ലില മടങ്ങുന്നു, തെരുവില്‍ നിന്നെടുത്ത നാലു നായ്ക്കുട്ടികളെയും കൂട്ടി...

ഇന്ത്യയില്‍ കാലുകുത്തിയപ്പോഴേ ലില ഗഫാരിയെന്ന കാനഡക്കാരിക്കു കിട്ടിയത് ,കേരളത്തിലേക്കു പോകേണ്ട, നായ്ക്കളുടെ കടിയേല്‍ക്കും എന്ന ഉപദേശമാണ്. എന്നാല്‍ ഇപ്പാള്‍ കാനഡയിലേക്ക് തിരിച്ചുപോകാന്‍ സമയമായപ്പോള്‍ കൂടെപ്പോകാന്‍ തെരുവില്‍ നിന്നെടുത്ത് ലില ഗഫാരി ഓമനിച്ചുവളര്‍ത്തിയ നാലു നായ്ക്കുട്ടികളുമുണ്ട്. തെരുവുനായ്ക്കളെ പേടിച്ചു നാട്ടുകാരും നാടു ഭരിക്കുന്നവരും നെട്ടോട്ടമോടുമ്പോള്‍, അവയെ കൊല്ലാനും കൊല്ലാതിരിക്കാനും വാളെടുക്കുമ്പോള്‍, ഈ വിദേശി വനിത കാണിക്കുന്ന കരളലിവ് ആരെയുമൊന്ന് അമ്പരപ്പിക്കും.
വയനാട്ടിലെ തോല്‍പ്പെട്ടിയില്‍ ആയുര്‍വേദ ചികില്‍സയ്‌ക്കെത്തിയതാണു ലില. അവിടെ മൃതപ്രായരായ അഞ്ചു നായ്ക്കളെ ഇവര്‍ കണ്ടു. അതോടെ ചങ്കു കലങ്ങി. അഞ്ചിനെയും എടുത്തു മുറിയില്‍ പാര്‍പ്പിച്ചു. ഡോക്ടറുടെ അടുത്തെത്തിച്ചു ചികില്‍സ നല്‍കി. നായ്ക്കളില്‍ ഒന്നിന്റെ നില ഗുരുതരമായിരുന്നു. ഉദയഗിരിയിലെ കളരി ട്രെയ്‌നറായ കോഴിക്കോട് സ്വദേശി പി. ജിനീഷാണു കോഴിക്കോട് എലത്തൂര്‍ മൃഗാശുപത്രിയിലെ ഡോ. ഷാജഹാന്‍ വഹീദിനെ പരിചയപ്പെടുത്തിയത്. അതോടെ മാനേജര്‍ ടി.പി. അജിത്തിന്റെ സഹായത്തോടെ അഞ്ചു നായ്ക്കളും ലിലയും ചുരമിറങ്ങി. അപ്പോഴേക്കും ന്യുമോണിയ ബാധിച്ച നായ ചത്തു. കുടുംബത്തിലെ ആരോ മരിച്ച അലമുറയായിരുന്നു ലില ഗഫാരി.
ഒരാഴ്ചത്തെ ചികില്‍സയ്ക്കു ശേഷം നാലു നായ്ക്കളും ഇപ്പോള്‍ ഉഷാറായി. കുത്തിവയ്പുകളെല്ലാം എടുത്തു യാത്രയ്ക്കു തയാറായ മട്ടാണ്. ഇന്ത്യഗോലി, സുസ്‌കി, ഷാങ്ഗൂല്‍, മാങ്ഗ്ഹൂല്‍.. എല്ലാവരെയും ലില പേരു പറഞ്ഞ് ഒക്കത്തെടുത്തു കൊണ്ടാണ് നടക്കുന്നത്.
ലില നഗരത്തിലെ ഹോട്ടലില്‍ താമസിക്കുമ്പോഴും നായ്ക്കളുടെ താമസം തലവേദനയായി. ഒരു ഹോട്ടലുകാരും നായ്ക്കളെ കയറ്റില്ല. മാക്‌സ്‌ഷോ കെന്നല്‍ ഉടമ മഹേഷ്, ട്രെയ്‌നര്‍മാരായ ശ്രീലേഷ്, നിമേഷ്, മനു എന്നിവരാണ് ഇവിടെ തുണയ്‌ക്കെത്തിയത്. ഇവര്‍ വാടയ്‌ക്കെടുത്തു നല്‍കിയ വീട്ടിലാണു നായ്ക്കളുടെ താമസം. നായ്ക്കളെ ആശുപത്രിയിലെത്തിക്കുന്നതിനും ഇവരുടെ സഹായമുണ്ട്. കാനഡയുടെ തലസ്ഥാനമായ ഓട്ടവയില്‍ നിന്നു മേയിലാണു ലില വയനാട്ടിലെത്തിയത്.
പേര്‍ഷ്യന്‍ വംശജയായ ഇവര്‍ അവിടെ ഫ്രഞ്ച് ടീച്ചറാണ്. ഇംഗ്ലിഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, പേര്‍ഷ്യന്‍ ഭാഷകള്‍ സംസാരിക്കും. ഭര്‍ത്താവ് ന്യൂക്ലിയര്‍ എന്‍ജിനീയര്‍. നായ്ക്കളെ കാനഡയിലെത്തിച്ചാല്‍ നാലില്‍ ഒന്നിനെ ഇവര്‍ തന്നെ എടുക്കും. മൂന്നെണ്ണത്തിനെ കൂട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കുമായി നല്‍കും. ഈ നാലിനെയും ഇതുവരെയെത്തിക്കാന്‍ അര ലക്ഷത്തിലധികം രൂപയാണു ലിലയുടെ പഴ്‌സില്‍നിന്നു പൊട്ടിയത്. അതോടെ ഉത്തരേന്ത്യ കാണണമെന്ന ആഗ്രഹം മാറ്റിവച്ചു.
നായ്ക്കളുടെ പരുക്കും മാറി. കുത്തിവയ്പ് എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റും കിട്ടി. ഇനി ഇവയെ കാനഡയിലെത്തിക്കുന്നതാണു കടമ്പ. ചെലവാക്കാന്‍ കയ്യില്‍ അധികം ബാക്കിയില്ല. ഇവയെ കാനഡയില്‍ എത്തിക്കാന്‍ രേഖകളുടെ കുരുക്ക് അഴിക്കാന്‍ ആരെങ്കിലും സഹായിക്കുമോയെന്നാണു ലിലയ്ക്ക് അറിയേണ്ടത്. ഓഗസ്റ്റ് 25ന് ആണ് ഇവര്‍ തിരിച്ചുപോകുന്നത്. ആരെങ്കിലും ഈ ആത്മാര്‍ഥത ഉള്‍ക്കൊള്ളുമെന്ന പ്രതീക്ഷയിലാണു ലില.
കുഞ്ഞുങ്ങളില്ലാത്ത ലിലയ്ക്കു കേരളത്തിലെ പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാന്‍ മോഹമുണ്ട്. അതിനായി ഒരിക്കല്‍ കൂടി വരണമെന്നുമുണ്ട്. പിന്നെ കുഞ്ഞുന്നാളിലേയുള്ള ആഗ്രഹം ലില വെളിപ്പെടുത്തി. ഒരു പെണ്‍കുട്ടിയെ ദത്തെടുക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























