കാറ്റും മഴയ്ക്കും പുറമെ ആലിപ്പഴ വർഷവും; ഭീഷണിയായി പൊടിക്കാറ്റ് !! അതീവ ജാഗ്രതാ നിർദേശം യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയു. ഇടിമിന്നലോടു കൂടിയ മഴയും കടൽക്ഷോഭവും പ്രതീക്ഷിക്കുന്നതിനാൽ വാരാന്ത്യത്തിൽ വിനോദയാത്രകൾ പ്ലാൻ ചെയ്യുന്നവരും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും കാലാവസ്ഥ അസ്ഥിരമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. ഡിസംബർ 18 വ്യാഴം മുതൽ വാരാന്ത്യം വരെ രാജ്യത്ത് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ
അറേബ്യൻ കടലിലെയും ചെങ്കടലിലെയും ന്യൂനമർദ്ദ സ്വാധീനമാണ് ഈ അപ്രതീക്ഷിത കാലാവസ്ഥാ മാറ്റത്തിന് കാരണം. കഴിഞ്ഞ ഒരാഴ്ചയായി യുഎഇയിൽ കനത്ത മഴ തുടരുകയാണ്. മിക്ക താഴ്ന്ന സ്ഥലങ്ങളിലും വെള്ളം കയറിയ അവസ്ഥയാണ്. ഡിസംബർ 19 വെള്ളിയാഴ്ചയോടെ കാലാവസ്ഥാ വ്യതിയാനം അതിന്റെ പൂർണ്ണരൂപത്തിൽ എത്തിയേക്കുമെന്നാണ് വിവരം..
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ദുബായ്, അബുദാബി, വടക്കൻ എമിറേറ്റുകൾ എന്നിവിടങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും എന്നാൽ ചില സമയങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടുന്നത് കനത്ത മഴയ്ക്ക് കാരണമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ശക്തമായ കാറ്റ് മണിക്കൂറിൽ 40 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ വീശാൻ സാധ്യതയുണ്ട്. ഇത് പൊടിയും മണലും ഉയരുന്നതിനും റോഡുകളിൽ ദൃശ്യപരത കുറയുന്നതിനും കാരണമാകും. ഈ സമയങ്ങളിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും ദുബായ് പോലീസ് നേരത്തെ നിർദേശം നൽകിയിരുന്നു. റോഡുകളിൽ വഴുക്കലുകൾക്ക് സാധ്യതയുള്ളതിനാൽ കാൽനടയാത്രക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. കൂടാതെ റോഡുകളിലെ അപകടസാധ്യത കുറയ്ക്കുന്നതിനായി പോലീസ് മുൻകരുതൽ മാർഗ നിർദേശങ്ങൾ കൂടെ പുറത്തിറക്കി
ദൃശ്യപരത കുറവുള്ള സമയങ്ങളിൽ സാധാരണ വേഗതയേക്കാൾ കുറഞ്ഞ വേഗതയിൽ മാത്രം വാഹനമോടിക്കണമെന്നും മുൻപിൽ പോകുന്ന വാഹനങ്ങളുമായി കൃത്യമായ സുരക്ഷിത അകലം പാലിക്കണമെന്നും വ്യക്തമാക്കി. പെട്ടെന്ന് ബ്രേക്ക് ഇടേണ്ടി വരുന്ന സാഹചര്യങ്ങളിൽ ഇത് അപകടങ്ങൾ ഒഴിവാക്കാൻ കൂടുതൽ സഹായിക്കും.
കൂടാതെ വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും മറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതും പൂർണ്ണമായും ഒഴിവാക്കണമെന്നും വ്യക്തമാക്കി. മാറുന്ന കാലാവസ്ഥയ്ക്ക് അനുസരിച്ച് ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുകയും പോലീസിന്റെ നിർദേശങ്ങൾ ശ്രദ്ധിക്കണമെന്നും അറിയിച്ചു.
മഴയ്ക്കും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ പർവതപ്രദേശങ്ങളിലും താഴ്വരകളിലും പോകുന്നത് അപകടകരമാണ്. അതിനാൽ താഴ്വരകൾ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും വെള്ളക്കെട്ടുകൾക്ക് അടുത്തേക്ക് പോകരുതെന്നും പോലീസ് കർശന മുന്നറിയിപ്പ് നൽകി. കൂടാതെ കടൽയാത്ര നടത്തുന്നവരും ബോട്ട് ഉടമകളും കാലാവസ്ഥാ റിപ്പോർട്ടുകൾ ശ്രദ്ധിക്കണമെന്നും വ്യക്തമാക്കി.
