കത്വ ഫണ്ട് തട്ടിപ്പ് : മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ എതിരെ കേസെടുത്തു

ഉന്നാവോ കത്വ കേസുകളിലെ ഇരകളായ പെണ്‍കുട്ടികള്‍ക്ക് നിയമ പോരാട്ടം നടത്താനായി മൂസ്ലീം യുത്ത് ലീഗ് നടത്തിയ ഫണ്ട് പിരിവില്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ കേസ്. യൂത്ത് ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈറിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുന്നമംഗലം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍ യൂത്ത് ലീഗ് നേതാവ് കൂടിയായ യൂസഫ് പടനിലത്തിന്റെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ പി സി 420 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കത്വ, ഉന്നാവോ കേസുകളില്‍ ഇരകളായ പെണ്‍കുട്ടികള്‍ക്ക് നിയമപോരാട്ടം നടത്താനുള്ള ധനസഹായം എന്ന നിലയില്‍ 2018 ഏപ്രില്‍ 19, 20 തീയതികളിലാണ് ഫണ്ട് പിരിവ് നടത്തിയത്. പത്ര പരസ്യം മുഖേന നടത്തിയ ഫണ്ട് പിരിവില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട് ശാഖയിലെ അക്കൗണ്ടിലേക്കാണ് തുകകള്‍ സമാഹരിച്ചത്. ഫണ്ട് പിരിവിന്റെ ഭാഗമായി ഏകദേശം ഒരു കോടിയോളം രൂപ അക്കൗണ്ടില്‍ സമാഹരിച്ചുവെന്നും ഈ തുകയില്‍ നിന്നും വക മാറ്റി ചിലവുകള്‍ നടന്നുവെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്. അക്കൗണ്ടില്‍ നിന്നും 15 ലക്ഷം രൂപയോളം പി കെ ഫിറോസിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു. അതേ സമയം ഫണ്ട് വക കൈമാറ്റം നടത്തിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് ലഭ്യമാണെന്നും യൂത്ത് ലീഗ് പരാതിയോട് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha



























