മണ്ണെണ്ണയിൽ നിന്ന് പെട്രോൾ എൻജിനിലേക്ക് മാറുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മീൻപിടിത്ത വള്ളങ്ങൾക്ക് ഇന്ധനലഭ്യത ഉറപ്പാക്കാൻ മത്സ്യഫെഡിന് കീഴിൽ പെട്രോൾ പമ്പുകൾ ആരംഭിക്കാൻ പദ്ധതി

മണ്ണെണ്ണയിൽ നിന്ന് പെട്രോൾ എൻജിനിലേക്ക് മാറുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മീൻപിടിത്ത വള്ളങ്ങൾക്ക് ഇന്ധനലഭ്യത ഉറപ്പാക്കാനായി മത്സ്യഫെഡിന് കീഴിൽ പെട്രോൾ പമ്പുകൾ ആരംഭിക്കാൻ പദ്ധതിയൊരുങ്ങുന്നു. ഇതിനുവേണ്ടി സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ 107 തീരപ്രദേശങ്ങളിൽ ഇന്ധനക്കമ്പനികൾ സാധ്യതാപഠനം ആരംഭിച്ചു.
ഭാരത് പെട്രോളിയം കോർപറേഷൻ, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ, മാംഗളൂർ പെട്രോളിയം എന്നീ കമ്പനികളാണ് പഠനം നടത്തുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 50 പമ്പുകളാണ് തുടങ്ങുക.
കേന്ദ്ര-സംസ്ഥാനങ്ങളുടെ വിവിധ ലൈസൻസുകൾ, രജിസ്ട്രേഷനുകൾ പാരിസ്ഥിതിക അനുമതിപത്രങ്ങൾ തുടങ്ങിയവ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിച്ചു വരുന്നു. ആറ് മാസത്തിനുള്ളിൽ പമ്പുകൾ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
മലപ്പുറം ജില്ലയിലെ പറവണ്ണയിൽ മത്സ്യഫെഡിന്റെ പെട്രോൾ പമ്പ് നേരത്തെ പ്രവർത്തിക്കുന്നുണ്ട്. മത്സ്യഫെഡിന്റെ കീഴിൽ നിലവിലുള്ള 13 മണ്ണെണ്ണ ബങ്കുകളിൽ പെട്രോൾകൂടി ലഭ്യമാക്കാനുള്ള നടപടിയും തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്ത് മണ്ണെണ്ണ എൻജിനുകളിൽ പ്രവർത്തിക്കുന്ന യാനങ്ങൾ ഘട്ടംഘട്ടമായി പെട്രോളിലേക്ക് മാറ്റാനാണ് ഫിഷറീസ് വകുപ്പിന്റെ ലക്ഷ്യം. ഇതിന് തൊഴിലാളികൾക്ക് 80 ശതമാനം സബ്സിഡി നൽകുന്നതാണ്..
"https://www.facebook.com/Malayalivartha



























