സമദൂരക്കാരുടേയും ചെങ്കൊടിക്കാരുടേയും ചങ്കിടിക്കും… ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ വെള്ളാപ്പള്ളി ഡല്‍ഹിയില്‍; ഫലിക്കുന്നത് മോഡിയുടെ അമിത്ഷാ മന്ത്രങ്ങള്‍

അവസാനം മോഡിയുടെ തന്ത്രങ്ങള്‍ കേരളത്തില്‍ ഫലം കണ്ടു തുടങ്ങി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി വേദി പങ്കുവച്ച് സമുദായത്തിന്റെ ആദരവ് പിടിച്ചുപറ്റാന്‍ മോഡിക്കായി. പ്രധാനമന്ത്രി ആയതിനു ശേഷം കേരളത്തിലെ പ്രബല സമുദായമായ എസ്എന്‍ഡിപിയെ ഒപ്പം കൂട്ടാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് മോഡി നിര്‍ദ്ദേശം നല്‍കി. അമിത്ഷായുടെ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടു തുടങ്ങി.
കേരളത്തിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു യോഗ്യരായ സ്ഥാനാര്‍ഥികളെ നല്‍കാനും പിന്തുണയ്ക്കാനും തയാറാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്നെ തുറന്നു പറഞ്ഞു. മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളും കേരള കോണ്‍ഗ്രസും വരെ സ്ഥാനാര്‍ഥികളെ തേടി എസ്എന്‍ഡിപിയെ സമീപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുകളില്‍ ഇത്രകാലം പലരെയും സഹായിച്ചെങ്കിലും സമുദായത്തിനു പ്രത്യുപകാരമൊന്നുമുണ്ടായിട്ടില്ല.
രാജ്യം ഭരിക്കുന്ന ബിജെപിയോട് എസ്എന്‍ഡിപിക്ക് അയിത്തമില്ലെന്നും വെള്ളാപ്പള്ളി നിലപാടു വ്യക്തമാക്കി. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തും ബിജെപി നേതൃത്വവുമായി നല്ല ബന്ധത്തിലായിരുന്നു. എസ്എന്‍ഡിപി യോഗം നേരിട്ടു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയില്ലെങ്കിലും യോഗ നേതൃനിരയിലുള്ളവര്‍ സമുദായ താല്‍പര്യം സംരക്ഷിക്കാനായി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയാല്‍ പ്രശ്‌നാധിഷ്ഠിത പിന്തുണ നല്‍കുമെന്നു വെള്ളാപ്പള്ളി പറഞ്ഞു. കൊല്ലത്ത് ആര്‍.ശങ്കറിന്റെ പ്രതിമ അനാഛാദനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാനും ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്താനുമായി ഡല്‍ഹിയിലെത്തിയതാണ് അദ്ദേഹം.
ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിനു അന്ത്യോപചാരമര്‍പ്പിക്കാന്‍ നരേന്ദ്ര മോദി പോയതിനാല്‍ ചര്‍ച്ച മാറ്റി വച്ചു. ഇന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി വെള്ളാപ്പള്ളി നടേശനും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും ചര്‍ച്ച നടത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരനും ചര്‍ച്ചയില്‍ പങ്കെടുക്കും.
കേരളത്തില്‍ ന്യൂനപക്ഷ ജനസംഖ്യയില്‍ വര്‍ധനയുണ്ടായിട്ടുണ്ടെങ്കിലും ഏകദേശം 90 നിയമസഭാ മണ്ഡലങ്ങളില്‍ ഹിന്ദു വോട്ടര്‍മാര്‍ക്കാണു ഭൂരിപക്ഷമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ബിജെപി എസ്എന്‍ഡിപി ധാരണയുണ്ടാക്കിയാല്‍ വന്‍ മുന്നേറ്റത്തിനു സാധ്യതയുണ്ടെന്നും കേന്ദ്ര നേതൃത്വം കരുതുന്നു. ബിജെപി സംസ്ഥാന ഘടകത്തിലെ നേതൃത്വ ദൗര്‍ബല്യവും ദൗര്‍ലഭ്യവും എസ്എന്‍ഡിപി സഖ്യത്തിലൂടെ പരിഹരിക്കാനാണ് പദ്ധതി.
എസ്എന്‍ഡിപിക്കു 6500 ശാഖകളും 74,000 മൈക്രോ ഫിനാന്‍സ് യൂണിറ്റുകളുമുള്ളത് ഏതൊരു കേഡര്‍ പാര്‍ട്ടിയുമായും കിടപിടിക്കുന്ന സംഘടനാ സംവിധാനമാണെന്നു ബിജെപി കരുതുന്നു. മൈക്രോ ഫിനാന്‍സ് പദ്ധതിയിലൂടെ 4100 കോടി രൂപ സമുദായാംഗങ്ങളുടെ ഉപജീവന പദ്ധതികള്‍ക്കായി ലഭ്യമാക്കിയ എസ്എന്‍ഡിപി നേതൃത്വത്തോടു സമുദായത്തിനുള്ള വിശ്വാസം രാഷ്ട്രീയമായി മുതലെടുക്കാനാണു ബിജെപിയുടെ പദ്ധതി. രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ എസ്എന്‍ഡിപി യോഗത്തിനുള്ളില്‍ സമ്മര്‍ദ്ദം ശക്തമാകുന്നതും അനുകൂല സാഹചര്യമായാണ് ബിജെപി കാണുന്നത്. ഹിന്ദു ഏകീകരണത്തിനായി വാദിക്കുന്ന വെള്ളാപ്പള്ളിയുടെ നിലപാടുകളും ബിജെപി രാഷ്ട്രീയത്തിനു സഹായകമാണ്.
അതേസമയം ആകെ അങ്കലാപ്പിലാകുന്നത് ഇടതുപക്ഷപാര്‍ട്ടികളാണ്. ബിജെപി വോട്ട് നേടിയാല്‍ എന്ത് ഉണ്ടാകുമെന്ന് അരുവിക്കര ഉപതെരഞ്ഞെടുപ്പിലൂടെ കണ്ടതാണ്. ഇടതുപക്ഷ അനുഭാവികളില്‍ ബഹുഭൂരിപക്ഷവും ഈഴവ സമുദായമാണ്. ആ പ്രബലവിഭാഗം ഒന്നാകെ ഒലിച്ചുപോയാല്‍…
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























