പെരുമ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തുക്കൾ അറസ്റ്റിൽ; കൊലപാതക ശ്രമവും കഞ്ചാവു വിൽപനയും അടക്കമുള്ള കേസുകളിലെ പ്രതിയായ ജോജിയെ കൊലപ്പെടുത്തിയത് ഫോണിൽ തെറി വിളിച്ചതിന്:- നേരിട്ട് മറുപടി നല്കാനെത്തിയപ്പോൾ വീണ്ടും ചീത്ത വിളിച്ചത് പ്രകോപിപ്പിച്ചു: നെഞ്ചിലും കഴുത്തിലും കത്തി കുത്തിയിറക്കി- സംഭവത്തിൽ ഇടപെടാനോ ജോജിയെ രക്ഷപ്പെടുത്താനോ തയ്യാറാകാതെ നാട്ടുകാർ! തടയാനെത്തിയ അച്ഛന് കാലിൽ കുത്തേറ്റു

പെരുമ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. സ്വന്തം വീട്ടുമുറ്റത്ത് 22 കാരനായ പെരുമ്പിള്ളി ഈച്ചിരവേലില്‍ ജോജി മത്തായി ക്രിമിനില്‍ സംഘങ്ങളുടെ കത്തിയ്ക്ക് ഇരയായി മരിക്കുകയായിരുന്നു. സംഭവത്തിൽ മുളന്തുരുത്തി ഇടപ്പാറമറ്റത്തിൽ അതുൽ (25), വടക്കൻ പറവൂർ താണിപ്പാടത്ത് മിഥുൻ (25), ഉദയംപേരൂർ പണ്ടാരപാട്ടത്തിൽ ശരത്ചന്ദ്രൻ (27) എന്നിവർ അറസ്റ്റിലായി.
സംഭവത്തെ തുടർന്ന് രക്ഷപ്പെട്ട സംഘത്തെ പുത്തൻകുരിശ് വടവുകോടിനു സമീപത്തുനിന്നാണ് മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം നടക്കുന്നതും ജോജി കൊല്ലപ്പെടുന്നതും. രണ്ടു ബൈക്കുകളിലായി ജോജിയുടെ വീട്ടിലെത്തിയ യുവാക്കൾ വാക്കുതർക്കത്തിനൊടുവിൽ ആക്രമിക്കുകയായിരുന്നു.
നെഞ്ചിലും കഴുത്തിലും കുത്തേറ്റ ജോയി പിടഞ്ഞ് നിലത്തുവീണു. തടയാനായി ഓടിചെന്ന പിതാവ് മത്തായിക്ക് കാലില്‍ കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും മുളന്തുരുത്തി പൊലീസെത്തി ഉടൻ കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജോജിയെ രക്ഷിക്കാനായില്ല. സംഭവത്തെത്തുടർന്ന് പ്രതികൾ രക്ഷപ്പെട്ടിരുന്നെങ്കിലും ഇവരുടെ ഒരു ബൈക്ക് കണ്ടെത്തിയിരുന്നു.
ലഹരിമരുന്ന് വില്പന, കൊലപാതകശ്രമം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ജോജി. അക്രമികളുടെ പേരുകൾ മരിക്കുന്നതിന് മുമ്പ് ജോജി പോലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പുത്തൻകുരിശ് വടവുകോടിനു സമീപത്ത് വച്ച് പിടിയിലാകുന്നത്.
കേസിൽ പ്രതികളായ നാലംഗ സംഘവും കൊല്ലപ്പെട്ട പെരുമ്പിള്ളി ഈച്ചിരവേലിൽ ജോജി മത്തായിയും സൃഹൃത്തുക്കളാണ്. ഒന്നിച്ച് കഞ്ചാവ് ഉപയോഗിക്കുന്നവരാണിവർ. പക്ഷെ കൊലപ്പെടുത്തിയത് എന്തിനാണെന്ന ചോദ്യത്തിന് ഇവർ നൽകിയ മറുപടി പൊലീസിനെയും ഞെട്ടിച്ചു.
ജോജി തെറിവിളിച്ചത്രെ, അതും മൊബൈൽ ഫോണിൽ. ഇതിനു നേരിട്ടു മറുപടി നൽകാമെന്നു പറഞ്ഞെത്തിയതാണ് കൊലയാളി സംഘം. വീട്ടിലെത്തിയപ്പോഴും അസഭ്യം തുടർന്നതോടെ പ്രകോപിതരായ സംഘം കത്തി ഉപയോഗിച്ചു കുത്തുകയായിരുന്നു. നെഞ്ചിലും കഴുത്തിനുമേറ്റ ഗുരുതര മുറിവാണ് ജോജിയുടെ മരണത്തിനിടയാക്കിയത്. അക്രമം തടയാനെത്തിയ പിതാവിനും കുത്തേറ്റു.
സംഭവത്തിൽ ഇടപെടാനോ ജോജിയെ രക്ഷപ്പെടുത്താനോ നാട്ടുകാർ മുതിർന്നില്ല. ഒടുവിൽ മുളന്തുരുത്തി പൊലീസെത്തി ആംബുലൻസ് വരുത്തിയാണ് ഇരുവരെയും കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചത്. പ്രതികൾ സഞ്ചരിച്ച ഒരു ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
കുത്താൻ ഉപയോഗിച്ച കത്തിയും ബൈക്കും ഉപേക്ഷിച്ചാണ് അക്രമികൾ രക്ഷപ്പെട്ടത്. ഇവരിൽ ഒരാൾ മറ്റൊരു കൊലപാതക കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha