ആദരാഞ്ജലിയുമായി ആ അധിക മണിക്കൂര്‍

ഞാന്‍ മരിച്ചാല്‍ അവധി പ്രഖ്യാപിക്കരുത്. എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ അവധിക്കു പകരം ഒരുദിവസം അധികം ജോലി ചെയ്യുക എന്ന ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ വാക്കുകള്‍ അന്വര്‍ഥമാക്കാന്‍ സ്ഥാപനങ്ങളും വിദ്യാലയങ്ങളും മുന്നോട്ടു വന്നു. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം തൃക്കണാപുരം കെല്‍ട്രോണ്‍ സെറാമിക്‌സിലെ 110 ജീവനക്കാരും എംഡി കെ. വിജയകുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ ഒരു മണിക്കൂര്‍ അധികം ജോലിചെയ്തു മാതൃകയായി. ജീവനക്കാരാണ് ഈ ആവശ്യം മുന്നോട്ടുവച്ചത് എന്നത് ശ്രദ്ധേയമാണ്.
തൃശൂര്‍ കല്ലേറ്റുംകര റയില്‍വേ സ്‌റ്റേഷനിലെ ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടര്‍ ഇന്നലെ ഒരു ഷിഫ്റ്റ് അധികം പ്രവര്‍ത്തിപ്പിച്ചു. മനോരമയിലെ വാര്‍ത്തയിലൂടെയാണു കലാമിന്റെ ആഗ്രഹം അറിഞ്ഞതെന്നു ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ പറഞ്ഞു. കാസര്‍കോട്ടെ അരയി ഗവ. യുപി സ്‌കൂള്‍ ഇന്നലെ ഒരു മണിക്കൂര്‍ അധികം പ്രവര്‍ത്തിച്ചു. അടുത്ത അഞ്ചു ദിവസങ്ങളിലും ഇതു തുടരും. തളിപ്പറമ്പ് സര്‍ സയ്യിദ് സ്‌കൂള്‍, കോഴിക്കോട് വളയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാസര്‍കോട് ഉപ്പള ഷിറിയ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, തിരൂരങ്ങാടി കൊടിഞ്ഞി കടുവള്ളൂര്‍ എഎംഎല്‍പി സ്‌കൂള്‍ എന്നിവയിലും ഇന്നലെ അധികസമയം ക്ലാസുണ്ടായിരുന്നു. സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ കലാമിനോടുള്ള ആദരസൂചകമായി ഒരു ദിവസം അധികം ജോലിചെയ്യാന്‍ തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി കോര്‍പറേഷനു കീഴിലെ എല്ലാ ഓഫിസുകള്‍ക്കും ഓഗസ്റ്റ് രണ്ട് പ്രവൃത്തിദിവസമായിരിക്കുമെന്നു മാനേജിങ് ഡയറക്ടര്‍ അറിയിച്ചു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ എല്ലാ ശാഖകളും ഈ ഞായറാഴ്ച സന്നദ്ധ പ്രവര്‍ത്തനം നടത്തും. അവയവദാനം പ്രചരിപ്പിക്കാനും നിര്‍ധനര്‍ക്കു സൗജന്യപരിശോധനയും ചികില്‍സയും നല്‍കാനുമാണു തീരുമാനം. \'പ്രണാം അബ്ദുല്‍ കലാം\' എന്നാണ് ഐഎംഎ പദ്ധതിയുടെ പേര്.
ഓഗസ്റ്റ് രണ്ടിനു പാലക്കാട് നഗരസഭാ ഓഫിസ് തുറന്നു പ്രവര്‍ത്തിക്കും. സാധാരണ പ്രവൃത്തിദിവസങ്ങളില്‍ ലഭിക്കുന്ന എല്ലാ സേവനങ്ങളും അന്നു നഗരസഭയില്‍ നിന്നു ലഭിക്കും. അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ ആരും അവധിയെടുക്കില്ല. ജനപ്രതിനിധികളും നഗരസഭയിലെത്തുമെന്നു ചെയര്‍മാന്‍ പി.വി. രാജേഷ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ നഗരസഭ ഉച്ചവരെ പ്രവര്‍ത്തിക്കും. കാസര്‍കോട് ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും ഓഗസ്റ്റ് രണ്ടിനു തുറന്നു പ്രവര്‍ത്തിക്കാന്‍ പഞ്ചായത്തു സെക്രട്ടറിമാരുടെ യോഗം തീരുമാനിച്ചു.
കരുനാഗപ്പള്ളി തുറയില്‍കുന്ന് എസ്എന്‍ യുപി സ്‌കൂളില്‍ ഈ ശനിയാഴ്ച അധ്യയനം നടത്തും. മലപ്പുറം എംസിടി ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓള്‍ കേരള സെല്‍ഫ് ഫിനാന്‍സിങ് സ്‌കൂള്‍ ഫെഡറേഷനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ശനിയാഴ്ചയും പ്രവര്‍ത്തിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























