ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...

കൊല്ലം കരുനാഗപ്പള്ളിയിൽ ഗുണ്ടാപ്പകയെത്തുടർന്ന് യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവ് അതുലാണ് കൊല്ലപ്പെട്ടത്. കോടതി നിർദ്ദേശപ്രകാരം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടെ നാലംഗ സംഘം കാർ തടഞ്ഞുനിർത്തി ക്രൂരമായി ആക്രമിക്കുകയായിരുന്നു. തലയോട്ടി പിളർന്ന നിലയിൽ അതുലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കടുത്ത കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
അതുൽ അക്രമിക്കപ്പെടുമെന്ന് ഇൻ്റലിജൻസും സ്പെഷ്യൽ ബ്രാഞ്ചും റിപോർട്ട് നൽകിയിരുന്നു. എന്നാൽ, ജാമ്യത്തിലിറങ്ങിയ അതുൽ വ്യവസ്ഥയുടെ ഭാഗമായി സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴി ആക്രമിക്കുകയായിരുന്നു. കരുനാഗപ്പള്ളി പുതിയകാവിലായിരുന്നു ആക്രമണം. കുക്കു എന്ന് വിളിക്കുന്ന മനുവാണ് കാർ ഓടിച്ചിരുന്നത്.
ഇയാൾക്ക് ആക്രമണത്തിൽ പരിക്കേറ്റു. നാല് പ്രതികൾ മറ്റൊരു കാറിൽ ഇവരെ പിന്തുടരുകയായിരുന്നു. കാർ ഇടിച്ചിട്ട ശേഷം വാളുമായി ചാടിയിറങ്ങി തുരുതുരാ വെട്ടുകയായിരുന്നു. അതുലിന്റെ തലക്കാണ് വെട്ടേറ്റത്. തലയോട്ടി പിളർന്നു. കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കടത്തൂർ സംഘമാണോ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























