പ്രസവത്തോടെ അമ്മ തെരുവില്‍ ഉപേക്ഷിച്ചു; പിന്നീട് എടുത്തുവളര്‍ത്തിയത് നാടോടി സ്ത്രീ; സുരേഷ്‌ഗോപിയെ കണ്ട് വർഷങ്ങളായുള്ള ജീവിത പ്രയാസങ്ങൾ പറയണമെന്ന ആഗ്രഹം സഫലമായത് ഇപ്പോൾ: ഒടുവില്‍ ശ്രീദേവിക്ക് വീട് വെക്കാന്‍ സഹായവുമായി മുന്നോട്ടുവന്ന് നടനും എം പിയുമായ സുരേഷ് ഗോപി

പ്രസവത്തോടെ അമ്മ തെരുവില്‍ ഉപേക്ഷിച്ചു, പിന്നീട് എടുത്തുവളര്‍ത്തിയത് നാടോടി സ്ത്രീ, ഒടുവില്‍ ശ്രീദേവിക്ക് വീട് വെക്കാന്‍ സഹായവുമായി മുന്നോട്ടുവന്നത് നടനും എം പിയുമായ സുരേഷ് ഗോപി.
കേരള സര്‍കാരോ കാവശ്ശേരി പഞ്ചായത്തോ വീട് വെക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതനുസരിച്ച് അഞ്ചു മുതല്‍ ആറു ലക്ഷം രൂപ വരെ ചെലവഴിച്ച് വീട് വെക്കാന്‍ സഹായം നല്‍കുമെന്നാണ് ശ്രീദേവിയെ സന്ദര്‍ശിച്ചശേഷം സുരേഷ് ഗോപി എം പി ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് കൃഷ്ണദാസിനോട് അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപി ശ്രീദേവിയെ വീട്ടിലെത്തി സന്ദര്‍ശിച്ചത്. സുരേഷ്‌ഗോപിയെ കണ്ട് ജീവിത പ്രയാസങ്ങള്‍ പറയണമെന്ന ശ്രീദേവിയുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് ഇതോടെ സഫലമായിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലപ്പുറം കോഴിച്ചെനയില്‍, പ്രസവത്തോടെ അമ്മ തെരുവില്‍ ഉപേക്ഷിച്ച ശ്രീദേവിയെ പിന്നീട് ഒരു നാടോടി സ്ത്രീയാണ് എടുത്തു വളര്‍ത്തിയത്. ഏഴു വയസു മുതല്‍ ആലുവ ജനസേവ ശിശുഭവനില്‍ കഴിഞ്ഞ ശ്രീദേവിയെ 2015ല്‍ കാവശ്ശേരി സ്വദേശി സതീഷ് വിവാഹം കഴിച്ചു. ഇവര്‍ക്ക് ശിവാനി എന്നുപേരുള്ള നാലു വയസുള്ള മകളുമുണ്ട്.
അന്ന് നാടോടി സ്ത്രീയോടൊപ്പമുള്ള ശ്രീദേവിയുടെ ജീവിതം വാര്‍ത്തകളിലൂടെ അറിയാനിടയായ സുരേഷ് ഗോപി വീട് വെച്ച് നല്‍കാമെന്ന് വാഗ്ദാനം നൽകിയിരുന്നു. എന്നാല്‍ അപ്പോഴേയ്ക്കും ശ്രീദേവിയെ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പിന്നീട് ഒരു സിനിമാ ചിത്രീകരണത്തിനിടെ ജനസേവ ശിശുഭവനില്‍ വെച്ചും സുരേഷ് ഗോപി ശ്രീദേവിയെ കണ്ടിരുന്നു.
പാലക്കാട് നഗരസഭയില്‍ സുരേഷ് ഗോപി പങ്കെടുക്കുന്ന ചടങ്ങില്‍ വെച്ച് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാം എന്നായിരുന്നു ബിജെപി നേതാക്കള്‍ കരുതിയിരുന്നത്. എന്നാല്‍ ശ്രീദേവിയെ കുറിച്ച് കേട്ടറിഞ്ഞതോടെ വീട്ടില്‍ ചെന്ന് കാണാന്‍ സുരേഷ് ഗോപി തീരുമാനിക്കുകയായിരുന്നു.
ശ്രീദേവിയെയും കുടുംബത്തെയും കാണാന്‍ മധുര പലഹാരങ്ങളുമായാണ് സുരേഷ് ഗോപി എത്തിയത്. ഇഷ്ടതാരത്തെ നേരില്‍ കണ്ടതോടെ ശ്രീദേവി കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു. ശ്രീദേവിയുടെ വിശേഷങ്ങള്‍ അറിഞ്ഞ്, സങ്കടങ്ങള്‍ കേട്ട് ആശ്വസിപ്പിച്ചാണ് താരം മടങ്ങിയത്.
https://www.facebook.com/Malayalivartha


