യുഎഇയിൽ കനത്ത മഴയാണ് ചില പ്രദേശങ്ങളിൽ തുടരുന്നത്. ഈ സാഹചര്യത്തിൽ അപകടങ്ങളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണമെന്നും അധികൃതർ നൽകുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്നും അറിയിച്ചു.
ചില താഴ്ന്ന സ്ഥലങ്ങളിൽ നിന്നും ആളുകളെ കഴിഞ്ഞ ദിവസം തന്നെ മാറ്റിപ്പാർപ്പിച്ചു. മഴ കുറയുന്ന പക്ഷം അവരെ തിരിക്കെ അയക്കുമെന്നും അറിയിച്ചു. യുഎഇയിലെ താഴ്ന്ന സ്ഥലങ്ങളിൽ താമസിക്കാൻ കഴിയുമെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ ആളുകളെ അവരുടെ വീടുകളിലേക്ക് തിരിച്ചയക്കു.
അതേസമയം ദുബായ് എമിറേറ്റിലും പരിസര പ്രദേശങ്ങളിലും വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എല്ലാവരും സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കണമെന്ന് പോലീസ് അറിയിച്ചു. നാളെയും രാജ്യത്തുടനീളം കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ 7 മുതൽ 9 അടി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവർക്കും തീരപ്രദേശങ്ങളിൽ ഉള്ളവർക്കും ജാഗ്രതാ നിർദേശം നൽകി. കൂടാതെ കാലാവസ്ഥാ മാറ്റത്തോടൊപ്പം താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്നും തണുപ്പ് വർധിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്നാൽ യുഎഇയിലെ മലയോര മേഖലകളിൽ താപനില 10 ഡിഗ്രി സെൽഷ്യസിനും താഴെ പോകാൻ സാധ്യതയുണ്ട്. കാലാവസ്ഥാ അസ്ഥിരതയിൽ നേരിയ കുറവുണ്ടാകുമെങ്കിലും ആകാശം മേഘാവൃതമായി തന്നെ തുടരും. ഇത് തീരദേശങ്ങളിലും കിഴക്കൻ മേഖലകളിലും മഴ തുടരാൻ സാധ്യത വർധിപ്പിക്കുന്നു.
അടുത്ത ആഴ്ചയോടെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങാൻ തുടങ്ങും. എങ്കിലും തീരപ്രദേശങ്ങളിലും ദ്വീപുകളിലും നേരിയ മഴ പ്രതീക്ഷിക്കാം. ഒപ്പം രാത്രികാലങ്ങളിൽ ഈർപ്പത്തിന്റെ അളവും വർധിക്കും. അവധികാലം കൂടെ ആയതിനാൽ വാരാന്ത്യത്തിൽ വിനോദയാത്രകൾ പ്ലാൻ ചെയ്യുന്നവർ നിർബന്ധമായും കാലാവസ്ഥാ റിപ്പോർട്ടുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
എന്നാൽ മരുഭൂമിയിലെ ആലിപ്പഴ വർഷം മനോഹര അനുഭവമാണ് എന്നുള്ള റിപ്പോർട്ടകളും വരുന്നുണ്ട് . മഞ്ഞു വീണ താഴ്‌വാരം പോലെ സുന്ദരമാണ് ആ കാഴ്ച എന്ന് പറയുന്നു . ആലിപ്പഴം വീണു മൂടിയ ഹാഇലിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വരുന്നുണ്ട്
യുഎഇയുടെ വിവിധ എമിറേറ്റുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പരക്കെ മഴ ലഭിച്ചു. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴയും മറ്റു പ്രദേശങ്ങളിൽ നേരിയ മഴയും രേഖപ്പെടുത്തി. മഴയെത്തുടർന്ന് രാജ്യത്തെ താപനിലയിൽ ഗണ്യമായ കുറവുണ്ടായി. കഴിഞ്ഞ ദിവസം കൂടിയ താപനില 24 ഡിഗ്രി സെൽഷ്യസായും കുറഞ്ഞ താപനില 17ഡിഗ്രിയായും രേഖപ്പെടുത്തി. പടിഞ്ഞാറൻ ദിശയിൽ നിന്നുള്ള ന്യൂനമർദ്ദത്തിന്റെയും അന്തരീക്ഷത്തിലെ തണുത്ത വായുവിന്റെ സാന്നിധ്യത്തിന്റെയും ഫലമായി രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
യുഎഇയിൽ ഡിസംബർ 19 വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാറ്റിന്റെ വേഗം മണിക്കൂറിൽ 25 കിലോമീറ്റർ വരെ വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ നിറഞ്ഞ് ദൃശ്യപരത കുറയാൻ ഇടയുണ്ട്. അതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. ബുധനാഴ്ച വരെ ഇടിമിന്നലിന്റെ അകമ്പടിയോടെയുള്ള തീവ്ര മഴയാണ് പല പ്രദേശങ്ങളിലും പ്രതീക്ഷിക്കുന്നത്.
