അമ്പമ്പോ എന്തൊരു ബുദ്ധി... ഔദ്യോഗിക പരിവേഷം ഉള്ളതിനാല്‍ തന്നെ തൊടാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്ന സ്പീക്കര്‍ ശ്രീരാമകൃഷ്ണനു വേണ്ടി കസ്റ്റംസ് കാത്തിരുന്നു; പെരുമാറ്റ ചട്ടം വന്നതോടെ സ്പീക്കറുടെ അധികാരം ചുരുങ്ങി; മത്സരിക്കാന്‍ പാര്‍ട്ടി സീറ്റ് നല്‍കാത്തതോടെ ഇനി എംഎല്‍എ എന്ന പരിരക്ഷ പോലും കിട്ടില്ല

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സ്പീക്കറെന്ന ഔദ്യോഗിക പരിവേഷം ഉള്ളതിനാല്‍ തന്നെ തൊടാന്‍ കഴിയില്ലെന്ന നിലപാടാണ് എടുത്തത്. എന്നാല്‍ കസ്റ്റംസാകട്ടെ ധൃതിവയ്ക്കാതെ കാത്തിരുന്നു. നിയമോപദേശം തേടി കേന്ദ്രത്തിന്റെ അനുമതി വാങ്ങി.
പെരുമാറ്റ ചട്ടം വന്നതോടെ സ്പീക്കറുടെ അധികാരം ചുരുങ്ങി. മാത്രമല്ല പാര്‍ട്ടി പോലും ശ്രീരാമകൃഷ്ണന് സീറ്റ് നല്‍കിയില്ല. അതായത് സ്പീക്കര്‍ പരിവേഷം കേവലം ഒന്നര മാസം മാത്രം. അത് കഴിഞ്ഞാല്‍ എംഎല്‍എ പോലുമല്ല. അതോടെ കസ്റ്റംസിന് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും.
ഡോളര്‍ കടത്തുകേസില്‍ സ്വപ്നയുടെ നിര്‍ണായക വെളിപ്പെടുത്തലിന് പിന്നാലെ തുടര്‍നടപടികളുമായി കസ്റ്റംസ് നീങ്ങുകയാണ്. കേസില്‍ ഈ മാസം 12ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടീസ് അയച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെയും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെയും പ്രേരണയെ തുടര്‍ന്നാണ് യു.എ.ഇ കോണ്‍സുലേറ്റിന്റെ സഹായത്തോടെ വിദേശത്തേക്ക് ഡോളര്‍ കടത്തിയതെന്ന് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ടെന്ന് കസ്റ്റംസ് ഇന്നലെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
മൊഴിപ്പകര്‍പ്പ് അന്തിമ വാദത്തിനിടെയോ കോടതി ആവശ്യപ്പെടുന്ന ഘട്ടത്തിലോ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാം. കേസിന്റെ തുടര്‍ നടപടികള്‍ക്കിടയിലോ ഭാവിയിലുണ്ടാകാവുന്ന നടപടികളിലോ മൊഴികള്‍ക്ക് പ്രാധാന്യമുണ്ടായേക്കാമെന്നും കസ്റ്റംസ് പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലുള്ള സത്യവാങ്മൂലമാണ് കസ്റ്റംസ് കമ്മീഷണര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കറോട് നേരിട്ട് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാവാനാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ ഈ കേസില്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡോളര്‍ കടത്തില്‍ നേരിട്ട് ബന്ധമുണ്ടെന്ന് 164 പ്രകാരം സ്വപ്ന നല്‍കിയ മൊഴിയില്‍ ഉണ്ടെന്നാണ് കസ്റ്റംസിന്റെ സത്യവാങ്മൂലത്തിലുള്ളത്. മുന്‍ കോണ്‍സല്‍ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാനത്തെ മൂന്ന് മന്ത്രിമാര്‍ക്കുകൂടി ഈ ഇടപാടുകളില്‍ പങ്കുണ്ട്. പല ഇടപാടുകളിലും കമ്മീഷന്‍ നല്‍കിയിട്ടുണ്ടെന്നും സ്വപ്നയുടെ മൊഴി പ്രകാരം കസ്റ്റംസ് അറിയിച്ചിട്ടുണ്ട്.
കോണ്‍സുല്‍ ജനറലുമായുള്ള ഇടപെടലുകളില്‍ തര്‍ജ്ജമ ചെയ്തിരുന്നത് താനാണെന്നും സ്വപ്ന പറയുന്നു. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയുന്നതെന്നും സ്വപ്ന മൊഴി നല്‍കിയതായി കസ്റ്റംസിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം സ്വപ്നയുടെ ഈ മൊഴി തെരഞ്ഞെടുപ്പില്‍ വജ്രായുധമായി ഉപയോഗിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതേസമയം അതേ നാണയത്തില്‍ തിരിച്ചടിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. മജിസ്‌ട്രേറ്റിന് മുന്നില്‍ പ്രതി നല്‍കിയ രഹസ്യമൊഴിയെന്ന രീതിയില്‍ മാസങ്ങള്‍ക്ക് മുമ്പേ പ്രചരിച്ച കഥ ഇപ്പോള്‍ സത്യവാങ്മൂലമായി കസ്റ്റംസ് നല്‍കിയതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢലക്ഷ്യമുണ്ടെന്ന് സി.പി.എം വിശ്വസിക്കുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള രാഷ്ട്രീയ ഉപകരണങ്ങളായി കേന്ദ്ര ഏജന്‍സികള്‍ അധഃപതിച്ചെന്നാണ് സി.പി.എം പ്രതികരിച്ചത്. ബി.ജെ.പിയെയും യു.ഡി.എഫിനെയും ഇതിന്റെ പേരില്‍ രൂക്ഷമായി കടന്നാക്രമിക്കുകയും ചെയ്തു. ഇന്ന് കസ്റ്റംസ് മേഖലാ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷസമരം എല്‍.ഡി.എഫ് നടത്തുകയാണ്. പ്രത്യാക്രമണത്തിലൂടെ രാഷ്ട്രീയപ്രതിരോധം തീര്‍ക്കാനാണിത്.
കിഫ്ബിക്കെതിരെ കേസെടുത്ത ഇ.ഡിയെ കടുത്ത ഭാഷയില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചതിന് തൊട്ടടുത്ത ദിവസം കസ്റ്റംസ് നടത്തിയ നീക്കം രാഷ്ട്രീയ ഗൂഢോദ്ദേശ്യത്തോടെയാണെന്ന് പൊതുസമൂഹത്തെ ബോദ്ധ്യപ്പെടുത്താനാകുമെന്ന് സി.പി.എം കണക്കുകൂട്ടുന്നു.
എന്നാല്‍, കസ്റ്റംസ് ഇത്രയും നാള്‍ രഹസ്യമൊഴി മൂടിവച്ചെന്നും അതു സി.പി.എം ബി.ജെ.പി ബാന്ധവം കൊണ്ടാണെന്നും യു.ഡി.എഫ് ആരോപിക്കുന്നു. കസ്റ്റംസ് സത്യവാങ്മൂലവും കിഫ്ബിക്കെതിരായ ഇ.ഡി അന്വേഷണവും രാകിമിനുക്കി സര്‍ക്കാരിനെതിരെ ആയുധമാക്കാനാണ് ബി.ജെ.പിയുടെയും നീക്കം.
"https://www.facebook.com/Malayalivartha























