നാദിയയെ സുന്ദരിയാക്കിയ മലയാളി കളക്ടര്‍ക്ക് യു.എന്‍ പുരസ്‌കാരം

നമുക്ക് അഭിമാനിക്കാം ഒരു കളക്ടറെ ഓര്‍ത്ത്. ശുചിത്വം എന്താണെന്നറിയാത്ത ഒരു നാടിനെയും നാട്ടാരെയും അതു പഠിപ്പിച്ച് ഒരു വിപ്ലവം ഉണ്ടാക്കിയതിന്. ബംഗാളിലെ നാദിയ ഇപ്പോള്‍ സുന്ദരിയാണ്. മനുഷ്യ വിസര്‍ജ്ജ്യമില്ലാത്ത വെളിമ്പ്രദേശങ്ങള്‍. ശുചിത്വബോധമുള്ള ജനങ്ങള്‍... അങ്ങനെയല്ലായിരുന്നു ഒന്നര വര്‍ഷം മുമ്പ്. ബംഗ്‌ളാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന നാദിയ ജില്ലയില്‍ മൂവാറ്റുപുഴ സ്വദേശിയായ ഡോ. പി.ബി. സലിം കളക്ടറായി ചെല്ലുമ്പോള്‍ ജനങ്ങളില്‍ പകുതിയോളം പേര്‍ക്കും ശൗചാലയങ്ങളില്ലായിരുന്നു. വൃത്തിഹീനമായ പരിസരങ്ങള്‍. സാംക്രമിക രോഗങ്ങളുടെ വിളയാട്ടം... നിര്‍ദ്ധനരും നിരക്ഷരരുമായ ഗ്രാമീണരെ ബോധവല്‍ക്കരിച്ച തുകൊണ്ടുമാത്രം കാര്യമില്ല. ഒന്നര വര്‍ഷം കൊണ്ട് സലിം ഇവര്‍ക്ക് നിര്‍മ്മിച്ചു കൊടുത്തത് നാല് ലക്ഷം ടോയ്‌ലെറ്റുകള്‍.
ഒരു ടോയ്‌ലെറ്റിന് 10,000 രൂപ വച്ച് 400 കോടിയുടെ പദ്ധതി.
\'എന്തായിരുന്നു മാജിക്ക്? ഇത്രയും ഫണ്ട് ഇത്ര പെട്ടെന്ന്...? \' സലിം ചിരിക്കുന്നു. \'വെരി സിമ്പിള്‍. ഒരു കണ്‍സള്‍ട്ടന്‍സിയുമായും ചര്‍ച്ച ചെയ്തില്ല. ടെന്‍ഡറും കരാറുകാരും ഇടനിലക്കാരുമുണ്ടായിരുന്നില്ല. തൊഴിലുറപ്പ് പദ്ധതിക്ക് ഇഷ്ടം പോലെ ഫണ്ടാണുള്ളത്. പുല്ലു പറിച്ചു നടന്ന തൊഴിലാളികളെക്കൊണ്ട് ടോയ്‌ലെറ്റുകള്‍ക്കായി നിലമൊരുക്കി. കുഴികള്‍ കുത്തി. നമ്മുടെ കുടുംബശ്രീയെപ്പോലെ അവിടെ റൂറല്‍ ലൈവ്‌ലി ഹുഡ് പദ്ധതിയുണ്ട്. അതിലെ സ്ത്രീകളെ മേസ്തിരിപ്പണി പഠിപ്പിച്ചു. അവരാണ് നാല് ലക്ഷം ടോയ്‌ലെറ്റുകളും പണിതത്. നിര്‍മ്മല്‍ ഭാരത് പദ്ധതിയുടെ ഫണ്ടുപയോഗിച്ച് നിര്‍മ്മാണ വസ്തുക്കള്‍ വാങ്ങി. \'സബാര്‍ ശൗചാഗര്‍\' ( എല്ലാവര്‍ക്കും ശൗചാലയം ) എന്ന് പേരിട്ട പദ്ധതി സൂപ്പര്‍ ഹിറ്റായി. നാദിയ സുന്ദരിയായി...
ഇക്കഴിഞ്ഞ ദിവസമാണ് ഐക്യരാഷ്ട്ര സംഘടനയുടെ പബ്‌ളിക്ക് സര്‍വ്വീസ് അവാര്‍ഡ് ഈ ശുചിത്വ പദ്ധതിക്കാണെന്ന അറിയിപ്പ് സലീമിന് കിട്ടിയത്. 187 രാജ്യങ്ങളില്‍ നിന്ന് സമര്‍പ്പിച്ച ജനകീയ പദ്ധതികളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. അടുത്ത മാസം 26ന് യു. എന്‍ ദിനത്തില്‍ സെക്രട്ടറി ജനറല്‍ സലീമിന് അവാര്‍ഡ് സമ്മാനിക്കും.
പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് മിഷന്‍ ആരംഭിച്ച 612 ജില്ലകളില്‍ നാദിയയാണ് ആദ്യ സമ്പൂര്‍ണ ശൗചാലയ ജില്ല. ഒരു കളക്ടര്‍ക്ക് ഇത്രയൊക്കെ ചെയ്യാന്‍ കഴിയുമോ എന്നായിരുന്നു മുഖ്യമന്ത്രി മമതയുടെ അത്ഭുതം. സ്വന്തമായി വരച്ച് കൈയൊപ്പ് ചാര്‍ത്തിയ ഒരു പെയിന്റിംഗാണ് മമത സലീമിന് സമ്മാനിച്ചത്. മുഖ്യമന്ത്രിയുടെ അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















