അയ്യപ്പന്‍മാര്‍ക്ക് മികച്ച ചികിത്സ: നന്ദിയറിയിച്ച് ആന്ധ്രാ സര്‍ക്കാര്‍

ആന്ധ്രാ സ്വദേശികളായ ശബരിമല തീര്‍ത്ഥാടകര്‍ക്ക് മികച്ച ചികിത്സയൊരുക്കിയതിന് നന്ദിയറിച്ച് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. സമയബന്ധിതമായി മികച്ച ചികിത്സ ഉറപ്പാക്കിയതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, കേരള പോലീസ് എന്നിവര്‍ക്കാണ് നന്ദിയറിയിച്ചത്. ഈ മാസം 25 ന് കിഴക്കന്‍ ഗോദാവരി ജില്ലയില്‍ നിന്നുള്ള നാല് അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന വാഹനം തിരുവനന്തപുരം ചന്തവിളയില്‍ വച്ച് അപകടത്തില്‍പ്പെട്ടു. 4 പേര്‍ക്ക് പരിക്കേറ്റു. കേരള പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി വീണാ ജോര്‍ജ് വിദഗ്ധ പരിചരണം ഉറപ്പാക്കാന്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കി.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസിന് അടിയന്തര ന്യൂറോ സര്‍ജറി നടത്തി തീവ്ര പരിചരണം ഉറപ്പാക്കി. തുടയെല്ലിന് പൊട്ടലുള്ളയാള്‍ ഓര്‍ത്തോ ഐസിയുവില്‍ വിദഗ്ധ ചികിത്സയിലാണ്. എല്ലാവര്‍ക്കും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും ജീവന്‍ അപകടപ്പെടുത്തുന്ന സങ്കീര്‍ണതകളില്‍ നിന്ന് അവരെ രക്ഷിക്കുകയും ചെയ്തു. മണ്ഡല-മകരവിളക്ക് സീസണിലെ സര്‍ക്കാരിന്റെ നിരീക്ഷണവും ഊര്‍ജിത രക്ഷാപ്രവര്‍ത്തനവും, വിദഗ്ധ മെഡിക്കല്‍ സംവിധാനങ്ങള്‍, മറ്റ് സംസ്ഥാനങ്ങളുമായുള്ള ഏകോപനം എന്നിവയെ പ്രത്യേകം ആന്ധ്രാ സര്‍ക്കാര്‍ അഭിനന്ദിച്ചു.
https://www.facebook.com/Malayalivartha

























