ഇത് അവസാനത്തെ വധശിക്ഷയാകട്ടെ... മേമന്റെ വധശിക്ഷയ്‌ക്കെതിരെ എംഎല്‍എ വി ടി ബല്‍റാമിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

ഇന്ത്യയിലെ അവസാനത്തെ വധശിക്ഷയാകട്ടെ എന്ന് അവസാനിപ്പിച്ചാണ് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം യാക്കൂബിന്റെ വധശിക്ഷയ്‌ക്കെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടത്. വധശിക്ഷയെന്നത് ജനാധിപത്യ രാജ്യത്തിന്റെ നിയസംഹിതക്ക് ചേര്‍ന്നതല്ലെന്ന് പോസ്റ്റില്‍ ബല്‍റാം വ്യക്തമാക്കുന്നു.
എന്നാല്‍ വര്‍ഗീയ ചുവയുള്ള ആരോപണങ്ങള്‍ക്കൊണ്ട് വധശിക്ഷയെ എതിര്‍ക്കുന്നത് കൂടുതല്‍ അപകടമുണ്ടാക്കുമെന്നും മേമന്റെത് ഇന്ത്യയിലെ അവസാനത്തെ വധശിക്ഷയായിരിക്കട്ടെയെന്ന് പ്രത്യാശിക്കുന്നതായും ബല്‍റാം പറയുന്നു. പാര്‍ട്ടിയുടെ പൊതു നിലപാടിന് വിരുദ്ധമായാണ് ബല്‍റാമിന്റെ പോസ്റ്റിട്ടിരിക്കുന്നത്. മേമന്റെ വധശിക്ഷയ്‌ക്കെതിരെ ഇന്നലെ സംവിധായകന്‍ ആഷിക് അബു രംഗത്തെത്തിയിരുന്നു. ബല്‍റാമിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് താഴെ ചേര്‍ക്കുന്നു.
വധശിക്ഷ എന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ നിയമസംഹിതകളിലുണ്ടാവുന്നത് ആധുനികതക്കും മാനവികതക്കും ചേര്‍ന്നതല്ല. പ്രതികാരം എന്നത് കേവല വ്യക്തികളുടെ സ്വാഭാവിക ചോദന ആയിരിക്കാം, എന്നാല്‍ അതൊരിക്കലും ഒരു ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ആള്‍ക്കൂട്ടത്തിന്റെ ആക്രോശങ്ങള്‍ക്കനുസരിച്ച് അക്രമോത്സുകമാവുന്ന ഒരു മോബോക്രസി യായല്ല, പക്വമായ നിലപാടുകളും വിശാലമായ ദീര്‍ഘവീക്ഷണങ്ങളും ആധുനിക മനോഭാവങ്ങളുമുള്ള ഒരു ഡമോക്രസിയായാണു ഭാരതം മുന്നോട്ട് പോകേണ്ടത്.
പക്ഷേ, അപ്പോഴും പരമാവധി ശിക്ഷയായി വധശിക്ഷ നിയമാനുസൃതം നിലനില്‍ക്കുന്ന നമ്മുടേത് പോലുള്ള ഒരു രാജ്യത്ത് നീതിന്യായ കോടതികള്‍ അവക്ക് മുന്നിലെത്തുന്ന തെളിവുകള്‍ വിവിധ തലങ്ങളില്‍ പരിഗണിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് ആ ശിക്ഷ വിധിച്ചിട്ടുണ്ടെങ്കില്‍, അതിന്മേല്‍ രാഷ്ട്രത്തലവന്‍ ഇളവ് നല്‍കാന്‍ വിസമ്മതിച്ചിട്ടുണ്ടെങ്കില്‍ പിന്നെ ആ ശിക്ഷ നടപ്പാക്കുക എന്നതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല.
അങ്ങനെ ശിക്ഷ നടപ്പാക്കാനൊരുങ്ങുമ്പോള്‍ അതിനെ വര്‍ഗ്ഗീയച്ചുവയുള്ള ആരോപണങ്ങള്‍ കൊണ്ട് എതിര്‍ക്കുന്നത് കൂടുതല്‍ അപകടകരമാണ്. ഇതിനോടനുബന്ധിച്ച് ഇന്ത്യയിലിന്നുവരെ വധശിക്ഷക്ക് വിധേയരാക്കപ്പെട്ട തീവ്രവാദികളടക്കമുള്ളവരേക്കുറിച്ച് പുറത്തുവന്ന കണക്കുകള്‍ ശരിയാണെങ്കില്‍ അത് തെളിയിക്കുന്നത് രണ്ട് കാര്യങ്ങളാണ്; ഒന്ന്, ചിലര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് പോലെ ഇക്കാര്യത്തില്‍ മുസ്ലിങ്ങള്‍ക്കെതിരായി അങ്ങനെ പ്രത്യേകമായ വേട്ടയാടലൊന്നും ഇല്ല. രണ്ട്, മറ്റ് ചിലര്‍ സ്ഥിരമായി പ്രചരിപ്പിക്കുന്നത് പോലെ \'എല്ലാ മുസ്ലീങ്ങളും തീവ്രവാദികളല്ലെങ്കിലും എല്ലാ തീവ്രവാദികളും മുസ്ലീങ്ങളാണ്\' എന്നത് വസ്തുതാപരമല്ലാത്തതും ഒരു സമൂഹത്തെ മുഴുവനായി മനപൂര്‍വ്വം സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതുമായ നുണപ്രചരണം മാത്രമാണ്.
യാക്കൂബ് മേമന്റേത് ഇന്ത്യയിലെ അവസാനത്തെ വധശിക്ഷയാകട്ടെ! മേമനേക്കാള്‍ വലിയ തീവ്രവാദികളാണ് ഇന്ന് രാഷ്ട്രാധികാരത്തിന്റെ അത്യുന്നതങ്ങളില്‍ വിഹരിക്കുന്ന പലരുമെന്ന് തിരിച്ചറിയാന്‍ പോലും കഴിയാത്തത്ര ദയനീയമാണ് നമ്മുടെ ജനാധിപത്യബോധമെന്നുള്ളതിനാല്‍ തല്‍ക്കാലം വലിയ പ്രതീക്ഷകളൊന്നും വേണ്ട എന്ന് മാത്രം... ഇതായിരുന്നു ബല്‍റാമിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