അസ്ഥിര കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പുണ്ട്. കടൽ പ്രക്ഷുബ്ധമാകാനും തിരമാലകൾ ഉയരാനും സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നത് ഒഴിവാക്കണം. കൂടാതെ, മിന്നൽ പ്രളയ സാധ്യതയുള്ളതിനാൽ വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ നിന്നും തടാകങ്ങളിൽ നിന്നും (വാദി) പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ഡിസംബർ 20 വരെ അസ്ഥിരമായ കാലാവസ്ഥക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. വിവിധ ഗവർണറേറ്റുകളിൽ വ്യത്യസ്ത തീവ്രതയിലുള്ള മഴ പ്രതീക്ഷിക്കുന്നുണ്ട്. കനത്ത മഴക്കും വാദികളിലും താഴ്വരകളിലും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
രാജ്യത്ത് ന്യൂനമർദ്ദത്തിൻറെ സ്വാധീനം ഉണ്ടാകുമെന്നാണ് അറിയിപ്പ്. ഇടവിട്ടുള്ള മഴ, ശക്തമായ കാറ്റ്, കുറഞ്ഞ ദൃശ്യപരത എന്നിവയ്ക്ക് കാരണമാകും. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഞായർ, തിങ്കൾ ദിവസങ്ങളിൽ കാലാവസ്ഥ കൂടുതൽ ശക്തമാകും. മുസന്ദം ഗവർണറേറ്റിൽ 10–25 മില്ലീമീറ്റർ വരെ ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ട്. ബുറൈമി, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന ഗവർണറേറ്റുകളിൽ 5–15 മില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കാം.
ഡിസംബർ 14 മുതൽ 20 വരെ വാദികൾ നിറഞ്ഞൊഴുകാനുള്ള സാധ്യത വളരെ കൂടുതലാണ്. മണിക്കൂറിൽ 10–30 നോട്ട് വേഗതയിൽ ശക്തമായ വടക്ക്-പടിഞ്ഞാറൻ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. ചൊവ്വ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ മുസന്ദം, ബുറൈമി, ബാത്തിന ഗവർണറേറ്റുകളിൽ മഴയും അസ്ഥിരമായ കാലാവസ്ഥയും തുടരും. വെള്ളി, ശനി ദിവസങ്ങളിൽ വടക്കൻ ഗവർണറേറ്റുകളിൽ ഭൂരിഭാഗവും കാലാവസ്ഥാ വ്യതിയാനം ബാധിക്കാൻ സാധ്യതയുണ്ട്.
അസ്ഥിരമായ കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് പൗരന്മാരും താമസക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വാഹനമോടിക്കുന്നവർ വാദികൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കണമെന്നും ബന്ധപ്പെട്ട അധികാരികളുടെ ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു. കടലിൽ പോകുന്നവർ പുറപ്പെടുന്നതിന് മുമ്പ് കടൽക്ഷോഭത്തെക്കുറിച്ച് പരിശോധിക്കണമെന്നും ഈ ആഴ്ചയിലുടനീളം ഔദ്യോഗിക കാലാവസ്ഥാ അപ്‌ഡേറ്റുകളും ബുള്ളറ്റിനുകളും ശ്രദ്ധിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























