പ്രവാസലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി അവര്‍ നാലുപേരും യാത്രയായി

അബുദാബിദുബായ് റോഡിലെ ഗന്തൂത്തിനടുത്തുണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞുപോയ നാലു സഹോദരങ്ങള്‍ക്കും പ്രവാസലോകം കണ്ണീരോടെ വിടചൊല്ലി. മലപ്പുറം തിരൂര്‍ കിഴിശ്ശേരി സ്വദേശി അബ്ദുല്‍ ലത്തീഫിന്റെയും റുക്‌സാനയുടെയും മക്കളായ അഷാസ്(14), അമ്മാര്‍(12), അസാം(8), അയാഷ്(5) എന്നിവര്‍ക്ക് ദുബായുടെ മണ്ണില്‍ അന്ത്യനിദ്ര. ഇന്ന്(ചൊവ്വ) വൈകിട്ട് നാലോടെ ദുബായ് മുഹൈസിനയിലെ അല്‍ ഷുഹാദ പള്ളിയില്‍ നടന്ന ജനാസ നമസ്‌കാരത്തിന് പിന്നാലെയായിരുന്നു ഖബറടക്കം.
കുട്ടികള്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ നൂറു കണക്കിന് പേര്‍ എത്തിയിരുന്നു. നേരത്തെ ഉച്ചയ്ക്ക് നിശ്ചയിച്ചിരുന്ന സംസ്‌കാര ചടങ്ങുകള്‍ പിന്നീട് വൈകിട്ടത്തേയ്ക്ക് മാറ്റുകയായിരുന്നു. അബുദാബിയിലെ പ്രാര്‍ഥനകള്‍ക്ക് ശേഷം മക്കളുടെ കുഞ്ഞുമുഖം അബുദാബി ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന മാതാപിക്കളായ അബ്ദുല്‍ ലത്തീഫിനെയും റുക്‌സാനയും ഏക സഹോദരി ഇസ്സയ്ക്കും അവസാനമായി കാണിച്ച ശേഷം ദുബായില്‍ എത്തിച്ചു.
മക്കളുടെ കുഞ്ഞുമുഖങ്ങള്‍ അവസാനമായി കണ്ടു വിങ്ങിക്കരയുന്ന പിതാവ് അബ്ദുല്‍ ലത്തീഫിന്റെയും ഇസ്സയുടെയും കരയാന്‍ പോലുമാകാത്ത റുക്‌സാനയുടെയും കാഴ്ച ആശുപത്രിയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. പരുക്കുകള്‍ അവഗണിച്ചും വീല്‍ചെയറില്‍ മക്കളെ അവസാനമായി യാത്രയാക്കാന്‍ അബ്ദുല്‍ ലത്തീഫ് ദുബായിലേയ്ക്ക് എത്തിയിരുന്നു.
പ്രാര്‍ഥനയ്ക്ക് ശേഷം പിഞ്ചുമക്കളുടെ ചേതനയറ്റ ശരീരം ഖബറിലേക്കെടുക്കുമ്പോള്‍ തളര്‍ന്നിരുന്ന അദ്ദേഹത്തെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും വിങ്ങിപ്പൊട്ടി. ലിവ ഫെസ്റ്റിവല്‍ കണ്ട് മടങ്ങുന്നതിനിടെ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ദാരുണ സംഭവം. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞായിരുന്നു ദുരന്തം. മൂന്ന് കുട്ടികളും ഇവരുടെ വീട്ടുജോലിക്കാരി ബുഷ്‌റയും അപകടം നടന്ന ദിവസം തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരന്‍ അസാം കൂടി തിങ്കളാഴ്ച രാത്രി മരണത്തിന് കീഴടങ്ങിയിരുന്നു. ബുഷ്‌റയുടെ മൃതദേഹം ഇന്നലെ രാത്രി നാട്ടിലെത്തിച്ച് ഇന്ന് രാവിലെ സംസ്‌കരിച്ചിരുന്നു.
https://www.facebook.com/Malayalivartha
























