തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍

വിളപ്പില്‍ശാല മാലിന്യ പ്ലാന്റ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജിയില്‍ തിരുവനന്തപുരം നഗരസഭയ്ക്കു ദേശീയ ഹരിത ട്രൈബ്യൂണല്‍ ദക്ഷിണേന്ത്യന്‍ ബെഞ്ചിന്റെ വിമര്‍ശനം. ജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഗണിക്കാതെയുള്ള മാലിന്യനിര്‍മാര്‍ജനം അംഗീകരിക്കാനാവില്ലെന്നു ജസ്റ്റിസ് പി. ജ്യോതിമണിയും വിദഗ്ധ അംഗം ആര്‍. നാഗേന്ദ്രനുമുള്‍പ്പെട്ട ട്രൈബ്യൂണല്‍ ദക്ഷിണേന്ത്യന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. അന്തിമ വാദം പൂര്‍ത്തിയായ ഹര്‍ജിയിന്‍മേല്‍ വിധി പറയാനായി മാറ്റിവച്ചു.
വിളപ്പില്‍ശാലയിലെ മാലിന്യ പ്ലാന്റ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു സംയുക്ത സമരസമിതിയാണു ഹര്‍ജി നല്‍കിയത്. പ്ലാന്റ് മാറ്റിസ്ഥാപിക്കാനാകില്ലെന്ന നഗരസഭയുടെ വാദം അംഗീകരിക്കാനാവില്ലെന്നു ബെഞ്ച് നിരീക്ഷിച്ചു. മാലിന്യങ്ങള്‍ മുഴുവന്‍ വിളപ്പില്‍ശാലയില്‍ കൊണ്ടുപോയി തള്ളുന്നതല്ലാതെ അവിടത്തെ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി നഗരസഭ ഒന്നും ചെയ്യുന്നില്ലെന്നും കുറ്റപ്പെടുത്തി.
90 ടണ്‍ മാലിന്യമാണു ദിവസേന ഇവിടെ തള്ളാന്‍ കഴിയുക. എന്നാല്‍, അതിലും എത്രയോ ഇരട്ടി മാലിന്യമാണു ദിനംപ്രതി തള്ളുന്നതെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. മാലിന്യ പ്ലാന്റ് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനായി രോഗബാധിതരായ നാട്ടുകാരുടെ ചിത്രങ്ങള്‍ ഇവര്‍ ട്രൈബ്യൂണലില്‍ സമര്‍പ്പിച്ചു. എന്നാല്‍, ഈ ചിത്രങ്ങള്‍ വ്യാജമാണെന്നായിരുന്നു നഗരസഭയുടെ നിലപാട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























