നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാണ് വടകര. ആര്‍എംപിയുടെ സ്ഥാനാര്‍ഥിയായി കെകെ രമ എത്തിയതോടെയാണ് മണ്ഡലം ശ്രദ്ധാകേന്ദ്രമായത്...

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാണ് വടകര. ആര്‍എംപിയുടെ സ്ഥാനാര്‍ഥിയായി കെകെ രമ എത്തിയതോടെയാണ് മണ്ഡലം ശ്രദ്ധാകേന്ദ്രമായത്. ചന്ദ്രശേഖരന്‍ സംഭവം മുതല്‍ സിപിഎമ്മിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് രമ. ഇത്തവണ നിയമസഭയില്‍ രമയുടെ ശബ്ദം കേള്‍ക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആര്‍എംപി.
ഇടതുപക്ഷത്തിനെ അടിക്കാന്‍ കിട്ടിയ അവസരം എന്ന് മനസിലാക്കി രമയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ ആര്‍എംപി യുഡിഎഫിന്റെ ഭാഗമാകില്ലെന്ന് രമ പറഞ്ഞു. വടകരയില്‍ രമ വിജയിക്കുമെന്ന് ആര്‍എംപി പറയാന്‍ ചില കാരണങ്ങളുണ്ട്.
ആദ്യം സ്ഥാനാര്‍ഥിയാകാന്‍ താല്‍പ്പര്യപ്പെട്ടിരുന്നില്ല രമ. പിന്നീടാണ് ചര്‍ച്ചകള്‍ മാറിയതും രമ സ്ഥാനാര്‍ഥിത്വത്തിലേക്ക് എത്തിയതും. യുഡിഎഫ് നേതാക്കള്‍ രമയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള തീരുമാനം മരവിപ്പിച്ചതോടെ ശക്തമായ മല്‍സരം നടക്കുമെന്ന് ഉറപ്പായി. ചില അടിയൊഴുക്കുകള്‍ മണ്ഡലത്തില്‍ നടന്നു എന്നാണ് ആര്‍എംപി നല്‍കുന്ന സൂചന.
എംകെ പ്രംനാഥും സികെ നാണുവുമെല്ലാം തുടര്‍ച്ചയായി ജയിച്ചുവരുന്ന വടകര മണ്ഡലം ഇത്തവണ ഇടതുപക്ഷത്തെ കൈവിടുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇടതുപക്ഷം വളരെ പ്രതീക്ഷയോടെയാണ് ഇപ്പോഴും പ്രതികരിക്കുന്നത്. എന്നാല്‍ ആര്‍എംപിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തില്‍ യുഡിഎഫ് വോട്ടുകള്‍ കൂടി ആകുന്നതോടെ രമ ജയം ഉറപ്പിക്കുന്നു. എല്‍ജെഡി നേതാവ് മനയത്ത് ചന്ദ്രനോ കെകെ രമയോ... ആരാണ് ജയിക്കുക എന്ന ചോദ്യമാണ് ഇനി ബാക്കിയുള്ളത്.
സിപിഎമ്മുകാര്‍ വരെ തനിക്ക് വോട്ട് ചെയ്തുവെന്ന് രമ പറയുന്നു. പലരും തന്നെ വിളിച്ച് ഇത്തവണത്തെ വോട്ട് രമയ്ക്ക് എന്ന് പറഞ്ഞുവെന്നും രമ പറയുന്നു. ആര്‍എംപി നേതാക്കളും ഇത് ശരിവെക്കുന്നു. പാര്‍ട്ടി അറിയേണ്ട, ഇത്തവണ വോട്ട് രമയ്ക്ക് ചെയ്തു എന്ന് പലരും വിളിച്ചുപറഞ്ഞുവെന്ന് രമ തന്നെ അവകാശപ്പെടുന്നു.
കൊലപാതക രാഷ്ട്രീയത്തിനെതിരായ വികാരം തനിക്ക് അനുകൂലമാകുമെന്നും സ്ത്രീ വോട്ടര്‍മാരില്‍ വലിയൊരു വിഭാഗം, അത് ഇടതുപക്ഷത്ത് നിന്നുള്ളവര്‍ പോലും ഇത്തവണ തനിക്ക് വോട്ട് ചെയ്തുവെന്നും രമ വ്യക്തമാക്കുന്നു.
അതേസമയം, ആര്‍എംപി യുഡിഎഫിന്റെ ഭാഗമാകില്ലെന്ന് രമ പറഞ്ഞു. വടകരയില്‍ മല്‍സരിച്ചത് യുഡിഎഫ് പിന്തുണയോടെയാണ്. എന്നാല്‍ യുഡിഎഫിന്റെ ഭാഗമായിട്ടല്ല. യുഡിഎഫ് പുറത്തുനിന്നുള്ള നിരുപാധിക പിന്തുണയാണ് ഇത്തവണ നല്‍കിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും രമ വ്യക്തമാക്കി. വിഎസ് അനുകൂലികള്‍ രമയെ പിന്തുണയ്ക്കുമെന്ന പ്രചാരണവും ഉണ്ടായിരുന്നു.
സാധാരണ വോട്ട് ചെയ്യാന്‍ വരാത്തവര്‍ പോലും ഇത്തവണ വോട്ട് ചെയ്യാനെത്തിയതാണ് ആര്‍എംപിക്കും യുഡിഎഫിനും പ്രതീക്ഷ നല്‍കുന്നത്. ഇടതുപക്ഷത്തെ പരാജയപ്പെടുത്തണമെന്ന് മാത്രമായിരുന്നില്ല പലരുടെയും താല്‍പ്പര്യമെന്നും കെകെ രമ നിയമസഭയിലെത്തണമെന്നതായിരുന്നുവെന്നും ആര്‍എംപി നേതൃത്വം പറയുന്നു.
https://www.facebook.com/Malayalivartha