‍ റോഡു വരുന്നതോടെ അതിന് ഇരുവശവുമുള്ള വയലുകള്‍ വ്യാപകമായി പറമ്പാക്കിമാറ്റി വന്‍ വിലയ്ക്ക് വില്‍ക്കുന്നതിനായി ഭൂമാഫിയ രംഗത്തെത്തുകയാണെന്നും പരാതിയുണ്ട്. ഒരു റോഡു വരുന്നതോടെ ഹെക്ടര്‍ കണക്കിനുവരുന്ന പാടശേഖരം ഒറ്റയടിക്ക് പറമ്പായി മാറുകയാണ് ചെയ്യുന്നത്. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തും ആലിപ്പറമ്പിലും ഇത്തരത്തില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ വയലിലൂടെ റോഡുകള്‍ നിര്‍മ്മിച്ചതുസംബന്ധിച്ച പരാതിയെത്തുടര്‍ന്നാണ് നിബന്ധന സര്‍ക്കാര്‍ കര്‍ശനമാക്കിയിട്ടുള്ളത്.
1967 ലെ കേരള ഭൂവിനിയോഗ നിയമ പ്രകാരവും 2008 ലെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമപ്രകാരവും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്തതും റവന്യൂ രേഖകളില്‍ നിലമായി രേഖപ്പെടുത്തിയതുമായ സ്ഥലങ്ങളില്‍ റോഡ്, വീട് തുടങ്ങിയ നിര്‍മ്മിക്കുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന കാര്യം കര്‍ശനമായി പാലിക്കണമെന്ന് സുപ്രീം കോടതിയുത്തരവും സര്‍ക്കാര്‍ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















