കട്ടയ്ക്ക് അങ്കംവെട്ടി... ചെത്തുതൊഴിലാളി പരാമര്‍ശത്തില്‍ മാപ്പ് പറയുമെന്ന് പ്രതീക്ഷിച്ച സകലര്‍ക്കും തെറ്റി; മാപ്പ് പറഞ്ഞില്ലെന്നു മാത്രമല്ല മാപ്പ് പറയിക്കാന്‍ നോക്കിയ ചെന്നിത്തലയ്ക്കും ഷാനിമോള്‍ ഉസ്മാനും എന്തിന് ഡല്‍ഹിയില്‍ നിന്നും ഭരണം പിടിപ്പിക്കാന്‍ വന്ന എഐസിസി വക്താവിന് വരെ കിട്ടി; പഴയ സുധാകര ദിനം തിരിച്ചു വരുന്നു

കമ്മ്യൂണിസ്റ്റുകാരെ പോലെ കത്തിക്കയറുന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ വളരെ കുറവാണ്. ജനകീയനായ ഉമ്മന്‍ ചാണ്ടിക്കാണെങ്കില്‍ പ്രായത്തിന്റെ അവശതയും അസുഖവും കാരണം നന്നായി ഒച്ചയെടുക്കാന്‍ പോലും വയ്യ. പിന്നെ ചെന്നിത്തലയുടെ കാര്യം. മുഖ്യമന്ത്രിയെ അനുകരിക്കാന്‍ നോക്കി സ്വന്തം കസേര പോലും പോയ അവസ്ഥയാണ്. മാത്രമല്ല ഐശ്വര്യ കേരള യാത്രയുടെ ഐശ്വര്യം കളഞ്ഞ് കെ. സുധാകരനും രംഗത്തെത്തി.
കെ. സുധാകരനെക്കൊണ്ട് മാപ്പ് പറയിക്കാന്‍ നോക്കിയ ചെന്നിത്തലയ്ക്കും ഷാനിമോള്‍ ഉസ്മാനും എന്തിന് ഡല്‍ഹിയില്‍ നിന്നും ഭരണം പിടിപ്പിക്കാന്‍ വന്ന എഐസിസി വക്താവ് താരിഖ് അന്‍വറിനും വരെ കൊടുത്താണ് സുധാകരന്റെ മുന്നേറ്റം. മാത്രമല്ല ഒരിഞ്ച് പിന്നോട്ട് പോയതുമില്ല.
ചെത്തുകാരന്റെ വീട്ടില്‍ നിന്നുവന്ന പിണറായിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ വാടകയ്‌ക്കെടുത്തത് അഭിമാനിക്കാന്‍ വകയുള്ളതല്ലെന്ന പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എം.പി പറഞ്ഞു. ചെത്തുതൊഴിലാളിയെന്ന് പറയുന്നത് കുറ്റമാണോ. വളര്‍ന്നുവന്ന സാഹചര്യം ഉയര്‍ന്ന നിലയിലെത്തുമ്പോള്‍ മറുന്നുപോകുന്നെന്നാണ് പറഞ്ഞതിന്റെ വ്യംഗ്യാര്‍ത്ഥമെന്നും സുധാകരന്‍ ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മാപ്പുപറയണമന്ന കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്റെ ആവശ്യത്തെയും രൂക്ഷമായി സുധാകരന്‍ വിമര്‍ശിച്ചു. സി.പി.എമ്മുകാര്‍ക്കില്ലാത്ത പ്രയാസം ഷാനിമോള്‍ക്കെന്തിനാണ്. സി.പി.എം ആരോപിക്കാത്ത കാരണങ്ങള്‍ കോണ്‍ഗ്രസ് പാളയത്തു നിന്നുയര്‍ന്നതില്‍ ഗൂഢാലോചന സംശയിക്കണമെന്നും നയം വ്യക്തമാക്കാന്‍ കെ.പി.സി.സി നേതൃത്വത്തിന് കത്തയച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
പിണറായിയുടെ പിതാവ് ചെത്തുകാരനായിരുന്നു. ഓരോ തൊഴിലിനും അതിന്റേതായ അന്തസില്ലേ. അതു പറഞ്ഞാലെന്താണ് കുറ്റം. എന്താണ് തെറ്റ്. ഭാഷ അറിയുന്ന പലരോടും ചോദിച്ചു. അവരൊന്നും അതില്‍ തെറ്റുണ്ടെന്ന് പറഞ്ഞിട്ടില്ല. ഞാന്‍ ജാതി പറഞ്ഞിട്ടില്ല. ഞാന്‍ നമ്പൂരിതിയല്ല, നമ്പ്യാരല്ല, നായരല്ല. ഞാനും മുഖ്യമന്ത്രിയുടെ ജാതിയാണ്. ഈഴവനാണ്. പിന്നയെങ്കനെ ഞാന്‍ മുഖ്യന്റെ ജാതിയെ കളിയാക്കും.
