ചെലപ്പം ശരിയായാലോ... ജയിക്കാമായിരുന്ന സീറ്റില്‍ പോലും തോറ്റ് തുന്നം പാടിയതിന് കാരണമായി മെട്രോമാന്‍ ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവരുടെ റിപ്പോര്‍ട്ട് ബിജെപിയുടെ കണ്ണ് തുറപ്പിക്കുമോ? ന്യൂനപക്ഷത്തെ ചേര്‍ത്തുനിര്‍ത്താതെ രക്ഷയില്ല; ബിജെപി കേന്ദ്രനേതൃത്വത്തിന് റിപ്പോര്‍ട്ട്

സകലതും നല്‍കിയിട്ടും കേരളത്തില്‍ മാത്രം ബിജെപി തോറ്റ് തുന്നം പാടുന്നത് എന്തുകൊണ്ടാണ്. ഈര്‍ക്കില്‍ പാര്‍ട്ടികള്‍ പോലും ജയിച്ച് കയറുമ്പോഴാണ്. ആളും ആരവവുമുള്ള ബിജെപിയുടെ ഈ ഗതി. ചുരുങ്ങിയ കാലം കൊണ്ട് മെട്രോ പൂര്‍ത്തിയാക്കുന്ന ഇ ശ്രീധരന്റെ പ്ലാന്‍ പോലെ ബിജെപിയെ ജയിപ്പിച്ച് കയറാനുള്ള ശ്രമത്തിലാണ് കേന്ദ്ര നേതൃത്വം.
കേരളത്തിലെ ബിജെപിയുടെ തിരഞ്ഞെടുപ്പു പരാജയം സംബന്ധിച്ച് കേന്ദ്രനിര്‍ദേശ പ്രകാരം ഇ. ശ്രീധരന്‍, ജേക്കബ് തോമസ്, സി.വി. ആനന്ദബോസ് എന്നിവര്‍ കേന്ദ്രനേതൃത്വത്തിനു റിപ്പോര്‍ട്ട് നല്‍കി. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ക്കാണ് റിപ്പോര്‍ട്ടുകളില്‍ ഊന്നല്‍. മൂവരുടെയും റിപ്പോര്‍ട്ടുകള്‍ വെവ്വേറെയായാണു കേന്ദ്രനേതൃത്വത്തിനു നല്‍കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷം കാരണങ്ങള്‍ വിലയിരുത്താനും നിര്‍ദേശങ്ങള്‍ക്കുമായി, നേരത്തേ ഔദ്യോഗിക മേഖലയില്‍ മികവു പുലര്‍ത്തിയ മൂവരെയും പാര്‍ട്ടി ദേശീയ നേതൃത്വം ചുമതലപ്പെടുത്തുകയായിരുന്നു.
റിപ്പോര്‍ട്ട് നല്‍കിയ കാര്യം ഇ.ശ്രീധരന്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെയും മോര്‍ച്ച അധ്യക്ഷന്മാരുടെയും യോഗത്തിനു മുന്‍പു തന്നെ 3 റിപ്പോര്‍ട്ടുകളും നല്‍കിയതായാണ് സൂചന. പാര്‍ട്ടിയെ ന്യൂനപക്ഷങ്ങളുമായി കൂടുതല്‍ അടുപ്പിക്കാനും അവരുടെ പേടി മാറ്റാനുമുള്ള നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടുകളിലുണ്ടെന്നറിയുന്നു. തിരഞ്ഞെടുപ്പു ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്.
ക്രിസ്ത്യന്‍ സമുദായത്തെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്താനുള്ള നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയത് ഇതിന്റെ അടിസ്ഥാനത്തിലാണെന്നു പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ഫണ്ടു വിവാദത്തെക്കുറിച്ചും പ്രധാനമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കേരളത്തിലെ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പുകളുമായി ബന്ധമില്ലാത്തതിനാല്‍കൂടിയാണ് നിഷ്പക്ഷ വിലയിരുത്തലിനായി ഇവരെ ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയതെന്നറിയുന്നു. അതില്‍ നിന്നുള്ള കാര്യങ്ങള്‍ പഠിച്ച് നടപടികളെടുക്കാനാണ് സാധ്യത.
അതിനിടെ, കേരള ബിജെപിയിലെ കെ. സുരേന്ദ്രന്‍ വിരുദ്ധ വിഭാഗം പ്രധാനമന്ത്രിക്കു കത്തെഴുതിയതായും അറിയുന്നു. തിരഞ്ഞെടുപ്പു ഫണ്ട് വിവാദത്തിന്റെ കണക്കുകളും ഇതിലുള്ളതായി സൂചനയുണ്ട്.
നിലവിലെ സാഹചര്യത്തില്‍ കേന്ദ്രനേതൃത്വം ഇടപെട്ടു സംസ്ഥാന നേതൃത്വത്തെ മാറ്റുന്നത് പാര്‍ട്ടിയുടെ പ്രതിഛായയെ ദോഷകരമായി ബാധിക്കുമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. നേതൃത്വം ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനമൊഴിയുന്നതിന്റെ സാധ്യതകളും പരിശോധിക്കുന്നുണ്ട്.
പാര്‍ട്ടി ഒറ്റക്കെട്ടായി ആക്രമണത്തെ ചെറുക്കണമെന്ന കേന്ദ്രനിര്‍ദേശത്തിന്റെ ഭാഗമായാണ് ഇന്നലെ മുതല്‍ ആരംഭിച്ച പ്രതിരോധം. ഒരു വിഭാഗം ഫണ്ട് വിവാദത്തില്‍ നിശ്ശബ്ദരായിരിക്കുന്നത് ഔദ്യോഗിക പക്ഷം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം നടന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും സംസ്ഥാന നേതൃത്വത്തിനും എതിരേ രൂക്ഷ വിമര്‍ശനമുണ്ടായ. തിരഞ്ഞെടുപ്പ് തോല്‍വി, കൊടകര കുഴല്‍പ്പണ കേസ് എന്നീ വിഷയങ്ങളിലാണ് വിമര്‍ശനം ഉയര്‍ന്നത്. സംഘടനാ സെക്രട്ടറിയും അധ്യക്ഷനും കേന്ദ്ര മന്ത്രിയും ചേര്‍ന്ന് എടുക്കുന്ന തീരുമാനങ്ങളാണ് പാര്‍ട്ടിയില്‍ നടക്കുന്നതെന്ന് കൃഷ്ണദാസ് പക്ഷം വിമര്‍ശിച്ചു. പാര്‍ട്ടിയില്‍ സമഗ്രമായ അഴിച്ചുപണി വേണമെന്നും കോര്‍ കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു.
"
https://www.facebook.com/Malayalivartha

























