അവസാനം ആ തീരുമനത്തില്‍ സര്‍ക്കാര്‍ എത്തി; വാഗമണ്ണിലെ വമ്പന്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കും; ഒഴിപ്പിക്കുന്നത് ഇരുന്നൂറിലധികം റിസോര്‍ട്ടുകളുള്ള 55 ഏക്കറിലെ വന്‍ ഭൂമി കയ്യേറ്റം; റാണിമുടി എസ്റ്റേറ്റ് ഉടമകള്‍ ഭൂമി കയ്യേറിയത് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ

മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയെങ്കിലും കയ്യേറ്റം ഒഴിപ്പിക്കാന്‍ മടിച്ചു നിന്ന സര്‍ക്കാര്‍ അവസാനം നിലപാട് മാറ്റി. ഇടുക്കി വാഗമണ്ണിലെ വമ്പന്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാന്‍ ഒടുവില്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. റവന്യു വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി നടപടി ആരംഭിച്ചു. ഇരുന്നൂറിലധികം റിസോര്‍ട്ടുകളുള്ള 55 ഏക്കറിലെ വന്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാനാണ് റവന്യൂ വകുപ്പ് ഒടുവില്‍ തീരുമാനിച്ചിരിക്കുന്നത്. റാണിമുടി എസ്റ്റേറ്റ് ഉടമ ജോളി സ്റ്റീഫനും അച്ഛന്‍ കെ ജെ സ്റ്റീഫനുമാണ് ഭൂമി കൈയേറ്റം നടത്തിയത്.
കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഈ കയ്യേറ്റത്തിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ക്രൈംബ്രാഞ്ചോ വിജിലന്‍സോ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
1989 ല്‍ വാഗമണ്ണില്‍ ഭൂമി വാങ്ങിയ റാണിമുടി എസ്റ്റേറ്റ് ഉടമ ജോളി സ്റ്റീഫന്‍ തന്റെ സ്ഥലത്തോട് ചേര്‍ന്ന 55 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൂടി കയ്യേറുകയായിരുന്നു. 1994 കാലഘട്ടത്തില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കയ്യേറ്റ ഭൂമിക്ക് പട്ടയമുണ്ടാക്കി. കയ്യേറിയ ഭൂമി പ്ലോട്ടുകളാക്കി മുറിച്ചു വിറ്റു. ഇവിടെയിപ്പോഴുള്ളത് 200-ലധികം റിസോര്‍ട്ടുകളാണ്.
ജോളി സ്റ്റീഫന്റെ മുന്‍ ഭാര്യ ഷേര്‍ളി മറ്റൊരു സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയപ്പോഴാണ് കയ്യേറ്റ വിവരം പുറത്തുവരുന്നത്. കയ്യേറ്റത്തിന് ജോളി സ്റ്റീഫന് എല്ലാ ഒത്താശയും ചെയ്തത് അന്നത്തെ പീരുമേട് താലൂക്കിലെയും വാഗമണ്‍ വില്ലേജിലേയും ഉദ്യോഗസ്ഥരാണ്.
മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തു കൊണ്ടുവന്നതിന് പിന്നാലെ റവന്യൂവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തില്‍ റാണിമുടി എസ്റ്റേറ്റ് ഉടമ കയ്യേറിയത് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 12 പട്ടയങ്ങള്‍ റദ്ദാക്കുന്നതിനൊപ്പം ഇതിലെ മുഴുവന്‍ ആധാരങ്ങളും റദ്ദാക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിടുകയും ചെയ്തു.
https://www.facebook.com/Malayalivartha
