തൊഴിലാളിവര്‍ഗത്തിന്റെ താത്പര്യം സംരക്ഷിക്കേണ്ടയാള്‍ പൊതു ഫണ്ട് സ്വന്തം സുഖത്തിനും സൗകര്യത്തിനും ഉപയോഗിക്കുന്നു. ഹെലികോപ്ടറിനായി ഒരു വര്‍ഷം 18 കോടി രൂപ ചെലവഴിച്ചു. അദ്ദേഹത്തിന്റെ സുഖസൗകര്യങ്ങള്‍ക്കും കുടുംബ ഭദ്രതയ്ക്കും ഭരണത്തിന്റെ സ്വാധീനം ഉപയോപ്പെടുത്തിയോ എന്നതാണ് ഞാന്‍ ഉദ്ദേശിച്ചത്. പറഞ്ഞത് മാറ്റിപ്പറയേണ്ട കാര്യമുണ്ടെന്ന് തോന്നിയിട്ടില്ല.
ഏതെങ്കിലും സി.പി.എം നേതാവ് പ്രതികരിച്ചോ ഉമ്മന്‍ചാണ്ടിക്കും മറ്റുമെതിരെ എന്തെല്ലാം കാര്യങ്ങള്‍ പലരും പറഞ്ഞിട്ടുണ്ട്. സംസ്‌കാരമില്ലാത്ത വാക്കുകള്‍ ഉപയോഗിച്ച് ആക്ഷേപിച്ചിട്ടില്ലേ. അന്നൊന്നും തോന്നാത്ത വികാരം ഷാനിമോള്‍ക്ക് പിണറായിയെ വിമര്‍ശിച്ചപ്പോള്‍ തോന്നാന്‍ എന്തുപറ്റിയെന്നാണ് സംശയം. സി.പി.എം വിഷയമാക്കാത്തിടത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നതിലെ രഹസ്യമെന്താ പാര്‍ട്ടി പറയട്ടെ. എന്നിട്ട് ബാക്കി തീരുമാനിക്കാമെന്നും സുധാകരന്‍ പറഞ്ഞു.
എന്തായാലും കെ. സുധാകരന്റെ വെടിക്കെട്ട് ഉടന്‍ തീരുമെന്ന് തോന്നുന്നില്ല. സുധാകരനെ തിരുത്താന്‍ ആരു വന്നാലും കണക്കിന് കിട്ടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിനാലാണ് തന്റെ സ്ഥാനം തട്ടിയെടുക്കാന്‍ വന്ന സുധാകരനെതിരെ മുല്ലപ്പള്ളി കമാന്ന് ഒരക്ഷരം പറയാത്തത്. പുള്ളിക്കാരന് സുധാകരന്‍ എന്താണ് പറഞ്ഞതെന്ന് അറിയില്ലത്രെ. എല്ലാം പഠിക്കണം പോലും. നല്ല കാര്യം. ചെന്നിത്തലയ്ക്ക് രണ്ട് കിട്ടിയതിന് ശേഷം മാത്രമേ പഠിത്തം കഴിയൂ.
https://www.facebook.com/Malayalivartha























