യൂട്യൂബറെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ളവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി

യൂട്യൂബര്‍ വിജയ് പി.നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 30 ന് വിധി പറയുംവരെ അറസ്റ്റ് തടഞ്ഞു. സ്ത്രീകളെ മോശമായി ചിത്രീകരിച്ചതില്‍ പ്രതിഷേധിച്ച് വിജയ്.പി.നായരെ താമസസ്ഥലത്ത് കടന്നുകയറി മര്‍ദിച്ച സംഭവത്തിലാണ് ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്.
തങ്ങള്‍ക്കെതിരായ മോഷണക്കുറ്റം നിലനില്‍ക്കില്ലെന്നും മുന്‍കൂട്ടി പദ്ധതിയിട്ടല്ല പോയതെന്നും പ്രതികള്‍ അറിയിച്ചു. തങ്ങളെ ഉപദ്രവിച്ചതുകൊണ്ടാണ് തിരിച്ചു തല്ലിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. വിജയ് പി.നായര്‍ വിളിച്ചിട്ടാണ് പോയത്. അവിടെ ചെന്നശേഷമാണ് സ്ഥിതി മാറിയതെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പരാതി നല്‍കിയതെന്നും പ്രതികള്‍ ബോധിപ്പിച്ചു.
അയാളെ ചോദ്യം ചെയ്യാന്‍ നിങ്ങള്‍ ആരാണെന്ന് വാദത്തിനിടെ കോടതി പ്രതികളോട് ആരാഞ്ഞു. അടിച്ചെങ്കില്‍ പ്രത്യാഘാതം നേരിടാന്‍ തയ്യാറാവേണ്ടേ എന്നും കോടതി പ്രതികളോട് ചോദിച്ചു. പ്രതികള്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് കോടതി പറഞ്ഞു. തൊണ്ടി സാധനങ്ങള്‍ സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചതുകൊണ്ട് മോഷ്ടിക്കാനുള്ള ഉദ്ദേശമുണ്ടെന്ന് തോന്നുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha