വിദ്യാര്‍ഥിനികളുടെ ചിത്രം മൊബൈലില്‍ പകര്‍ത്തി; അന്യസംസ്ഥാനക്കാരന്‍ പിടിയില്‍

കോളജ് വിദ്യാര്‍ത്ഥിനികളുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ അന്യസംസ്ഥാനക്കാരനായ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശിയായ ഖൊബ്‌റാബ്ദീന്‍ ഷേക്കിന്റെ മകന്‍ കോശ്ബര്‍ ഷേക്ക് (21) ആണ് പിടിയിലായത്.
ആദ്യം ഇയാള്‍ ഫോട്ടോ എടുത്തില്ലായെന്നുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയും നാട്ടുകാരോട് കയര്‍ക്കുകയും ചെയ്തു. എന്നാല്‍ ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടികളുടെ ചിത്രം കണ്ടെത്താന്‍ കഴിഞ്ഞത് രംഗം വഷളാക്കി. കുറേ ദിവസങ്ങളായി കോളജ് വിദ്യാര്‍ഥിനികളെ പിന്തുടര്‍ന്ന് കാരിക്കോട് പ്രദേശത്ത് കാത്തുനില്‍ക്കുകയും ആംഗ്യങ്ങള്‍ കാണിച്ച് ഇവരെ വലയിലാക്കാന്‍ ശ്രമിച്ചിരുന്നതായും പെണ്‍കുട്ടികള്‍ നാട്ടുകാരോട് പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയും യുവാവിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
ഇന്നലെ രാവിലെ 8.30ന് കാരിക്കോട് ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. കെട്ടിട നിര്‍മാണ തൊഴിലാളിയായ യുവാവ് ന്യൂമാന്‍ കോളജിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനികളുടെ ചിത്രമാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. ചിത്രം പകര്‍ത്തിയത് ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടികള്‍ സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷാത്തൊഴിലാളികളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ തടഞ്ഞുനിര്‍ത്തി.
സൈബര്‍ നിയമപ്രകാരം ജാമ്യമില്ലാത്ത വകുപ്പാണെങ്കിലും പൂവാല ശല്യത്തിന് മാത്രം കേസെടുത്തശേഷം യുവാവിനെ ജാമ്യത്തില്‍ വിട്ടയച്ചു.
https://www.facebook.com/Malayalivartha
























