പോസ്റ്റൽ ബാലറ്റ് : ത്രിതലപഞ്ചായത്തിലേയ്ക്ക് മൂന്ന് അപേക്ഷ വേണം

ത്രിതല പഞ്ചായത്തുകളെ സംബന്ധിച്ച് പോസ്റ്റൽ ബാലറ്റിനുള്ള മൂന്ന് അപേക്ഷകളും പൂരിപ്പിച്ച് ഉത്തരവിന്റെ പകർപ്പ് സഹിതം ഒറ്റ കവറിൽ സമ്മതിദായകന്റെ പേര് ഉൾപ്പെടുന്ന ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തിലെ ഏതു വരണാധികാരിക്കും നൽകാമെന്ന് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.
പോസ്റ്റൽ ബാലറ്റിനായി അപേക്ഷിക്കുന്നവർ നഗരസഭകളിൽ സമ്മതിദായകന്റെ പേര് ഉൾപ്പെടുന്ന വാർഡിന്റെ ചുമതലയുള്ള വരണാധികാരിക്ക് തന്നെ വേണം നൽകാൻ. ഒരു അപേക്ഷ നൽകിയാൽ മതിയാകും. അപേക്ഷയിൽ സമ്മതിദായകന്റെ പേരും പോസ്റ്റൽ മേൽവിലാസവും വോട്ടർ പട്ടികയുടെ ക്രമനമ്പരും. ഭാഗം (വിഭാഗം) നമ്പരും കൃത്യമായും രേഖപ്പെടുത്തണം.
ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ പോസ്റ്റൽ ബാലറ്റുകൾ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിയും ഗ്രാമപഞ്ചായത്തുകളുടെ ബാലറ്റുകൾ ഗ്രാമ പഞ്ചായത്ത് വരണാധികാരിയുമാണ് സമ്മതിദായകർക്ക് അയക്കുക. ഈ വരണാധികാരികൾ മൂന്ന് തലത്തിലേക്കുമുള്ള ബാലറ്റ് പേപ്പറുകളും, രേഖകളും, കവറുകളും ഒന്നിച്ചായിരിക്കും അയക്കുക. ഇതിനകം പരിശീലന കേന്ദ്രങ്ങളിലും ജില്ലാ കേന്ദ്രങ്ങളിലും ലഭിച്ചതും ലഭിക്കുന്നതുമായ വോട്ടർമാരുടെ പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷബന്ധപ്പെട്ട വരണാധികാരികൾക്ക് ഉടൻ കൈമാറി തുടർനടപടി സ്വീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ നിർദ്ദേശം നൽകി. വോട്ടെണ്ണൽ ദിവസം രാവിലെ 8 മണിക്ക് മുൻപ് തന്നെ വരണാധികാരിക്ക് കിട്ടത്തക്കവിധമുള്ള സമയക്രമീകരണം വരുത്തി വേണം വോട്ട് രേഖപ്പെടുത്തിയ പോസ്റ്റൽ ബാലറ്റുകൾ അയക്കേണ്ടത്.
https://www.facebook.com/Malayalivartha























